'കാണു, ഇതാണ് ഇന്ത്യയുടെ മനോഹാരിത'; മുത്തപ്പനെയും മുസ്ലിം സ്ത്രീയെയും ഏറ്റെടുത്ത് രാഹുൽ ഗാന്ധി
എല്ലാ സംസ്‌കാരങ്ങളെയും ഉൾക്കൊള്ളുക, വ്യത്യസ്തതകൾ ആഘോഷിക്കുക, പരസ്പരം നിലകൊള്ളുക എന്നിവയാണ് ഇന്ത്യ അർത്ഥമാക്കുന്നതെന്നും രാഹുൽ കുറിച്ചു
ദില്ലി: മലബാറിലെ പ്രധാന തെയ്യക്കോലമായ മുത്തപ്പൻ തെയ്യം ഒരു മുസ്ലീം സ്ത്രീയുമായി നടത്തിയ സംഭാഷണത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വൈറലാണ്. കേരളമാകെ ആഘോഷമായ വീഡിയോ ഇപ്പോൾ രാഹുൽ ഗാന്ധി രാജ്യത്തും ചർച്ചയാക്കുന്നു. വയനാട് എം പി കൂടിയായി രാഹുൽ മുത്തപ്പനും മുസ്ലീം സ്ത്രീയുമായി നടത്തിയ സംഭാഷണത്തിന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ട് ഇന്ത്യയുടെ മനോഹാരിത ഇതാണെന്ന് ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ സംസ്‌കാരങ്ങളെയും ഉൾക്കൊള്ളുക, വ്യത്യസ്തതകൾ ആഘോഷിക്കുക, പരസ്പരം നിലകൊള്ളുക എന്നിവയാണ് ഇന്ത്യ അർത്ഥമാക്കുന്നതെന്നും രാഹുൽ കുറിച്ചു.
മുത്തപ്പനും മുസ്ലിം സ്ത്രീയും: വൈറലായവരെ അറിയാം
മുത്തപ്പൻ തെയ്യമാണ് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ താരം. നീ വേറെയല്ല, ഇങ്ങ് അടുത്ത് വാ എന്നൊരു മുസ്ലിം സ്ത്രീയെ വിളിക്കുന്ന മുത്തപ്പൻ. വിവേചനങ്ങളുടെയും വേർതിരിവുകളുടെയും കാലത്ത് മുത്തപ്പന്‍റെ വാക്കുകൾ സാഹോദര്യത്തിന്‍റെ സന്ദേശമായി കേരളം കണ്ടു. ഈ മുത്തപ്പനെയും മുത്തപ്പൻ അനുഗ്രഹിച സ്ത്രീയെയും ഏഷ്യാനെറ്റ് ന്യൂസ് കണ്ടെത്തി. ചെറുവത്തൂര്‍ പടന്നകടപ്പുറത്തെ ബാലകൃഷ്ണന്റെവീട്ടില്‍ കെട്ടിയ തെയ്യമാണ് വൈറലായത്. മുത്തപ്പൻ തെയ്യക്കോലം കെട്ടിയത് സനില്‍ പെരുവണ്ണാനായിരുന്നു. അനുഗ്രഹം വാങ്ങിയതാകട്ടെ റംല എന്ന സ്ത്രീയും. ഇവർ രണ്ടുപേരും ഏഷ്യാനെറ്റ് ന്യൂസിനൊപ്പം പ്രേക്ഷകരുമായി സംവദിച്ചു.
