ധോണിക്ക് വേണ്ടി വന്നത് 144 ഇന്നിംഗ്‌സ്! റിഷഭ് പന്ത് കൈ ഞൊടിക്കുന്ന വേഗതയില്‍ ഇതിഹാസത്തിനൊപ്പമെത്തി
ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ധോണിക്കൊപ്പം പന്ത് പങ്കിടുന്നത്.
ചെന്നൈ: കാറപടകത്തിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുയയാണ് വിക്കറ്റ് റിഷഭ് പന്ത്. ചെന്നൈ, ചെപ്പോക്കില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ താരം സെഞ്ചുറി നേടി. ഏകദിന ശൈലിയില്‍ ബാറ്റ് വീശീയ പന്ത് 128 പന്തില്‍ 109 റണ്‍സാണ് നേടിയത്. നാല് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. പന്തിനൊപ്പം ശുഭ്മാന്‍ ഗില്ലും (119) സെഞ്ചുറി നേടിയിരുന്നു. ഇരുവരും 167 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കുകയും ചെയ്തു.
ഇന്ന് ബംഗ്ലാദേശിനെതിരെ നേടിയ സെഞ്ചുറിയോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായിരുന്ന എം എസ് ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്താനും പന്തിന് സാധിച്ചു. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ധോണിക്കൊപ്പം പന്ത് പങ്കിടുന്നത്. ഇരുവര്‍ക്കും ആറ് ടെസ്റ്റ് സെഞ്ചുറികള്‍ വീതമുണ്ട്. മൂന്ന് ടെസ്റ്റ് സെഞ്ചുറിയുള്ള വൃദ്ധിമാന്‍ സാഹയാണ് മുന്നാം സ്ഥാനത്ത്. പന്ത് 58 ഇന്നിംഗ്‌സില്‍ നിന്നാണ് ആറ് സെഞ്ചുറി നേടിയത്. ധോണിക്ക് 144 ഇന്നിംഗ്‌സുകള്‍ വേണ്ടിവന്നു. സാഹ 54 ഇന്നിംഗ്‌സുകളില്‍ മൂന്നെണ്ണം പൂര്‍ത്തിയാക്കി.
സെഞ്ചുറി നേടിയതിന് പിന്നാലെ പന്ത് പുറത്തായി. മെഹ്ദി ഹസന്‍ മിറാസിനായിരുന്നു വിക്കറ്റ്. പന്ത് പുറത്തായശേഷം ഷാക്കിബ് അല്‍ ഹസനെതിരെ തുടര്‍ച്ചയായ ബൗണ്ടറികളുമായി 97ലെത്തിയ ഗില്‍ 161 പന്തിലാണ് സെഞ്ചുറി തികച്ചത്. 176 പന്തില്‍ 119 റണ്‍സുമായി പുറത്താകാതെ നിന്ന ഗില്‍ 10 ഫോറും നാലു സിക്‌സും പറത്തി. രാഹുല്‍ നാലു ബൗണ്ടറികളോടെ 22 റണ്‍സുമായി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ മിറാസ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റെടുത്ത് തിളങ്ങിയ ഹസന്‍ മെഹ്മൂദിന് വിക്കറ്റൊന്നും നേടാനായില്ല.
അതേസമയം, ആദ്യ ടെസ്റ്റില്‍ പിടിമുറുക്കുകയാണ് ഇന്ത്യ. വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ബംഗ്ലാദേശ് മൂന്നാം ദിനം വെളിച്ചക്കുറവിനെ തുടര്‍ന്ന് നേരത്തെ കളിനിര്‍ത്തുമ്പോള്‍ നാലിന് 158 എന്ന നിലയിലാണ്. വിജയലക്ഷ്യം മറികടക്കാന്‍ ബംഗ്ലാദേശിന് ഇനിയും 357 റണ്‍സ് കൂടി വേണം. നജ്മുല്‍ ഹുസൈന്‍ ഷാന്റോ (51), ഷാക്കിബ് അല്‍ ഹസന്‍ (5) എന്നിവരാണ് ക്രീസില്‍.