വിവാദമാവുന്ന കൊവിഡ് രോഗികളുടെ ഫോൺ രേഖാ ശേഖരണം; നടപടി ഒഴിച്ചുകൂടാനാവാത്ത കേസുകളിൽ മാത്രമെന്ന് പൊലീസ്
വിവരം നൽകാൻ വിമുഖത കാണിക്കുന്നവരുടെയും രാഷ്ട്രീയ നേതാക്കളോ ആരോഗ്യപ്രവർത്തകരോ പോലെ സാമൂഹ്യ സമ്പർക്കം കൂടിയവരുടെയും കേസുകളിൽ മാത്രമാണ് വിശദമായ ഫോൺ വിളി രേഖ പരിശോധിക്കേണ്ടി വരികയെന്ന് പൊലീസ്.
തിരുവനന്തപുരം: കൊവിഡ് രോഗികളുടെ സമ്പർക്ക പട്ടിക കണ്ടെത്താൻ പൊലീസ് ശേഖരിക്കുന്നത് വിപുലമായ ഫോൺരേഖ. എന്നാൽ ചുരുക്കം കേസുകളിൽ മാത്രമേ ഫോൺ രേഖ വിശദമായി പരിശോധിക്കുന്നുള്ളൂവെന്ന് പൊലീസ് വിശദീകരിക്കുന്നു. ശേഖരിക്കുന്ന വിവരങ്ങൾ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയിലെ ആശങ്ക പങ്കുവെക്കുകയാണ് നിയമവിദഗ്ദർ.
ഗൃഹസന്ദർശനം, സമ്പർക്ക പട്ടിക കണ്ടെത്തൽ, കണ്ടെയ്ന്‍മെന്റ് നിരീക്ഷണം എന്നിങ്ങനെ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് കുറ്റാന്വേഷണ സംവിധാനങ്ങളടക്കം ഉപയോഗിച്ച് സർക്കാരേൽപ്പിച്ച ദൗത്യത്തിനായി പ്രവർത്തിക്കുന്നത്. രോഗിയെ കണ്ടെത്തുന്നതോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് സഞ്ചാരപഥം ശേഖരിക്കുന്നു. നേരിട്ട് ചോദിച്ചറിഞ്ഞ വിവരങ്ങൾക്കൊപ്പം പ്രദേശം മാപ്പുപയോഗിച്ച് അടയാളപ്പെടുത്തുന്നു. കണ്ടെയ്ന്‍മെന്റ് മാപ് അടയാളപ്പെടുത്തുന്നതും ഇങ്ങനെയാണ്. ഇൻസ്റ്റാൾ ചെയ്ത മൊബൈൽ ആപ്പ് വഴി രോഗിയുടെ ക്വറന്റീൻ നിരീക്ഷിക്കുന്നു.
വിവരം നൽകാൻ വിമുഖത കാണിക്കുന്നവരുടെയും രാഷ്ട്രീയ നേതാക്കളോ ആരോഗ്യപ്രവർത്തകരോ പോലെ സാമൂഹ്യ സമ്പർക്കം കൂടിയവരുടെയും കേസുകളിൽ മാത്രമാണ് വിശദമായ ഫോൺ വിളി രേഖ പരിശോധിക്കേണ്ടി വരികയെന്ന് പൊലീസ് വിശദീകരിക്കുന്നു. മുൻപത്തേതിനേക്കാൾ 60 ശതമാനത്തിലധികം വിവരങ്ങൾ പൊലീസ് ഇടപെടലിലൂടെ ലഭിക്കുന്നുവെന്ന് പൊലീസ് അവകാശപ്പെടുന്നു. എന്നാൽ ഇവ പൊലീസിന്റെയും സർക്കാരിന്റെയും താൽപ്പര്യങ്ങൾക്കനുസരിച്ച് ദുരുപയോഗം ചെയ്യപ്പെടുന്നതിലെ സാധ്യതയാണ് നിയമവിദഗ്ദർ മുന്നോട്ട് വെക്കുന്നത്.