കൊവിഡ് വ്യാപനം കുറയുന്നില്ല; സംസ്ഥാനത്ത് ഇന്ന് 962 കൊവിഡ് കേസുകള്‍, 815 പേര്‍ക്ക് രോഗമുക്തി
ഇന്ന് കൊവിഡ് ബാധിച്ചവരില്‍ വിദേശത്ത് നിന്ന് 55 പേരും മറ്റ സംസ്ഥാനങ്ങളിൽ നിന്ന് 85 പേരുമാണ് വന്നത്. 15 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 815 പേര്‍ രോഗമുക്തി തേടി. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഉറവിടം അറിയാത്ത 40 കേസുകളാണുള്ളത്. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് രണ്ടുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. തിരുവനന്തപുരം പെരുമ്പഴുതൂർ സ്വദേശി ക്ലീറ്റസ് 68, ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ 58 എന്നിവരാണ് മരിച്ചത്. ഇന്ന് കൊവിഡ് ബാധിച്ചവരില്‍ വിദേശത്ത് നിന്ന് 55 പേരും മറ്റ സംസ്ഥാനങ്ങളിൽ നിന്ന് 85 പേരുമാണ് വന്നത്. 15 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഇന്നും തിരുവനന്തപുരത്താണ് കൂടുതൽ രോഗികൾ. 205 പേര്‍ക്കാണ് തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 106, ആലപ്പുഴ 101, തൃശൂർ 85, മലപ്പുറം 85, കാസർകോട് 66, പാലക്കാട് 59, കൊല്ലം 57, കണ്ണൂർ 37, പത്തനംതിട്ട 36, കോട്ടയം 35, കോഴിക്കോട് 33, വയനാട് 31, ഇടുക്കി 26 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
നെഗറ്റീവ് ആയവരുടെ കണക്കുകള്‍: തിരുവനന്തപുരം 253, കൊല്ലം 40, പത്തനംതിട്ട 59, ആലപ്പുഴ 50, കോട്ടയം 55, ഇടുക്കി 54, എറണാകുളം 38, തൃശ്ശൂർ 52, പാലക്കാട് 67, മലപ്പുറം 38, കോഴിക്കോട് 26, വയനാട് 8, കണ്ണഊർ 25, കാസർകോട് 50.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
24 മണിക്കൂറിനിടെ 19343 സാമ്പിളുകൾ പരിശോധിച്ചു. 145234 പേർ നിരീക്ഷണത്തിലുണ്ട്. 10779 പേർ ആശുപത്രിയിലുണ്ട്. 1115 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11484 പേർ ചികിത്സയിൽ ഉണ്ട്. ആകെ 4.29 ലക്ഷം സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 3926 ഫലം വരാനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 127233 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 1254 എണ്ണം നെഗറ്റീവായി.സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 506. സമ്പർക്ക വ്യാപനം മൂലമുള്ള രോഗബാധ കൂടിവരുകയാണ്. കണ്ടെയിന്‍മെന്‍റ് സോൺ കണ്ടെത്തി മാർക്ക് ചെയ്യാൻ പൊലീസിനെ ചുമതലപ്പെടുത്തുന്നു. ജില്ലാ പൊലീസ് മേധാവിമാർ ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണം. കണ്ടെയിന്‍മെന്‍റ് സോണിൽ നിയന്ത്രണം ഫലപ്രദമാക്കാൻ പൊലീസ് നടപടി കർശനമാക്കും.
ക്വാറന്‍റീന്‍ ലംഘിച്ച് ചിലർ പുറത്തിറങ്ങുന്നു. മാനദണ്ഡങ്ങൾ ലംഘിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. രോഗവ്യാപന തോത് വർധിക്കാൻ ഇത് പ്രധാന ഘടകം. നിയന്ത്രണത്തിനുള്ള പൂർണ്ണ ചുമതല പൊലീസിന് നൽകുന്നു. സമ്പർക്ക വിലക്ക് ലംഘിച്ചാൽ ബന്ധപ്പെട്ടവർ പൊലീസിനെ അറിയിക്കണം. മാർക്കറ്റുകളിലും പൊതു സ്ഥലങ്ങളിലും ആളുകൾ അകലം പാലിക്കുന്നുവെന്ന് പൊലീസ് ഉറപ്പാക്കണം. നിരീക്ഷണത്തിൽ ആശുപത്രിയിൽ കഴിയുന്നവർ ഇവിടെ നിന്ന് കടന്നുകളയുന്നു. ഇത്തരക്കാരെ കണ്ടെത്താന്‍ പൊലീസ് പെട്ടെന്ന് നടപടിയെടുക്കണം. പോസിറ്റീവായ ഒരാളുടെ കോണ്ടാക്ട് കണ്ടെത്തണം. പ്രൈമറി, സെക്കന്‍ററി കോണ്ടാക്ടാണ് കണ്ടെത്തേണ്ടത്. ഇത് പൊലീസ് നേരിട്ട് നിർവഹിക്കണം.
