സംസ്ഥാനത്ത് മഴ തുടരുന്നു, രണ്ട് ജില്ലകളിൽ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

പത്തനംതിട്ട, കാസർകോട് ജില്ലകളിലാണ്  ഇന്ന് അവധി പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായി. പല ജില്ലകളിലും മഴ തുടരുകയാണ്. 

rain continues in Kerala leave declared in two more districts

കാസർകോട്/ പത്തനംതിട്ട: കനത്ത മഴയെതുർന്നത് സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കാസർകോട് ജില്ലകളിലാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കനത്തമഴ കണക്കിലെടുത്താണ് പത്തനംതിട്ടയിലെ പ്രൊഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പി ബി നൂഹ് അവധി പ്രഖ്യാപിച്ചത്. കാസർകോട്ടും പ്രഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു അറിയിച്ചു. ജില്ലയിൽ കനത്ത മഴ തുടരുകയാണ്.

ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ അവധി ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. കണ്ണൂരില്‍ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കണ്ണൂരിലെ പ്രൊഫഷണൽ കോളേജുകൾക്കും വയനാട്ടിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്കും അവധി ബാധകമല്ല. ഇന്ന് നടക്കേണ്ടിയിരുന്ന കേരള സർവകലാശാലയുടെ എല്ലാ പരീക്ഷകളും പിഎസ്‍സി വകുപ്പ് തല പരീക്ഷകളും മാറ്റിയിട്ടുണ്ട്. 

പമ്പ നദി, മണിമല, അച്ചന്‍കോവില്‍ ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നു വരുകയാണ്. ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. ഇന്നലെ രാത്രി പമ്പാ നദിയില്‍ 10 അടി ജലനിരപ്പ് ഉയര്‍ന്നു. ജില്ലയില്‍ പരക്കെ ശക്തമായ മഴയാണ് പെയ്യുന്നത്.

കോട്ടയത്ത് കിഴക്കൻ മേഖലയിൽ രാത്രി നല്ല മഴ പെയ്തു. പാല - ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറി. മീനച്ചിലാറിൽ ജലനിരപ്പ് നേരിയ തോതിൽ ഉയർന്നു. കിഴക്കൻ മേഖലയിൽ രാത്രി നല്ല മഴ പെയ്തു. 

കുട്ടനാട്ടിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. രാത്രി മുതൽ ഇടവിട്ട് നല്ല മഴ പെയ്യുന്നുണ്ട്. വെള്ളക്കെട്ട് ഒഴിയാത്തതിനാൽ എസി റോഡിലൂടെയുള്ള ഗതാഗതം ഇന്നും തടസ്സപ്പെടും. ആലപ്പുഴയിൽ നിന്ന് മങ്കൊമ്പ് വരെ മാത്രമാകും വാഹനങ്ങൾ പോകുക.

എറണാകുളം ജില്ലയിൽ ചിലയിടങ്ങളിൽ രാത്രി മഴ പെയ്തു. കോതമംഗലം താലൂക്കിൽ രാത്രി മുതൽ ശക്തമായ മഴ പെയ്യുന്നുണ്ട്. കനത്ത മഴയിൽ മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി. ഇതേ തുടർന്ന് പത്തോളം ആദിവാസി കോളനികൾ ഒറ്റപ്പെട്ടു. വെള്ളം കയറിയതിനെ തുടർന്ന് ബ്ലാവന കടവിൽ ജങ്കാർ സർവീസ് നിർത്തിവച്ചു. രാവിലെ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. 

ആലുവായിൽ രാത്രി മുതൽ കനത്ത മഴ പെയ്യുകയാണ്. നഗരത്തിലെ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ പെരിയാറിൽ ജലനിരപ്പുയർന്നു തുടങ്ങി. തൃശ്ശൂരിൽ രാത്രി നല്ല മഴ പെയ്തുവെങ്കിലും രാവിലെ മഴ വിട്ടു നിൽക്കുകയാണ്. 

കോഴിക്കോടും മഴ തുടരുകയാണ്. അതി ശക്തമല്ലെങ്കിലും രാത്രി മുതൽ ജില്ലയിൽ നല്ല മഴയാണ് പെയ്യുന്നത്. കണ്ണൂരിൽ രാത്രി നിർത്താതെ മഴ പെയ്തുവെങ്കിലും രാവിലെ മഴ കുറഞ്ഞു. മലപ്പുറത്തും മഴ നേരിയ തോതിൽ മഴ പെയ്യുന്നുണ്ട്. മഴ പെയ്യുന്നത് കൊണ്ട് കവളപ്പാറയിലെ തെരച്ചിൽ ആരംഭിക്കാൻ വൈകും.

ഇടുക്കിയിൽ രാത്രി മഴ പെയ്തിരുന്നുവെങ്കിലും രാവിലെ വെയിൽ തെളിഞ്ഞു തുടങ്ങിയിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios