ചെക്ക് പോസ്റ്റിലെ പാലിലെ മായം വിവാദമായതിന് പിന്നിലെ കാരണം അടിസ്ഥാന സൗകര്യങ്ങളില്ലാത്തത്; അന്വേഷണം

ആര്യങ്കാവിൽ പാലിലെ മായത്തെച്ചൊല്ലി സർക്കാർ പ്രതിസന്ധിയിലാകാൻ യഥാർത്ഥ കാരണം പരിശോധനയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്തതെന്ന് വ്യക്തമാക്കുന്നതാണ് ആര്യങ്കാവ് ചെക്പോസ്റ്റിലെ കാഴ്ച്ചകൾ.

real issue behind controversy related seized milk in check post is lack of enough facilities proved in investigation

കൊല്ലം: ആര്യങ്കാവ് ചെക്ക് പോസ്റ്റിലെ പാലിലെ മായം വിവാദമായതിന് പിന്നിലെ യഥാർത്ഥ പ്രശ്നം അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് മൂലം. ഫുഡ് എല്ലാം ഗുഡ് അല്ല എന്ന പരമ്പരയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വിശദമായത്. ചെക്ക് പോസ്റ്റിലെ ഭക്ഷ്യസുരക്ഷാ ഓഫീസ് പ്രവർത്തിക്കുന്നത് പോലുമില്ല. രാത്രിയിലെ പാൽ പരിശോധന ചടങ്ങ് മാത്രമായാണ് നടക്കുന്നത്. അതാണെങ്കില്‍ സാംപിളെടുക്കുന്നത് ഡ്രൈവർമാരാണ്, ഉദ്യോഗസ്ഥരുടെ  മേൽനോട്ടമില്ലാതെയാണ് സാംപിള്‍ ശേഖരണം. പരിശോധനാ സ്ഥലത്ത് വെളിച്ചം പോലുമില്ല. ചെക്ക് പോസ്റ്റികളിലെ 'മായം തെളിയിക്കലിൽ' നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ഇതിലും തീര്‍ന്നില്ല ശേഖരിച്ച സാംപിള്‍ പരിശോധിക്കാനായി എത്തിക്കേണ്ട ലാബുകളിലേക്കുള്ള ദൂരവും വെല്ലുവിളിയാണ്. സംസ്ഥാനത്തെ ലാബുകളുടെ എണ്ണത്തിലുള്ള കുറവും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.

ആര്യങ്കാവിൽ പാലിലെ മായത്തെച്ചൊല്ലി സർക്കാർ പ്രതിസന്ധിയിലാകാൻ യഥാർത്ഥ കാരണം പരിശോധനയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്തതെന്ന് വ്യക്തമാക്കുന്നതാണ് ആര്യങ്കാവ് ചെക്പോസ്റ്റിലെ കാഴ്ച്ചകൾ. ചെക്ക് പോസ്റ്റിലെ ക്ഷീരവികസന വകുപ്പ് ഓഫീസിനൊപ്പമുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ചെക്ക് പോസ്റ്റ് പ്രവർത്തിക്കുന്നതു പോലുമില്ല. വെളിച്ചം പോലുമില്ലാത്ത റോഡിൽ വെച്ച് ക്ഷീര വികസന വകുപ്പിന്റെ രാത്രിയിലെ പാൽ പരിശോധന ഇപ്പോഴും ചടങ്ങ് മാത്രമായാണ് നടക്കുന്നത്. സംസ്ഥാനത്ത് ആവശ്യത്തിന് ലാബുകളില്ലാത്തതിനാൽ ഇതിനേക്കാൾ പ്രതിസന്ധിയാണ് മറ്റ് അതിർത്തി ചെക്ക് പോസ്റ്റുകളിലുള്ളത്.

