ശബരിമല തീര്‍ത്ഥാടനം കര്‍ശന നിയന്ത്രണങ്ങളോടെ അനുവദിക്കുമെന്ന് മുഖ്യമന്ത്രി
ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് ഉടന്‍ മലയിറങ്ങണം. വിരി വയ്ക്കാനോ തങ്ങാനോ അനുവദിക്കില്ല. നിലയ്ക്കലില്‍ പരിമിതമായ രീതിയില്‍ വിരി വയ്ക്കാന്‍ അനുവദിക്കും.
തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശബരിമല തീര്‍ത്ഥാടനം ഈ വര്‍ഷം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്ഡല മകരവിളക്ക് പ്രതീകാത്മകമാക്കി മാറ്റാതെ പരിമിതമായ തീര്‍ത്ഥാടകരെ അനുവദിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന തീര്‍ത്ഥാടകരില്‍ നിശ്ചിത എണ്ണം ആളുകളെ മാത്രമേ അനുവദിക്കൂ. എത്ര ആളുകളെ അനുവദിക്കാമെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും.
മറ്റ് സംസ്ഥാനങ്ങളിലെ ക്രമീകരണങ്ങള്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ പോയി വിലയിരുത്തും. മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായും ആശയ വിനിമയം നടത്തും. വെര്‍ച്വല്‍ ക്യൂ വഴി മാത്രമായിരിക്കും ദര്‍ശനം. കുട്ടികളും 65 വയസിന് മുകളിലുള്ളവരെയും ഒഴിവാക്കും. വിരി വയ്ക്കാന്‍ അനുവദിക്കില്ല.
കൊവിഡ് മുക്ത സര്‍ട്ടിഫിക്കറ്റുമായാണ് തീര്‍ത്ഥാടകര്‍ വരേണ്ടത്. ഇവിടെയും മറ്റൊരു ടെസ്റ്റ് നടത്തും. ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് ഉടന്‍ മലയിറങ്ങണം. വിരി വയ്ക്കാനോ തങ്ങാനോ അനുവദിക്കില്ല. നിലയ്ക്കലില്‍ പരിമിതമായ രീതിയില്‍ വിരി വയ്ക്കാന്‍ അനുവദിക്കും. പമ്പയില്‍ സ്റ്റീല്‍ പാത്രത്തില്‍ 100 രൂപ നല്‍കി കുടിവെള്ളം നല്‍കും. മലയിറങ്ങി പാത്രം നല്‍കിയാല്‍ 100 രൂപ മടക്കി നല്‍കും. അന്നദാനം പേപ്പര്‍ പ്ലേറ്റില്‍. മല കയറുമ്പോള്‍ മാസ്‌ക് ധരിക്കുന്ന കാര്യം ആരോഗ്യവകുപ്പ് പരിശോഘധിക്കും.
കെഎസ്ആര്‍ടിസി കൂടുതല്‍ ബസുകള്‍ വിന്യസിക്കും. നെയ്യഭിഷേകത്തിനുള്ള നെയ് ദേവസ്വം ബോര്‍ഡ് നിശ്ചയിക്കുന്ന സ്ഥലത്ത് ശേഖരിക്കും. അഭിഷേകം നടത്തിയ നെയ് തീര്‍ത്ഥാടകന് നല്‍കും. തിരുവാഭരണ ഘോഷയാത്രക്ക് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കും. പമ്പ, എരുമേലി സ്‌നാനം ഇത്തവണ പ്രയാസം. ഷവര്‍ സിസ്റ്റം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.