പൂന്തുറയില്‍ എസ്ഐക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവം; വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിസിപി
പരിശോധനയ്ക്ക് രക്ത സാമ്പിള്‍ നല്‍കിയതിന് ശേഷവും പൊലീസ് ഉദ്യോഗസ്ഥനോട് ഡ്യൂട്ടിയിൽ തുടരാൻ ആവശ്യപ്പെട്ടുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയില്‍ ജൂനിയര്‍ എസ്ഐക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിസിപി ദിവ്യ ഗോപിനാഥ്. റാൻഡം പരിശോധനയിലാണ് എസ്ഐ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും ഡിസിപി പറഞ്ഞു. പരിശോധനയ്ക്ക് രക്ത സാമ്പിള്‍ നല്‍കിയതിന് ശേഷവും പൊലീസ് ഉദ്യോഗസ്ഥനോട് ഡ്യൂട്ടിയിൽ തുടരാൻ ആവശ്യപ്പെട്ടുവെന്ന് ആക്ഷേപമുയരുന്നു.
പൂന്തുറ സ്റ്റേഷനിലെ ജൂനിയർ എസ്ഐക്ക് ഇന്നലെയാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗം സ്ഥീകരിച്ചതോടെ ഒപ്പമുണ്ടായിരുന്ന പൊലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ജോലി ഭാരം കൂടുന്ന സാഹചര്യത്തിൽ സമ്പർക്കപ്പട്ടികയിൽ ഉളളവരെ പോലും നിർബന്ധിച്ച് ഡ്യൂട്ടിക്ക് കയറ്റുന്നുവെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. എആർ ക്യാമ്പില്‍ ജോലി ചെയ്യുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ഇയാൾക്കൊപ്പമുണ്ടായിരുന്നവരെ നിരീക്ഷണത്തിൽ പോകാൻ അനുവദിച്ചില്ലെന്നായിരുന്നു പരാതി.