വണ്ടി നിർത്തി, ഡ്രൈവർമാർ തന്നെ ടാങ്കറിന് മുകളിൽ കയറി ഏതെങ്കിലും ഒരു അറയിൽ നിന്ന് പേരിന് സാംപിളെടുക്കും. പാത്രത്തിലാക്കി പേപ്പറുകളും പാലും അകത്ത് കൊടുക്കും. പത്ത് മിനിട്ടിന് ശേഷം ഫലം ലഭിക്കും. ഇതാണ് രാത്രിയിലെ കാഴ്ച്ച. നേരം വെളുത്തതിന് പിന്നാലെ ഉദ്യോഗസ്ഥർ ചാനല്‍ ക്യാമറ കണ്ടപതോടെ പരിശോധനയുടെ രീതിയില്‍ മാറ്റമുണ്ടായി. മേൽനോട്ടത്തിന് എത്തിയത് ഉദ്യോഗസ്ഥരുടെ നിര. സാംപിളെടുക്കാന്‍ ഉദ്യോഗസ്ഥരും ഒപ്പം ടാങ്കറിൽ കയറി, എല്ലാ അറകളിൽ നിന്നും പാലെടുത്ത് വിശദമായ പരിശോധനയായി. ക്ഷീരവികസന വകുപ്പ് പേരിനെങ്കിലും പരിശോധിക്കുമ്പോൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്ഥിതി കഷ്ടമാണ്.

രാവിലെ 5.45ന് വിവരമറിഞ്ഞ്, 9 മണിക്ക് സാംപിളെടുക്കാൻ തുടങ്ങി ഉച്ചയ്ക്ക് 1 മണിയ്കാണ് ഭക്ഷ്യസുരക്ഷാവകുപ്പ് ഹൈഡ്രജൻ പെറോക്സൈഡ് കലർന്നെന്ന് സംശയിക്കുന്ന പാൽ തിരുവനന്തപുരത്തെ ലാബിലെത്തിച്ചത്. 6 മണിക്കൂറിനുള്ളിൽ സാംപിൾ ലാബിലെത്തിക്കാൻ കഴിയാതെ പോയതാണ് മായം തെളിയിക്കാൻ കഴിയാതിരുന്നതിന് ക്ഷീര വികസന വകുപ്പ് പറഞ്ഞ ന്യായമെന്ന് സംശയിക്കാന്‍ ഇതുതന്നെ മതിയാകും.

9 മണിക്ക് ആര്യങ്കാവിലെത്തിയെങ്കിലും, നിയമപ്രകാരം സാംപിൾ എടുപ്പ് പൂർത്തിയാക്കാൻ പിന്നെയും 2 മണിക്കൂർ വേണ്ടിവന്നുവെന്നാണ് ഇത്രയും സമയമെടുത്തതിൽ ഫുഡ് സേഫ്റ്റി ഓഫീസറുടെ വിശദീകരണം. രണ്ടരമണിക്കൂർ കൊണ്ടെത്താവുന്ന ആര്യങ്കാവിൽപ്പോലും സർക്കാർ നടപടിക്രമങ്ങൾ സമയത്തോട് തോറ്റെങ്കിൽ, ഗുരുതര സ്ഥിതി മനസ്സിലാകാൻ മറ്റ് ചെക്ക്പോസ്റ്റുകൾ കൂടി നോക്കണം. എല്ലാത്തിനുമായി ആകെയുള്ളത് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം മേഖലാ ലാബുകൾ. മഞ്ചേശ്വരം ചെക് പോസ്റ്റിൽ നിന്ന് കോഴിക്കോടെത്താൻ വേണം അഞ്ചര മണിക്കൂർ. മുത്തങ്ങയിൽ നിന്ന് ചുരമിറങ്ങി ഭാഗ്യമുണ്ടെങ്കിൽ 3 മണിക്കൂർ കൊണ്ട് കോഴിക്കോടെത്താം. വാളയാറിൽ നിന്ന് എറണാകുളത്തെത്താൻ 3 മണിക്കൂറിലധികം വേണം. കുമളിയിൽ നിന്ന് നാല് മണിക്കൂർ. ആകെയുള്ളത് കോഴിക്കോടും, എറണാകുളത്തും തിരുവനന്തപുരത്തുമായി 3 അംഗീകൃത ലാബുകൾ മാത്രമാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നത്.

 

കൊച്ചിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവം; പ്രതി ജുനൈസ് പിടിയിൽ

Latest Videos
Follow Us:
Download App:
  • android
  • ios