വാതിലിൽ മുട്ട് കേട്ടത് രാത്രി 12 ന്, നൈറ്റ് ഡ്രെസിലായിരുന്നുവെന്ന് ഷാനിമോൾ; 'റഹീമിനോട് പരമപുച്ഛവും സഹതാപവും'

മുറി പരിശോധിച്ച വനിതാ പൊലീസുകാരി മടങ്ങാൻ ശ്രമിച്ചപ്പോൾ എന്ത് കിട്ടിയെന്ന് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് തടഞ്ഞെന്നും ഷാനിമോൾ

Shanimol Usman says policemen knocked door late night action hurt her personality

പാലക്കാട്: രാത്രി വൈകി പാലക്കാട് വനിതാ കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ നടന്ന പൊലീസ് പരിശോധനയെ വിമർശിച്ച് ഷാനിമോൾ ഉസ്മാൻ. പൊലീസ് രാത്രി ആദ്യം വന്നപ്പോൾ താൻ തടഞ്ഞുവെന്നും തൻ്റെ സ്ത്രീയെന്ന സ്വത്വ ബോധം ചോദ്യം ചെയ്യപ്പെട്ടുവെന്നും പറഞ്ഞ അവർ എഎ റഹീമിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചു.

ഷാനിമോൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്

രാത്രി 10.45 ഓടെയാണ് കിടന്നത്. 12 കഴിഞ്ഞപ്പോഴാണ് വാതിലിൽ മുട്ട് കേട്ടത്. നൈറ്റ് ഡ്രൈസിലായിരുന്നു താൻ. വാതിലിൻ്റെ ചെറിയ ലെൻസിലൂടെ നോക്കിയപ്പോൾ പൊലീസ് യൂണിഫോമിൽ നാല് പേരായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ പരിശോധനയെന്ന് പറഞ്ഞു. ഈ സമയത്താണോ പൊലീസ് പരിശോധനയെന്ന് ചോദിച്ചു. കതക് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ സമ്മതിച്ചില്ല. അവർ മടങ്ങി 10 മിനിറ്റ് കഴിഞ്ഞപ്പോൾ പുറത്ത് ബഹളമായി. ഏത് നിയമത്തിലായാലും നിയമത്തിന് വിധേയരാകും. യൂണിഫോം ഇട്ടവരും ഇടാത്തവരും കൂട്ടത്തിൽ ഉണ്ടായിരുന്നു. പൊലീസ് ഐഡൻ്റിറ്റി കാർഡ് കാണിച്ചില്ല. അവർ പൊലീസുകാർ തന്നെയാണെന്ന് താനെങ്ങനെ അറിയും? താൻ തടഞ്ഞപ്പോഴേക്കും അവിടെ താഴെ ബഹളം കേട്ടു. കുറച്ച് കഴിഞ്ഞ് ഒരു വനിതാ പൊലീസുകാരി വന്നു. തൻ്റെ ദേഹവും മുറിക്കകത്ത് മുഴുവൻ സാധനങ്ങളും ബാത്ത്റൂമും പരിശോധിച്ചു. അതിന് ശേഷം അവർ മടങ്ങാൻ തുനിഞ്ഞപ്പോൾ എന്ത് കിട്ടിയെന്ന് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു. അവരെ താൻ തടഞ്ഞു. പിന്നീട് അവർ എഴുതി നൽകാമെന്ന് പറഞ്ഞപ്പോൾ താൻ പിന്മാറി. അപ്പോഴേക്കും വലിയ ബഹളമായി. എഎ റഹീമിൻ്റെ സംസ്കാരമല്ല തൻ്റേത്. അർത്ഥവും അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് റഹീം ഉന്നയിച്ചത്. സ്ത്രീയെന്ന തൻ്റെ സ്വത്വത്തെ ചോദ്യം ചെയ്യുന്ന നടപടിയാണിത്. റഹീമിനോട് തനിക്ക് ഇതുവരെ പരമപുച്ഛവും സഹതാപവുമായിരുന്നുവെന്നും ഇന്നലത്തോടെ അത് ഒന്നുകൂടി കൂടിയെന്നും ഷാനിമോൾ ഉസ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതേ ഹോട്ടലിൽ തൊട്ടടുത്ത മുറിയിൽ ശ്രീമതി ടീച്ചറാണ് താമസിക്കുന്നത്. അവരിതിന് മറുപടി പറയണം. തങ്ങളെ ഇവിടെ നിന്ന് പിന്തിരിപ്പിക്കാനാണ് ഈ ശ്രമമെങ്കിൽ തെരഞ്ഞെടുപ്പ് തീരുന്നത് വരെ ഇവിടെ തന്നെ കാണു. പരാക്രമം സ്ത്രീകളോടല്ല വേണ്ടത്. സ്ത്രീകളുടെ മുറിയിലേക്ക് വനിതാ പൊലീസില്ലാതെ പോയത് ശരിയായില്ലെന്ന് പറയുന്നതിന് പകരം സിപിഎമ്മും ബിജെപിയും ഒരുമിച്ച് നിന്ന് പ്രശ്നമുണ്ടാക്കുകയാണ് ചെയ്തതെന്നും ഷാനിമോൾ ആരോപിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios