കോൺഗ്രസ് ഏർപ്പാടാക്കിയ ബസില്‍ കണ്ണൂരിലെത്തുന്നവര്‍ സുരക്ഷാ മാനദണ്ഡം ലംഘിക്കുന്നു, ഇടപെട്ട് പൊലീസ്
കർണാടകത്തിൽ നിന്നും കണ്ണൂരിലേക്ക് ബസിൽ എത്തിയ ആളുകളെ ടൗണിൽ പൊലീസ് തടഞ്ഞു. ബസിൽ എത്തിയ പന്ത്രണ്ടോളം ആളുകളെ പൊലീസ് ഇടപെട്ട് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.
കണ്ണൂര്‍: കണ്ണൂരിൽ കോൺഗ്രസ് ഏർപ്പാടാക്കിയ ബസുകളിൽ കർണാടകത്തിൽ നിന്നും എത്തുന്ന ആളുകൾ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. സ്വന്തം വാഹനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് ചെക്ക് പോസ്റ്റിൽ കള്ളം പറഞ്ഞാണ് കൂടുതൽ പേരും എത്തുന്നത്. കർണാടകത്തിൽ നിന്നും കണ്ണൂരിലേക്ക് ബസിൽ എത്തിയ ആളുകളെ ടൗണിൽ പൊലീസ് തടഞ്ഞു. ബസിൽ എത്തിയ പന്ത്രണ്ടോളം ആളുകളെ പൊലീസ് ഇടപെട്ട് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.
ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തി നിരീക്ഷണത്തിൽ കഴിയേണ്ടവര്‍ ആൾത്തിരക്കുള്ള നഗരത്തിൽ ഇറങ്ങുന്ന സാഹചര്യം വലിയ സുരക്ഷാ വീഴ്ചയാണ്. അതിനിടെ വരുന്ന വഴിയിൽ പലയിടത്തും ബസ് നിർത്തി ആളുകൾ ഇറങ്ങിപ്പോയതായും വിവരമുണ്ട്. നിയന്ത്രണമില്ലാതെ ആളുകൾ എത്തുന്നത് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. വീടുകളിൽ നിന്നും വാഹനങ്ങൾ വരുത്തി പൊലീസ് ആളുകളെ പറഞ്ഞയക്കുകയാണിപ്പോള്‍. സംസ്ഥാനത്ത് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും വിദേശത്ത് നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ എത്തിയവരാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് 62 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതിനിടെ കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അയക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. യാത്രക്കാരുടെ പേരും വിലാസവും ഫോണ്‍നമ്പരും താമസിക്കാന്‍ പോകുന്ന സ്ഥലവും സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചില്ലെങ്കില്‍ കൊവിഡ്-19 വ്യാപനം പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് വലിയ തടസ്സമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ നിന്ന് മെയ് 22ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനിന്‍റെ കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.