ഏഷ്യാനെറ്റ് ന്യൂസിലൂടെ വിശേഷങ്ങൾ പങ്കിട്ട് സനില്‍ പെരുവണ്ണാനും റംലയും: വീഡിയോ കാണാം
വൈറൽ വീഡിയോ ഇങ്ങനെ
തന്‍റെ മുന്നിലെത്തിയ മുസ്ലീം സ്ത്രീയെ "നീ വേറെയൊന്ന്വല്ല ഇട്വാ...അങ്ങനെ തോന്നിയാ... എന്ന് ചോദിച്ച് അടുത്തേക്ക് വിളിച്ചാണ് മുത്തപ്പന്‍ വെള്ളാട്ടം തന്‍റെ അനുഗ്രഹ വാക്കുകള്‍ ചൊരിഞ്ഞത്. അതിനിടയില്‍ മുത്തപ്പന് മുന്നില്‍ എത്തിയ സ്ത്രീയുടെ കണ്ണ് നിറയുന്നതും, മുത്തപ്പന്‍ ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്. മുത്തപ്പൻ, തിരുവപ്പന, അന്തിത്തറ, കതിവനൂർ വീരൻ, ബാലി തുടങ്ങിയ നിരവധി കോലങ്ങളെ അരങ്ങിലെത്തിച്ച മികച്ച കോലധാരിയാണ് 37 കാരനായ സനിൽ പെരുവണ്ണാൻ. ഡ്രോയിംഗ് അധ്യാപകനും ഗ്രാഫിക്ക് ഡിസൈനറുമായിരുന്ന സനിൽ പെരുവണ്ണാൻ ഇപ്പോൾ മുഴുവൻ സമയം തെയ്യം കോലം കെട്ടുകയാണ്.
മതത്തിന്‍റെ പേരില്‍ ഏറെ കാലൂഷ്യമായ ഒരു കാലഘട്ടത്തില്‍ വലിയൊരു ആശ്വാസമാണ് ഇത്തരം കാഴ്ചകള്‍ എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഉയരുന്ന വാദം. മനുഷ്യർക്ക് നഷ്ടമായികൊണ്ടിരിക്കുന്ന സ്നേഹ സല്ലാപം. കേൾക്കാൻ കാതു വേണം. ഒപ്പം ഹൃദയവും... എന്നാണ് ജയന്‍ മാങ്ങാട് എന്ന ഫേസ്ബുക്ക് യൂസര്‍ ഈ വീഡിയോ പങ്കുവച്ച് പറയുന്നത്. ഇനിയും ഇങ്ങനെയൊക്കെ തന്നെ ആയിരിക്കാൻ ഇതുവരെ കൈപ്പാടകലെ നിർത്തിയവർ അവിടെത്തന്നെ നിന്നോട്ടെ.. എന്നാണ് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്.
'നീ വേറെയൊന്ന്വല്ല ഇട്വാ', മുത്തപ്പൻ തെയ്യം കെട്ടിയാടിയത് ഈ കലാകാരൻ
മുത്തപ്പൻ വെള്ളാട്ടത്തിന്റെ വാക്കുകൾ...
" നീ വേറെയൊന്ന്വല്ല ഇട്വാ...
അങ്ങനെ തോന്നിയാ...
കർമ്മം കൊണ്ടും ജാതി കൊണ്ടും മതം കൊണ്ടും ഞാൻ വേറെയാണ് മുത്തപ്പാ എന്ന് തോന്നിപ്പോയോ...
നിനക്ക് നിൻ്റെ ജീവിതത്തിൽ അങ്ങനെ തോന്നിയാലും എൻ്റെ മുന്നിൽ ൽ അങ്ങനെ പറയല്ലേ...
മുത്തപ്പന കണ്ട്വാ..
സന്തോഷമായോ..
എന്നാ പറയാനില്ലത് മുത്തപ്പനോട്
നിന്‍റെ ജീവിതയാത്രയിൽ എന്തെങ്കിലും പ്രയാസമുണ്ടോ നിനക്ക്.
ഒരു പാട് ബുദ്ധിമുട്ടുകളുണ്ട് നിനക്ക്.
ദൈവത്തിനറിയാം.......
അകമഴിഞ്ഞ ഭക്തി വിശ്വാസത്തിൻ്റെ പ്രാർത്ഥന എന്‍റെ ദൈവത്തിന് എന്നെ തിരിച്ചറിയാൻ പറ്റും .
കണ്ണ് കലങ്ങല്ലേ....
മടയാ
കണ്ണ് നിറഞ്ഞിറ്റാന്നല്ല ഇല്ലത്.
