Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിക്ക് തലക്ക് വെളിവില്ലേയെന്ന് അൻവർ; 'താൻ വിചാരിച്ചാൽ 25 പഞ്ചായത്തുകളിൽ എൽഡിഎഫിന് ഭരണം പോകും'

'വല്ലാത്ത പ്രതിസന്ധിയുണ്ടാക്കുന്ന ബാപ്പയെ മകൻ കുത്തിക്കൊല്ലുന്നതും പിന്നീട് ആത്മഹത്യ ചെയ്യുന്നതോ നാടുവിടുന്നതോ കണ്ടിട്ടില്ലേ?'

PV Anver says LDF will lose 25 panchayat in three districts if he CPIM continues challenging him
Author
First Published Sep 30, 2024, 9:27 AM IST | Last Updated Sep 30, 2024, 9:42 AM IST

മലപ്പുറം: സ്വർണക്കള്ളക്കടത്തിൽ താനുന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തലക്ക് വെളിവില്ലാത്തതാണെന്ന് പിവി അൻവർ. വല്ലാത്ത പ്രതിസന്ധിയുണ്ടാക്കുന്ന ബാപ്പയെ മകൻ കുത്തിക്കൊല്ലുന്നതും പിന്നീട് ആത്മഹത്യ ചെയ്യുന്നതോ നാടുവിടുന്നതോ കണ്ടിട്ടില്ലേ? സ്വർണ കള്ളക്കടത്തിൽ പി.ശശിക്ക് പങ്കുണ്ട്. ഒരു എസ്.പിമാത്രം വിചാരിച്ചാൽ ഇതൊന്നും നടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസും കൂട്ടവുമായി തന്നെ നേരിടാനാണ് ശ്രമമെങ്കിൽ വരട്ടെ, കാണാം എന്ന് അൻവർ പറ‌ഞ്ഞു. താൻ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കില്ല എന്നല്ല പറഞ്ഞത്. താൻ ഇന്നലെയിട്ട സർവേയിൽ 1.2 ദശലക്ഷം ആളുകൾ പ്രതികരിച്ചു. അതിൽ 90 ശതമാനവും പോസിറ്റിവ് പ്രതികരണം. തനിക്ക് സ്വാർത്ഥ താത്പര്യമില്ല. താനിപ്പോൾ പറയുന്നത് കേൾക്കാൻ ജനമുണ്ട്. ആളുകൾ കുറയുമെന്ന് തനിക്കറിയാം. ഇതെല്ലാം മനസിലാക്കിയാണ് താൻ സംസാരിക്കുന്നത്.

തൻ്റെ പൊതുയോഗത്തെ ജനങ്ങൾ വിലയിരുത്തട്ടെ. പൊതുയോഗം വിപ്ലവമാവുമെന്ന് പറഞ്ഞു അത് സംഭവിച്ചു. പി.വി.അൻവറിൻ്റെ നെഞ്ചത്ത് കയറാതെ സർക്കാർ യുവാക്കളുടെ കാര്യം നോക്കണം. ഇപ്പോൾ തീരുമാനിച്ചാൽ മലപ്പുറം ജില്ലയിൽ മാത്രം 25 പഞ്ചായത്തുകളിൽ ഇടതു മുന്നണിക്ക് ഭരണം നഷ്ടപ്പെടും. മലപ്പുറത്തും കോഴിക്കോടും പാലക്കാടും പഞ്ചായത്തുകളിൽ എൽഡിഎഫിന് ഭരണം നഷ്ടമാകും. അൻവറിനെ സ്നേഹിക്കുന്നവർ 140 മണ്ഡലത്തിലുമുണ്ട്. സി.പി.എം വെല്ലുവിളിച്ചാൽ ഏറ്റെടുക്കാൻ തയ്യാറാണ്. തന്നെ വർഗീയവാദിയാക്കാനാണ് ശ്രമം. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് സർവേ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിൽ ആദ്യ രണ്ട് ദിവസം താൻ പോകില്ല. കൂടുതൽ പൊതുയോഗങ്ങൾ നടത്തിയ ശേഷമേ നിയമസഭയിലേക്ക് പോകൂ. അവിടെ ഒരു കസേര ഉണ്ടാകുമെന്ന് കരുതുന്നു. ഇല്ലങ്കിൽ നിലത്തിരിക്കുമെന്നും അൻവർ പറഞ്ഞു.

കക്കാടംപൊയിലിലെ പാർക്കിൽ തടയണയുണ്ടോയെന്ന് അവിടെ പോയി നോക്കട്ടെ. താൻ ആ വഴിക്ക് തന്നെ പോകാറില്ല. ഇപ്പോൾ ഹൈ സ്പീ‍ഡ് മെഷീനൊക്കെ വരും. മൂന്നര കോടി ജനത്തിനും സഖാക്കൾക്കും ഇതിൽ കൃത്യമായ ബോധ്യമുണ്ട്. ദുബൈയിലും വിദേശത്തും പൊലീസിന് പോകാനാവില്ലല്ലോ. സ്വർണം കടത്തി കൊണ്ടുവന്ന് ആർക്കാണ് കൊടുക്കുന്നതെന്ന് പൊലീസ് അന്വേഷിച്ചോ? മുഖ്യമന്ത്രി എന്താണ് തലക്ക് വെളിവില്ലാതെ പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios