'ഇത് കേരളത്തെ പൊലീസ് രാജിലേക്ക് നയിക്കും'; കൊവിഡ് പ്രതിരോധം പൊലീസിനെ ഏൽപ്പിച്ചതിനെതിരെ ചെന്നിത്തല

മുഖ്യമന്ത്രിയുടെ ഈ കാപട്യം തന്നെയാണ് കേരളത്തില്‍ കൊവിഡ് പടര്‍ന്നു പിടിക്കാന്‍ കാരണമായത്. ദിവസവും വൈകിട്ട് ടി.വി ചാനലുകളിലൂടെ ഒരു മണിക്കൂര്‍ സാരോപദേശം നടത്തും. എന്നിട്ട് മറുവശത്തു കൂടി സംസ്ഥാനത്തെ കൊള്ളയടിക്കാന്‍ നോക്കും. കൊവിഡിന്റെ മറപടിച്ച് സ്പ്രിംഗ്‌ളര്‍ മുതല്‍ സ്വര്‍ണ്ണക്കടത്ത് വരെ എത്രയെത്ര കൊള്ളകളാണ് സംസ്ഥാനത്ത് നടന്നത്.

ramesh chennithala open letter to cm on police role in covid resistance

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ പൊലീസിനെ ഏല്പിച്ച സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ നടപടി ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കും പൊലീസ് രാജിലേക്കും നയിക്കുമെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ തുറന്ന കത്തില്‍ അഭിപ്രായപ്പെട്ടു. കൊവിഡ് വ്യാപനത്തിന് കാരണം സംസ്ഥാന അധികൃതരുടെ അലംഭാവം കൊണ്ടാണെന്ന്  മുഖ്യമന്ത്രി കുറ്റസമ്മതം നടത്തിയതാണ്. അത് അപകടമായെന്ന് കണ്ടപ്പോള്‍ കുറ്റം പ്രതിപക്ഷത്തിന്റെ തലയില്‍ വച്ചു കെട്ടാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയുടെ ഇരട്ട മുഖത്തെയാണ് കാണിക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പ്രധാന ചുമതലകള്‍  ആരോഗ്യ വകുപ്പില്‍ നിന്നെടുത്ത് പൊലീസിന് നല്‍കിയ നടപടി അമ്പരപ്പിക്കുന്നതാണെന്ന് കത്തിലുണ്ട്. കണ്ടെയിന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുക, ക്വാറന്റയിനില്‍ കഴിയുന്നവരെ മോണിറ്റര്‍ ചെയ്യുക, പോസിറ്റീവാകുന്ന രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക, മാര്‍ക്കറ്റുകളിലും പൊതുസ്ഥലങ്ങളലും ശാരീരികാകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, രോഗികളെ ആശുപത്രികളിലേക്ക് മാറ്റുക തുടങ്ങിയ ജോലികളെല്ലാം പൊലീസിനെയാണ് ഏല്പിച്ചിരിക്കുന്നത്. ഇത് ക്രമസമധാന പ്രശ്‌നങ്ങള്‍ക്കും പൊലീസ് അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും കാരണമാകുമെന്നതില്‍ സംശയമില്ല. കോവിഡിന്റെ ആക്രമണത്തില്‍ ഭയചകിതരായ ജനങ്ങളെ കൂടുതല്‍ ഭയത്തിലേക്കും പരിഭ്രാന്ത്രിയിലേക്കും നയിക്കുന്നതാവും ഈ പരിഷ്‌ക്കാരം. തോക്കേന്തിയ കമാന്റോകളെ വിന്യസിച്ച് ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിച്ച പൂന്തുറയില്‍ എന്താണ് സംഭവിച്ചതെന്ന മുഖ്യമന്ത്രി ഓര്‍ക്കുമല്ലോ? അവശ്യസാധനങ്ങള്‍ പൊലീസ് വീട്ടിലെത്തിക്കുമെന്ന് നേരത്തെയും പ്രഖ്യാപിച്ചിരുന്നതാണ്. അതും നടപ്പായില്ല. വീണ്ടും അത് തന്നെ ചെയ്യുമെന്നാണ് പറയുന്നത്.

