Asianet News MalayalamAsianet News Malayalam

'ലിഫ്റ്റിൽ തട്ടി, ഫോണിലും വിളിച്ചു; ആരും സഹായത്തിനെത്തിയില്ല'; 2 ദിവസം അനുഭവിച്ചത് നരകയാതനയെന്ന് രവീന്ദ്രന്‍

രണ്ട് ദിവസം ലിഫ്റ്റിനുളളിൽ നരകയാതന അനുഭവിച്ചെന്ന് പറഞ്ഞ രവീന്ദ്രൻ മരണഭയം കാരണം ലിഫ്റ്റിനുള്ളിൽ മലമൂത്ര വിസർജനം നടത്തേണ്ടിവന്നെന്നും വെളിപ്പെടുത്തി.

response raveendran  patient trapped in lift medical college hospital
Author
First Published Jul 15, 2024, 12:16 PM IST | Last Updated Jul 15, 2024, 12:27 PM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ ഒന്നര ദിവസം കുടുങ്ങിയ അനുഭവം വിവരിച്ച് രവീന്ദ്രൻ. ശനിയാഴ്ചയാണ് രവീന്ദ്രൻ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത്. ലിഫ്റ്റ് പെട്ടെന്ന് ഇടിച്ചു നിൽക്കുകയായിരുന്നുവെന്നും അലാറം പലവട്ടം അടിച്ചു നോക്കിയിട്ടും ഫലമുണ്ടായില്ലെന്നും രവീന്ദ്രൻ ഭീതിയോടെ വ്യക്തമാക്കി.

ലിഫ്റ്റിനുള്ളിലെ ഫോണിൽ വിളിച്ചു നോക്കിയിട്ടും ആരും സഹായത്തിനെത്തിയില്ല. അലാം പലവട്ടം അടിച്ചിട്ടും ആരുമെത്തിയില്ല. ഒരുപാട് സമയം ലിഫ്റ്റിൽ തട്ടി വിളിച്ചു നോക്കിയെങ്കിലും രണ്ട് ദിവസം ആരും നോക്കിയില്ലെന്നും രവീന്ദ്രൻ. രണ്ട് ദിവസം ലിഫ്റ്റിനുളളിൽ നരകയാതന അനുഭവിച്ചെന്ന് പറഞ്ഞ രവീന്ദ്രൻ മരണഭയം കാരണം ലിഫ്റ്റിനുള്ളിൽ മലമൂത്ര വിസർജനം നടത്തേണ്ടിവന്നെന്നും വെളിപ്പെടുത്തി. അതിനിടെ ഫോണ്‍ നിലത്ത് വീണു പൊട്ടിപ്പോയി. അതിനാല്‍ ആരെയും വിളിക്കാന്‍ സാധിച്ചില്ല. 

ശനിയാഴ്ച 11 മണിക്കാണ് നടുവേദനയുമായി രവീന്ദ്രൻ നായർ മെഡിക്കൽ കോളേജിലെത്തിയത്. 12 മണിയോടെയാണ് ഓർത്തോ വിഭാഗത്തിലെ ലിഫ്റ്റ് കേടായത്. ഈ സമയത്ത് ലിഫ്റ്റിനുളളില്‍ പെട്ട് പോകുകയായിരുന്നു ഇദ്ദേഹം. എന്നാൽ കേടായ ലിഫ്റ്റിൽ ആരെങ്കിലും കുരുങ്ങിയിരുന്നോ എന്ന് പോലും മെഡിക്കൽ കോളേജ് അധികൃതർ നോക്കിയിരുന്നില്ല. ഞായറാഴ്ചയും കഴിഞ്ഞ് ഇന്ന് രാവിലെ തുറന്ന് നോക്കിയപ്പോഴാണ് മലമൂത്ര വിസർജ്യങ്ങൾക്ക് നടുവിൽ വയോധികൻ കിടക്കുന്നത് ലിഫ്റ്റ് ഓപ്പറേറ്റർ കണ്ടത്. 

ലിഫ്റ്റ് പകുതിയിൽ വെച്ച് നിന്ന് പോയിട്ടും ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പോലും അധികൃതർ ശ്രമിച്ചില്ലെന്നും ഗുരുതര അനാസ്ഥയുണ്ടായെന്നും മകൻ ഹരിശങ്കർ പറഞ്ഞു. ആരെങ്കിലും കുടുങ്ങിയാൽ പുറത്തേക്ക് അറിയിക്കാനുളള അടക്കം സജ്ജീകരണങ്ങളൊന്നും ലിഫ്റ്റിൽ  ഉണ്ടായിരുന്നില്ല. 'ശനിയാഴ്ച രാവിലെയാണ് അച്ഛൻ മെഡിക്കൽ കോളേജിൽ പോയത്. 12 മണിയോടെ അച്ഛൻ  ലിഫ്റ്റിൽ കയറി. അൽപ്പം മുകളിലേക്ക് പൊങ്ങിയ ശേഷം ലിഫ്റ്റ് നിന്നുപോയി. അച്ഛൻ ലിഫ്റ്റിനുളളിലെ എമർജൻസി ബട്ടനുകൾ അടിച്ചു നോക്കി. ലിഫ്റ്റ് കുലുങ്ങിയ സമയത്ത് വീണ് ഫോൺ പൊട്ടിയിരുന്നു. അവിടെയുളള ഫോൺ ഉപയോഗിച്ച് അവിടെ എഴുതിവെച്ച ഫോൺ നമ്പറുകളിൽ വിളിച്ചു. എന്നാൽ ആരും എടുത്തില്ല.'  

സിസിടിവി ക്യാമറ പോലും ലിഫ്റ്റിലുണ്ടായിരുന്നില്ല. ഇന്ന് രാവിലെ 6 മണിയ്ക്ക് ആ വഴിക്ക് പോയ ഒരാളാണ് ലിഫ്റ്റ് പകുതിയിൽ നിൽക്കുന്നത് കണ്ടത്. ശ്രദ്ധയിൽപ്പെട്ട ഉടനെ ഇദ്ദേഹം ലിഫ്റ്റ് തുറക്കാൻ നോക്കി. പ്രശ്നം പരിഹരിച്ച് ലിഫ്റ്റ് തുറന്ന് അച്ഛനെ രക്ഷപ്പെടുത്തുകയായിരുന്നു. രണ്ട് ദിവസത്തോളം ലിഫ്റ്റിൽ കിടന്ന അച്ഛന് മാനസികമായി പ്രയാസങ്ങളുണ്ട്. രണ്ട് ദിവസമായി വെളളവും ഭക്ഷണവുമില്ലാതെ കിടക്കുകയായിരുന്നു. നിലവിൽ കാഷ്വാലിറ്റിയിൽ ചികിത്സയിലാണെന്നും മകന്‍ പറഞ്ഞു. 

 

 

Latest Videos
Follow Us:
Download App:
  • android
  • ios