കടലാക്രമണത്തിന് കാരണം 'കള്ളക്കടല്‍' പ്രതിഭാസം; നിസാരമല്ല ഇത്, ആശങ്ക വേണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി
ഉയര്‍ന്ന തിരമാലകളും കടല്‍ക്ഷോഭവും കണ്ടപ്പോള്‍ അന്നും ഇത് സൂനാമിയാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഇന്നും കടല്‍ക്ഷോഭങ്ങളെ തുടര്‍ന്ന് ഇങ്ങനെയൊരു ആശങ്കയുയര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടന്ന കടലാക്രമണത്തിന് പിന്നിലെ കാരണം വിശദീകരിച്ച് ദുരന്തനിവാരണ അതോറിറ്റി. കേരളത്തില്‍ വിവിധയിടങ്ങളിലായി ഇപ്പോള്‍ കാണുന്ന കടലാക്രമണം 'കള്ളക്കടല്‍' പ്രതിഭാസമാണെന്നാണ് വിശദീകരണം.
സമുദ്രോപരിതലത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണ് കള്ളക്കടല്‍ പ്രതിഭാസത്തിലുണ്ടാകുന്നത്. അവിചാരിതമായി കടല്‍ കയറിവന്ന് കരയെ വിഴുങ്ങുന്നതിനാലാണ് ഇതിനെ 'കള്ളക്കടല്‍' എന്ന് വിളിക്കുന്നത്. സൂനാമിയുമായി ഇതിന് സാമ്യതയുണ്ട്. എന്നാല്‍ സൂനാമിയോളം ഭീകരമല്ല. പക്ഷേ നിസാരമായി കാണാനും സാധിക്കില്ല.
2018ല്‍ കേരളത്തിന്‍റെ തീരദേശമേഖലകളില്‍ 'കള്ളക്കടല്‍ പ്രതിഭാസം' വലിയ നീശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. നൂറോളം വീടുകള്‍ തകര്‍ന്നു. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.
ഉയര്‍ന്ന തിരമാലകളും കടല്‍ക്ഷോഭവും കണ്ടപ്പോള്‍ അന്നും ഇത് സൂനാമിയാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഇന്നും കടല്‍ക്ഷോഭങ്ങളെ തുടര്‍ന്ന് ഇങ്ങനെയൊരു ആശങ്കയുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആശങ്ക വേണ്ട എന്നാണ് ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്.
വേലിയേറ്റ സമയമായതിനാല്‍ കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ തീവ്രത കൂടിയതാണ് ഇപ്പോഴുണ്ടായ കടലാക്രമണങ്ങളുടെ കാരണമെന്നും ദുരന്ത നിവാരണ അതോറിറ്റി വിശദീകരിക്കുന്നു. രണ്ട് ദിവസം കൂടി കടലാക്രമണം പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പുണ്ട്.
ഇതിനിടെ കടലാക്രമണം അനുഭവപ്പെട്ട തീരപ്രദേശങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. അവധിക്കാലമായതിനാല്‍ പല ബീച്ചുകളിലും സാധാരണയില്‍ക്കവിഞ്ഞ തിരക്കുണ്ട്. എന്നാല്‍ പ്രശ്നബാധിതമായ തീരങ്ങളില്‍ സഞ്ചാരികളെ നിയന്ത്രിച്ചുവരികയാണ്. വര്‍ക്കല, കോവളം തീരങ്ങളില്‍ നിന്ന് സഞ്ചാരികളെ മാറ്റിയിട്ടുണ്ട്.
കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാ്രി 11:30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, ആലപ്പുഴ എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിലാണ് കടലാക്രമണം ഉണ്ടായിരിക്കുന്നത്. പലയിടത്തും റോഡിലേക്കും വീടുകളിലേക്കും വരെ വെള്ളം കയറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-