ഇത് ഒരു ആരോഗ്യ പ്രശ്‌നമാണ്, ക്രമസമാധാന പ്രശനമല്ല. ആരോഗ്യ പ്രവര്‍ത്തകര്‍ ആണ് കൊവിഡ് പ്രതിരോധത്തിനു നേതൃത്വം കൊടുക്കണ്ടത്.  ഈ തീരുമാനത്തിലൂടെ ആരോഗ്യ വകുപ്പിനെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. ഔദ്യോഗിക സംവിധാനങ്ങളുടെ വീഴ്ച കാരണമാണ് കൊവിഡ് പടര്‍ന്നു പിടിച്ചതെന്ന് കുറ്റബോധത്തോടെ രാവിലെ സമ്മതിച്ച മുഖ്യമന്ത്രി  അത് കുഴപ്പമായെന്ന് കണ്ടപ്പോള്‍ വൈകിട്ട് പ്രതിപക്ഷത്തിന് മേല്‍ കുറ്റം ചാരി രക്ഷപ്പെടാനാണ്  ശ്രമിച്ചത്.  മുഖ്യമന്ത്രിയുടെ ഈ കാപട്യം തന്നെയാണ് കേരളത്തില്‍ കൊവിഡ് പടര്‍ന്നു പിടിക്കാന്‍ കാരണമായത്. ദിവസവും വൈകിട്ട് ടി.വി ചാനലുകളിലൂടെ ഒരു മണിക്കൂര്‍ സാരോപദേശം നടത്തും. എന്നിട്ട് മറുവശത്തു കൂടി സംസ്ഥാനത്തെ കൊള്ളയടിക്കാന്‍ നോക്കും. കൊവിഡിന്റെ മറപടിച്ച് സ്പ്രിംഗ്‌ളര്‍ മുതല്‍ സ്വര്‍ണ്ണക്കടത്ത് വരെ എത്രയെത്ര  കൊള്ളകളാണ് സംസ്ഥാനത്ത് നടന്നത്.  കൊള്ള ആസൂത്രണം ചെയ്യാന്‍ ചിലവാക്കിയ സമയം കോവിഡ് പ്രതിരോധത്തിന് ചിലവിട്ടിരുന്നെങ്കില്‍ സംസ്ഥാനം ഇപ്പോഴത്തെ ഭയാനകമായ അവസ്ഥയിലെത്തുകയില്ലായിരുന്നു.

പ്രതിപക്ഷം സമരം നടത്തിയത് കാരണമാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടായതെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്.  യുദ്ധം ജയിക്കുന്നതിനു മുന്‍പ് ഞങ്ങള്‍ ജയിച്ചു എന്ന് പറഞ്ഞു സര്‍ക്കാര്‍ നടത്തിയ പി ആര്‍ ആഘോഷങ്ങള്‍ക്ക് കൊറോണ വ്യാപനം രൂക്ഷമായതില്‍ വലിയ പങ്കുണ്ട്. മരത്തോണ്‍ ആണെങ്കിലും നൂറു മീറ്റര്‍ ഓടിയിട്ട് കപ്പ് കിട്ടിയെന്ന് പറഞ്ഞ് തുള്ളിച്ചാടുകയായിരുന്നല്ലോ സര്‍ക്കാര്‍. ലോകമാധ്യമങ്ങള്‍ പോലും കേരള സര്‍ക്കാറിന്റെ വീരകഥകള്‍ പാടി നടന്നപ്പോള്‍ പാവം ജനങ്ങള്‍ അതെല്ലാം സത്യമാണെന്ന് വിശ്വസിച്ചു.  അത് തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. അവരുടെ ജാഗ്രതയില്‍ അയവുവരാന്‍ ഇത് കാരണമായി.

ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ അണിനിരത്തി കീം  പരീക്ഷ നടത്തിയത് എന്തു സന്ദേശമാണ് നല്‍കിയതെന്ന മുഖ്യമന്ത്രി പരിശോധിക്കണം. കേരളം മുന്നിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ടെസ്റ്റുകള്‍ മന:പൂര്‍വ്വം നടത്താതിരുന്നതും കോവിഡ് കണക്കുകള്‍ കുറച്ചുകാണിച്ചതും സംസ്ഥാന സര്‍ക്കാരിനുണ്ടായ വലിയ വീഴ്ചകളാണ്.  വിദേശത്ത് നിന്ന് വരുത്തുന്നവരിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരിലും മാത്രമായി ടെസ്റ്റുകള്‍ ഒതുക്കി. അതിനിടയില്‍ ഇവിടെ നിശബ്ദമായി രോഗം പടരുന്നത് അറിയാതെ പോയി.  അയല്‍ സംസ്ഥാനങ്ങളില്‍ മുപ്പതിനായിരവും നാല്‍പതിനായിരവും ടെസ്റ്റുകള്‍ നടത്തുമ്പോള്‍ കേരളത്തില്‍ കഷ്ടിച്ച് രണ്ടായിരമായിരുന്നു ടെസ്റ്റുകള്‍. പി ആറിനു വേണ്ടി ടെസ്റ്റുകളുടെ എണ്ണം കുറച്ചു, കാണിച്ചു. 

സമ്പര്‍ക്ക വ്യാപനത്തിന്റെ സൂചനകള്‍ നമ്മുക്ക് നേരെത്തെ ലഭിച്ചിട്ടും  ആഘോഷ തിമിര്‍പ്പില്‍ അതിനെ തമസ്‌കരിച്ചതല്ലേ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമായത്? കേരളത്തിലെ ഇപ്പോഴത്തെ  കൊവിഡ് കണക്കുകള്‍ ആശങ്കപ്പെടുത്തുന്ന നിലയിലാണ് വര്‍ദ്ധിക്കുന്നത്. കൊവിഡ്  പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ നിന്നും സര്‍ക്കാര്‍ കൈയൊഴിഞ്ഞ മട്ടാണ്. ആരുടെ തലയിലാണ് തങ്ങളുടെ വീഴ്ച കെട്ടിവയ്ക്കേണ്ടത് എന്ന ഗവേഷണത്തിലാണ് മുഖ്യമന്ത്രി മുഴുകിയിരിക്കുന്നത്. രോഗം വല്ലാതെ പടരുന്ന സാഹചര്യത്തില്‍  ടെസ്റ്റിംഗ് അടിയന്തിരമായി വര്‍ദ്ധിപ്പിക്കണം. ടെസ്റ്റിംഗ് വികേന്ദ്രീകൃതമാക്കണം. ജനങ്ങള്‍ക്ക് സ്വമേധയാ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനം വേണം. അതിനായി സ്വകാര്യ ലാബുകളെ കൂടി സജ്ജരാക്കണം. 

ടെസ്റ്റ് റിസല്‍ട്ട് വൈകുന്നത് മറ്റൊരു പ്രശ്‌നമാണ്. 24 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് റിസള്‍ട്ട് കിട്ടാനുള്ള സംവിധാനം വേണം. ഇത് ലൈവ് ആയി അപ് ലോഡ് ചെയ്യാനുള്ള  ഒരു പോര്‍ട്ടല്‍ അടിയന്തിരമായി സജ്ജമാക്കണം. ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ടു വേണം ഇത് തയ്യാറാക്കാന്‍.
കൊവിഡ്  അല്ലാത്ത  രോഗങ്ങള്‍ക്ക് ചികില്‍സ കിട്ടാത്ത അവസ്ഥയാണിപ്പോള്‍. ഇപ്പോള്‍ പ്രതിപക്ഷത്തെ കുറ്റം പറയന്ന മുഖ്യമന്ത്രി  തുടക്കം മുതല്‍ കൊവിഡിന്റെ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചത്. 

ഇപ്പോഴത്തെ സാഹചര്യത്തില്‍, സര്‍ക്കാര്‍ ആശുപത്രികളൊടൊപ്പം, സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തി നമ്മളുടെ റിസോഴ്സ് ബേസ് 
വർദ്ധിപ്പിക്കണം.  സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നു എന്നും അമിത ഫീസ് ഈടാക്കുന്നില്ല എന്നും ഉറപ്പ് വരുത്തുകയും വേണം. ദിവസവും  പത്ര സമ്മേളനം മാത്രം നടത്തിയാല്‍ തീരുന്നതല്ല  കൊവിഡ്  വ്യാപനമെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും രമേശ് ചെന്നിത്തല കത്തിൽ പറഞ്ഞിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios