എൽഡിഎഫ് പിരിച്ച് വിട്ട് യുഡിഎഫിൽ ലയിക്കണം; സിപിഎമ്മിനെതിരെ പരിഹാസവുമായി കെ സുരേന്ദ്രൻ
നടക്കാൻ പോകുന്നത് ലോക്സഭ തെരഞ്ഞെടുപ്പാണെന്നും അതിൽ സിപിഎമ്മിന് കാര്യമായ റോളില്ലെന്നും സിപിഎം കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കണമെന്നും സുരേന്ദ്രൻ ന്യൂസ് അവറിൽ പറഞ്ഞു.
തിരുവനന്തപുരം: പശ്ചിമബംഗാളിൽ കോൺഗ്രസുമായി സിറ്റിംഗ് സീറ്റുകളിൽ മത്സരിക്കേണ്ടെന്ന സിപിഎം തീരുമാനത്തെ പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ബംഗാളിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ ധാരണയിലാണെന്ന് തുറന്ന് പറയുന്നതിൽ എന്താണ് തെറ്റെന്ന് ചോദിച്ച സുരേന്ദ്രൻ സിപിഎമ്മിന്‍റേത് പച്ചയായ അവസരവാദമാണെന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവർ ചർച്ചയിൽ ആരോപിച്ചു.
കേരളത്തിലും സിപിഎമ്മും കോൺഗ്രസും തമ്മിൽ രഹസ്യ ധാരണ നിലവിലുണ്ടെന്ന് പറഞ്ഞ സുരേന്ദ്രൻ ഇത് പരസ്യമാക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലും, മഞ്ചേശ്വരം വട്ടിയൂർക്കാവ് നിയമസഭ മണ്ഡലങ്ങളിലും ബിജെപിയെ പരാജയപ്പെടുത്താൻ സിപിഎം കോൺഗ്രസ് രഹസ്യ കൂട്ടുക്കെട്ട് പ്രവർത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞ സുരേന്ദ്രൻ പാലക്കാട് നഗരസഭയിൽ ഇപ്പോഴും ഇത് തുടർന്ന് കൊണ്ടിരിക്കുകയാണെന്നും ആരോപിച്ചു. കാസർകോട് ജില്ലയിൽ നാല് പഞ്ചായത്തുകൾ ഭരിക്കുന്നത് സിപിഎം കോൺഗ്രസ് കൂട്ടുക്കെട്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.
നടക്കാൻ പോകുന്നത് ലോക്സഭ തെരഞ്ഞെടുപ്പാണെന്നും അതിൽ സിപിഎമ്മിന് കാര്യമായ റോളില്ലെന്നും പറഞ്ഞ സുരേന്ദ്രൻ. സിപിഎം കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്രത്തിൽ മത്സരം നടക്കുന്നത് കോൺഗ്രസും ബിജെപിയും തമ്മിലാണ് അതിനിടിയിൽ സിപിഎമ്മിന് സ്ഥാനമില്ല സുരേന്ദ്രൻ പരിഹസിച്ച്.