അഞ്ച് നേരത്തെ നിസ്കാരത്തെ അനുഷ്ഠിക്കുന്നുണ്ട്.
പതിനേഴ് റക്കായത്തുകളെ അനുഷ്ഠിക്കുന്നുണ്ട്.
എങ്കിലും എനിക്ക് ശാശ്വതമായിരിക്കുന്ന സന്തോഷം ഈ ഭൂമിയിൽ ഇതുവരെ കിട്ടീട്ടില്ല തമ്പുരാനേ എന്ന ഈശ്വര ഭക്തിയോടെ
എന്ന മനസ്സിന്‍റെ പരിഭവത്തോടെയാണ് എന്‍റെ കയ്യരികേ വന്നിട്ടുള്ളത്.
ആർക്കും ഈ ജീവിതത്തിൽ അപരാധവും തെറ്റ് കുറ്റവും ഒന്നും ഞാൻ ചെയ്തിട്ടില്ല.
ഈ. ജന്മം കൊണ്ട് ഒരു പിഴവുകളും എൻ്റെ കയ്യിന്ന് വന്ന് പോയിട്ടില്ല ദൈവേ...
എല്ലാവർക്കും നല്ലത് വരണമെന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ.
എന്നെ ഉപദ്രവിച്ചവർക്കു പോലും എന്നെ ഉപദ്രവിച്ച ശത്രുക്കൾക്ക് പോലും നല്ലത് വരണമെന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു ദൈവേ...
എന്നിട്ടും എന്തേ എൻ്റെ ദൈവം എന്നെ തിരിഞ്ഞ് നോക്കാത്തത്.
എല്ലാവർക്കും എല്ലാ സന്തോഷവും എൻ്റെ ദൈവം കൊടുക്കുന്നില്ലേ..
എന്നിട്ടും എന്തെ ദൈവേ എന്നെ ഇങ്ങനെ പ്രയാസത്തിലാക്ക്ന്നത്.
എൻ്റെ മക്കൾക്ക് എൻ്റെ കുടുംബത്തിന്
എന്തുകൊണ്ട് എൻ്റെ ദൈവം തുണയായി നില്ക്കുന്നില്ല.
എന്ന ഒരു തോന്നൽ നിൻ്റെ ഉള്ളിലുണ്ട്.
പരിഭവം നിറഞ്ഞ പരാതിയുമായി നീ വന്നതെങ്കിൽ കണ്ണ് നിറയല്ല കേട്വാ..,
പള്ളിയും പള്ളിയറയും മടപ്പുരയും വേറിട്ടല്ല എനിക്ക്.
ഞാൻ നിൻ്റെ നാഥൻ തന്നെ
തമ്പുരാനെ എന്നല്ലേ വിളിക്കേണ്ടത്.
നബിയെന്നോ മലയിൽ വാഴും മഹാദേവൻ പൊന്മല വാഴും മുത്തപ്പനെന്നോ വേർതിരിവ് നിങ്ങൾക്കില്ല.
പള്ളിയും പള്ളിയറയും മുത്തപ്പനൊരു പോലെയാ.
നിറഞ്ഞൊഴുകിയ കണ്ണരിന് തുല്യമായിട്ട് ജീവിതകാലത്തിൻ്റെ യാത്രയിൽ
സമാധാനവും സന്തോഷവും ഈശ്വരൻ തന്നാൽ പോരേ...
പറഞ്ഞ വാക്ക് പതിരുപോലെ ആക്കിക്കളയാതെ
കതിര് പോലെ മുത്തപ്പൻ തന്നാ പോരേ..
ചേർത്ത് പിടിക്ക.
ഇത് വെറും വാക്കല്ല...."
"നീ വേറെയൊന്ന്വല്ല ഇട്വാ...അങ്ങനെ തോന്നിയാ..." കൈപിടിച്ച് മുത്തപ്പന്‍; സോഷ്യല്‍ മീഡിയ വൈറലായി വീഡിയോ