കൊവിഡ് വൈറസിനെക്കുറിച്ച് ചോദ്യം: സെന്‍കുമാറിന്‍റെ വാര്‍ത്താസമ്മേളനം അലങ്കോലമായി

സെന്‍കുമാര്‍ സംസാരിക്കുന്നതിനിടെ അണികളില്‍ ഒരാള്‍ വനിത മാധ്യമപ്രവര്‍ത്തകയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചത് ബഹളത്തിന് കാരണമായി. 

press meeet of tp senkumar ends in boycott

കൊല്ലം: മുന്‍ഡിജിപി ടിപി സെന്‍കുമാര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനം അലങ്കോലമായി. ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ വൈറസ് ബാധയുണ്ടാവാന്‍ സാധ്യയില്ലെന്ന സെന്‍കുമാറിന്‍റെ പരാമര്‍ശം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചതോടെയാണ് വാര്‍ത്താസമ്മേളനം അലങ്കോലമായത്.

ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഹാളിലുണ്ടായിരുന്ന ബിഡിജെഎസ് പ്രവര്‍ത്തകര്‍ തിരിയുകയും തട്ടിക്കയറുകയും ചെയ്തു. ഇതിനിടെ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയുടെ ഫോട്ടോയെടുക്കാന്‍ ബിഡിജെഎസ് പ്രവര്‍ത്തകന്‍ ശ്രമിക്കുകയും ഇയാളുടെ ഫോണ്‍ മാധ്യമപ്രവര്‍ത്തക പിടിച്ചു വാങ്ങുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തിന് എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിഡിജെഎസ് പ്രവര്‍ത്തകര്‍ ഇങ്ങനെയൊക്കെ പെരുമാറിയിട്ടും അവരെ തടയനോ ബഹളം അവസാനിപ്പിക്കാനോ സെന്‍കുമാര്‍ ഇടപെട്ടില്ല.

കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സുഭാഷ് വാസു വിഭാഗത്തിന്‍റെ സ്ഥാനാര്‍ത്ഥിയായി ടിപി സെന്‍കുമാര്‍ ആണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തകയോഗത്തിനിടെ സെന്‍കുമാര്‍ സംസാരിക്കുമെന്ന് മാധ്യമങ്ങളെ അറിയിച്ചതും അവരെ യോഗത്തിലേക്ക് ക്ഷണിച്ചതും സുഭാഷ് വാസുവാണ്. 

രാവിലെ 11 മണിക്ക് വാര്‍ത്താസമ്മേളനം ആരംഭിക്കും എന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടിയ അറിയിപ്പ്. എന്നാല്‍ 12 മണി ആയിട്ടും മുന്‍ഡിജിപി ഹാളിലെത്തിയില്ല. ഇതോടെ സെന്‍കുമാറിനെ നേരിട്ട ഫോണില്‍ വിളിച്ച മാധ്യമപ്രവര്‍ത്തകരോട് താന്‍ അങ്ങനെ ഒരു വാര്‍ത്തസമ്മേളനം വിളിച്ചിട്ടില്ല എന്നായിരുന്നു സെന്‍കുമാറിന്‍റെ മറുപടി. 

ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ മടങ്ങിപ്പോകാന്‍ ഒരുങ്ങിയെങ്കിലും സുഭാഷ് വാസു ഇടപെട്ട് തടഞ്ഞു. അല്‍പസമയത്തിനകം സെന്‍കുമാര്‍ ഹാളിലെത്തി. വൈകാതെ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കാന്‍ ആരംഭിച്ചു. കോവിഡ് വൈറസ് ബാധയെക്കുറിച്ച് സംസാരിച്ചു തുടങ്ങിയ സെന്‍കുമാര്‍ നമ്മുക്ക് ചുറ്റും വൈറസ് അതിവേഗം പടരുകയാണെന്നും കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സനാതന ധര്‍മ്മത്തിലേക്കുള്ള മടങ്ങിപ്പോക്കായി മാറുകയാണെന്നും അവകാശപ്പെട്ടു.

സനാതന ധര്‍മ്മത്തിലേത് പോലെ കൈക്കൂപ്പി നമസ്തേ പറയുന്നതും, വീട്ടിലെത്തിയാല്‍ കൈയ്യും കാലും കഴുകി മാത്രം അകത്തു കയറുന്നതും, മൃതദേഹം കത്തിച്ചു കളയുന്നതുമെല്ലാം നാം വീണ്ടും നിര്‍ബന്ധമാക്കേണ്ടി വന്നിരിക്കുന്നു. ചൈനക്കാര്‍ പോലും അവരുടെ ഭക്ഷണക്രമം ഇപ്പോള്‍ മാറ്റിയിരിക്കുകയാണ്. പിന്നെ ഇവിടുത്തെ കാര്യം പറയുമ്പോള്‍ എസ്എന്‍ഡിപിയില്‍ ചില കൊറോണ വൈറസുകള്‍ കുറേക്കാലമായി പിടിച്ചിരിപ്പുണ്ട്. അവയ്ക്കെതിരെ ശക്തമായ വാക്സിന്‍ പ്രയോഗിക്കേണ്ട സമയമാണിതെന്നും കൂടി നിലവിലെ എസ്എന്‍ഡിപി നേത്വത്തിനെതിരെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടു സെന്‍കുമാര്‍ പറഞ്ഞു. 

ആറ്റുകാല്‍ പൊങ്കാല നടക്കുമ്പോള്‍ അന്തരീക്ഷ താപനില കൂടുതലായിരിക്കുമെന്നും ഈ താപനിലയില്‍ വൈറസ് നിലനില്‍ക്കില്ലെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആ പ്രസ്താവനയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതായി സെന്‍കുമാര്‍ വ്യക്തമാക്കി. താന്‍ പറഞ്ഞത് ലോകപ്രശസ്ത ആരോഗ്യവിദഗ്ദ്ധന്‍ പോള്‍ ഹെയ്ലിയുടെ അഭിപ്രായമാണെന്നും ഇതു തന്‍റെ ഫോണിലുണ്ടെന്നും നിങ്ങളുടെ ഫോണില്‍ ഇല്ലെങ്കില്‍ താന്‍ അതു കാണിച്ചു തരാമെന്നും സെന്‍കുമാര്‍ പറഞ്ഞു. 

ഇതിനു പിന്നാലെ സെന്‍കുമാറിന്‍റെ വിവാദപ്രസ്താവനയ്ക്ക് എതിരെ പ്രതികരിച്ച ഇന്‍ഫോ ക്ലിനിക്ക് പ്രവര്‍ത്തകയും മഞ്ചേരി മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഓഫീസറുമായ ഷിംന അസീസിനെതിരെയും അദ്ദേഹം രൂക്ഷമായ വിമര്‍ശനം നടത്തി. വാക്സിന്‍ വിരുദ്ധ പ്രചാരണത്തിനിടെ ഡോ.ഷിംന അസീസ് ഒന്നും ചെയ്തിട്ടില്ലെന്നും ചില പ്രത്യേക കാര്യങ്ങളില്‍ മാത്രമാണ് ഷിംന പ്രതികരിക്കുന്നതെന്നും സെന്‍കുമാര്‍ ആരോപിച്ചു. ഇതിനിടെയാണ് ഹാളിലുണ്ടായിരുന്ന ബിഡിജെഎസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞതും വാര്‍ത്താസമ്മേളനം അലങ്കോലമായതും. 

ഇതോടെ പത്രസമ്മേളനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ മറ്റുള്ളവര്‍ മാറി നില്‍ക്കണമെന്ന്  മാധ്യമപ്രവര്‍ത്തകര്‍ നിലപാട് എടുത്തു. ഈ ബഹളത്തിനിടെയാണ് ഹാളിലുണ്ടായിരുന്ന പ്രവര്‍ത്തകരിലൊരാള്‍ വനിത മാധ്യമപ്രവര്‍ത്തകയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചത്. ഇയാളുടെ ഫോണ്‍ മാധ്യമപ്രവര്‍ത്തക പിടിച്ചു വാങ്ങി. അനുവാദമില്ലാതെ സ്ത്രീകളുടെ ചിത്രമെടുത്താല്‍ കേസെടുക്കുന്ന വകുപ്പ് ഏതാണെന്ന് മുന്നിലിരിക്കുന്ന മുന്‍ഡിജിപിയോട് ചോദിച്ചു മനസിലാക്കാന്‍ പറഞ്ഞു കൊണ്ട് മാധ്യമപ്രവര്‍ത്തക ഫോണില്‍ നിന്നും ചിത്രം ഡിലീറ്റ് ചെയ്തു. ഇത്രയും ബഹളം നടന്നെങ്കിലും ഇതിലൊന്നും ഇടപെടാന്‍ സെന്‍കുമാര്‍ തയ്യാറായില്ല. ബഹളം അവസാനിപ്പിക്കാന്‍ സുഭാഷ് വാസു ശ്രമിച്ചെങ്കിലും  മാധ്യമപ്രവര്‍ത്തകര്‍ പത്രസമ്മേളനം ബഹിഷ്കരിച്ചു പുറത്തേക്ക് പോയി. 

Latest Videos
Follow Us:
Download App:
  • android
  • ios