'വന്ദേ ഭാരതിന്റെ ലോക്കോ പൈലറ്റാക്കിയ കൂട്ടുകാര്‍ക്ക്', വിശദീകരണവുമായി പന്ന്യന്‍ രവീന്ദ്രന്റെ മകന്‍

''രാഹുല്‍ ഗാന്ധിയിലെ ചങ്കൂറ്റത്തെ ഇഷ്ടപ്പെട്ടുന്നതുകൊണ്ട് കോണ്‍ഗ്രസുകാരനാകില്ല. രാമായണവും മഹാഭാരതവും പുരാണങ്ങളും ഇഷ്ടപ്പെടുന്നുവെന്നതു കൊണ്ട് ബിജെപിക്കാരനുമല്ല..''

Roopesh Pannian explanation on vande bharat poem joy

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ഏറ്റെടുത്ത 'വന്ദേഭാരത്' കവിതയില്‍ വിശദീകരണവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ്. ശരിയെന്ന് തോന്നുന്നത് പറയുമ്പോഴും തെറ്റെന്ന് പറയുന്നതൊരിക്കലും കേള്‍ക്കാതിരുന്നിട്ടില്ല. കവിതയെ വിമര്‍ശിച്ചവരുടെ പ്രതികരണങ്ങളിലെ നല്ല വശങ്ങള്‍ സ്‌നേഹത്തോടെ, പൂര്‍ണ്ണമനസോടെ ഉള്‍ക്കൊള്ളുന്നുവെന്ന് രൂപേഷ് പറഞ്ഞു. താന്‍ കോണ്‍ഗ്രസുകാരനും ബിജെപിക്കാരനുമല്ല. വീട്ടിലുള്ളവര്‍ തെരഞ്ഞെടുത്ത പാര്‍ട്ടിയും പ്രത്യയശാസ്ത്രവും നന്മയുടേതാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് കമ്യൂണിസ്റ്റായതെന്ന് രൂപേഷ് പറഞ്ഞു.

കമ്യൂണിസ്റ്റാകുക എന്നത് ചുവന്ന കൊടിയുടെ കീഴില്‍ തല താഴ്ത്തി നിന്ന് അണിചേരുക എന്നല്ല. മറിച്ച് ചങ്കൂറ്റത്തോടും ധീരതയോടും സത്യത്തിന് വേണ്ടി പൊരുതുക എന്നതു കൂടിയാണെന്ന് രൂപേഷ് കൂട്ടിച്ചേര്‍ത്തു. വന്ദേ ഭാരതിന്റെ ലോക്കോ പൈലറ്റാക്കി മാറ്റിയ കൂട്ടുകാര്‍ക്ക് എന്ന തലക്കെട്ടോടെയാണ് രൂപേഷിന്റെ കുറിപ്പ്. 

വന്ദേഭാരത് ട്രെയിനിനെ പുകഴ്ത്തിയും കെറെയില്‍ പദ്ധതിയെ വിമര്‍ശിച്ച് കൊണ്ടുമായിരുന്നു അഭിഭാഷകന്‍ കൂടിയായ രൂപേഷ് പന്ന്യന്റെ കവിത. കെറെയില്‍ കേരളത്തെ വെട്ടിമുറിക്കുമ്പോള്‍ ഒരു പ്രശ്നവും സൃഷ്ടിക്കാതെ ചീറിപ്പായുന്ന വന്ദേഭാരതിനെ നോക്കി വരട്ടെ ഭാരത് എന്ന് പറയണമെന്ന് രൂപേഷ് കവിതയില്‍ പറയുന്നു. കവിത സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ അത് പ്രചരിപ്പിക്കുകയായിരുന്നു. 


രൂപേഷിന്റെ വിശദീകരണം: ''വന്ദേ ഭാരതിനെ നോക്കി വരട്ടെ ഭാരത് എന്നു പറഞ്ഞതിന് എന്നോട് കുറുമ്പ് കാട്ടിയ മുഖപുസ്തക കൂട്ടുകാര്‍ക്ക്. ആകാശം മുട്ടേ വളരാനായി കമ്യൂനിസ്റ്റായതല്ല ഞാന്‍. ആകാശം മുട്ടേ വളരാനാണെങ്കില്‍ സ്ഥാനമാനങ്ങള്‍ക്കായി കമ്മുണിസ്റ്റായവരുടെ കൂട്ടത്തിലിറങ്ങി നടന്നാല്‍ മതിയായിരുന്നു..ശരിയെന്ന് തോന്നുന്നത് പറയുമ്പോഴും...തെറ്റെന്ന് പറയുന്നതൊരിക്കലും കേള്‍ക്കാതിരുന്നിട്ടില്ല. രാഹുല്‍ ഗാന്ധിയിലെ ചങ്കൂറ്റത്തെ ഇഷ്ടപ്പെട്ടുന്നതുകൊണ്ട് ഞാനൊരിക്കലും ഒരു കോണ്‍ഗ്രസ്സ്‌കാരനാകില്ല....അരവിന്ദ് കേജരിവാളിലെ ഭയമില്ലായ്മയിലേക്ക് എത്തി നോക്കുന്നതു കൊണ്ട് ഞാന്‍ ഒരു ആം ആദ്മിക്കാരനുമല്ല. രാമായണവും മഹാഭാരതവും പുരാണങ്ങളും ഇഷ്ടപ്പെടുന്നുവെന്നതു കൊണ്ട് ഞാനൊരു ബി.ജെ.പിക്കാരനുമല്ല. മത ചിന്ത മനസ്സിനെ കീഴടക്കാത്തതു കൊണ്ട് ഞാനൊരു വര്‍ഗ്ഗീയ വാദിയുമല്ല..''

''ഈശ്വര ചിന്ത മനസ്സില്‍ തീരെ ഇല്ലാത്തതു കൊണ്ട് നിരീശ്വരവാദിയായ ഞാന്‍ രാമായണവും മഹാഭാരതവും ഗീതയും ഖുറാനും ബൈബിളും വായിക്കാതിരുന്നിട്ടുമില്ല...ദൈവ വിശ്വാസം തീരെയില്ലാത്ത വീട്ടില്‍ പിറന്നത് കൊണ്ട് വിശ്വാസത്തെ ഒരിക്കലും നിന്ദിക്കാറുമില്ല..ദൈവ വിശ്വാസമില്ലാത്ത വീട്ടില്‍ പിറന്നതു കൊണ്ടല്ല ഞാനൊരു കമ്മ്യൂണിസ്റ്റായത്..സ്വന്തം വീട്ടിലുള്ളവര്‍ തിരഞ്ഞെടുത്ത പാര്‍ട്ടിയും പ്രത്യയശാസ്ത്രവും നന്മയുടേതാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ട് തന്നെയാണ് ഞാന്‍ കമ്മൂണിസ്റ്റായത്:.. ശരിയെന്ന് തോന്നുന്നതിനെ മുറുകെ പിടിക്കുമ്പോഴും തെറ്റെന്ന് ബോധ്യമായാല്‍ തിരുത്തുന്നതിന് സങ്കോചമില്ലാത്ത ഒരു തലമുറയാണ് നമുക്ക് ആവശ്യം...പക്ഷെ ശരിയും തെറ്റും തിരിച്ചറിയാന്‍ ജാതിയേയും നിറത്തേയും ഇസത്തേയും നേതാക്കളെയും നോക്കുന്ന ഒരു തലമുറ മുന്നില്‍ വന്നു നില്‍ക്കുന്നു എന്നതും കാലം കൊണ്ടുവന്ന മാറ്റമായിരിക്കാം..കണ്ണുരുട്ടി നടക്കുന്ന നേതാക്കള്‍ക്ക് മുന്നില്‍ തല താഴ്ത്തി നടക്കുന്ന ഒരു തലമുറയുടെ പ്രതിനിധികളാവരുത് നമ്മള്‍..ശരിക്കു നേരെ മാത്രം തിരിച്ചുപിടിച്ച കണ്ണാടിയിലായിരിക്കണം നമ്മള്‍ നമ്മളെ കാണേണ്ടത്.. അല്ലാത്തപക്ഷം അത് വരുംതലമുറയോട് ചെയ്യുന്ന തിരുത്താനാവാത്ത തെറ്റായി മാറും. വന്ദേ ഭാരതിനെ കുറിച്ച് ഞാനെഴുതിയതിനെ വിമര്‍ശിച്ചവരുടെ പ്രതികരണങ്ങളിലെ നല്ല വശങ്ങള്‍ സ്‌നഹത്തോടെ... പൂര്‍ണ്ണമനസ്സോടെ ഉള്‍ക്കൊള്ളുന്നു. ഞാനെന്നും കമ്മ്യൂണിസ്റ്റായിരിക്കും...കമ്മ്യൂണിസ്റ്റാകുക എന്നത് ചുവന്ന കൊടിയുടെ കീഴില്‍ തല താഴ്ത്തി നിന്ന് അണിചേരുക എന്നല്ല ...മറിച്ച് ചങ്കൂറ്റത്തോടും ധീരതയോടും സത്യത്തിന് വേണ്ടി പൊരുതുക എന്നതു കൂടിയാണ്.. ''
 

 'ജീവിച്ചിരിക്കുന്ന രക്തസാക്ഷി, കാലുവാരി തോൽപ്പിച്ചു, ത്യാഗം സഹിച്ചു'; രാജിയെ കുറിച്ച് വിക്ടർ ടി തോമസ്

 

Latest Videos
Follow Us:
Download App:
  • android
  • ios