അന്വേഷണ മികവ് അവർക്കുണ്ട്. ഇത്തരക്കാരെ കണ്ടെത്താൻ എസ്ഐയുടെ നേതൃത്വത്തിൽ ടീം പ്രവർത്തിക്കും. കോണ്ടാക്ട് ട്രേസിങ് നടത്തലാണ് ടീമിന്‍റെ പ്രധാന ചുമതല. പോസിറ്റീവ് ആളുകളുടെ സമ്പർക്ക പട്ടിക ഇപ്പോഴത്തെ വ്യാപന സാഹചര്യം പരിഗണിച്ച്, ചുമതല പൊലീസിന് നൽകുന്നു. 24 മണിക്കൂറിനകം കോണ്ടാക്ടുകള്‍ കണ്ടെത്തണം. കണ്ടെയിന്‍മെന്‍റ് സോണിലും പുറത്തും അകലം പാലിക്കണം. 24 മണിക്കൂറും പൊലീസ് ജാഗ്രത പാലിക്കണം. ആശുപത്രികൾ, പച്ചക്കറി മാർക്കറ്റ്, മത്സ്യ മാര്‍ക്കറ്റ്, വിവാഹ വീടുകൾ, മരണ വീടുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇക്കാര്യത്തിൽ സംസ്ഥാന തലത്തിൽ പ്രവർത്തനം ഏകോപിപ്പിക്കാൻ ആവശ്യമായ നിർദ്ദേശവും ഉപദേശവും നൽകാൻ സംസ്ഥാന പൊലീസ് നോഡൽ ഓഫീസറായ കൊച്ചി കമ്മീഷണർ വിജയ് സാഖറയെ നിശ്‍ചയിച്ചു.
കണ്ടെയിന്‍മെന്‍റ് സോണുകൾ നിശ്ചയിക്കുന്നതിൽ മാറ്റം. പോസിറ്റീവായ ആളുകളുടെ കോണ്ടാക്ടുകൾ കണ്ടെത്തിയാൽ ഇവർ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തും. അത് വേർതിരിച്ച് കണ്ടെയിന്‍മെന്‍റ് സോണാക്കും. ഇതിന് കൃത്യമായ മാപ്പ് തയ്യാറാക്കും. ഇതിന്‍റെ അടിസ്ഥാനത്തിൽ കണ്ടെയിന്‍മെന്‍റ് സോൺ പ്രഖ്യാപിക്കും. മാറ്റം പോസിറ്റീവ് രോഗികളുടെ പ്രദേശത്തെ പ്രത്യേകം മാപ്പ് ചെയ്തുകൊണ്ടായിരിക്കും. ഇവിടങ്ങളിൽ ഇപ്പോഴുള്ളത് പോലെത്തന്നെ നിയന്ത്രണങ്ങൾ കർക്കശമായി പാലിക്കാനുള്ള വ്യവസ്ഥകൾ ഉണ്ടാകും.
ഈ സോണിലെ ആളുകൾക്ക് പുറത്തേക്കോ, മറ്റുള്ളവർക്ക് കണ്ടെയിന്‍മെന്‍റ് സോണിലേക്കോ പോകാൻ അനുവാദം ഉണ്ടാകില്ല. അവശ്യസാധനം വീടുകളിൽ എത്തിക്കും. അതിന് കടകളെ സജ്ജമാക്കും. കടകൾ വഴി വിതരണം ചെയ്യും. അതിന് പ്രയാസമുണ്ടെങ്കിൽ പൊലീസോ, പൊലീസ് വളണ്ടിയറോ അവശ്യ സാധനം വീട്ടിലെത്തിക്കും. കണ്ടെയിന്‍മെന്‍റ് സോൺ ഒഴിവാക്കുന്നത് ഇതിനകത്തുള്ള പ്രൈമറി സെക്കന്‍ററി കോണ്ടാക്ടുകൾ രോഗമുക്തമായെന്ന് ഉറപ്പാക്കിയായിരിക്കും.
ഇത് സ്വാഭാവികമായും കുറച്ചധികം പ്രയാസം ആളുകൾക്ക് ഉണ്ടാക്കും. രോഗം വന്ന് ജീവഹാനി ഉണ്ടാകുന്നതിലും ഭേദം പ്രയാസം അനുഭവിക്കലാണ്. സമ്പർക്കമാണ് രോഗവ്യാപനത്തിന് കാരണം. ഇതൊഴിവാക്കണം. ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം വേണം. രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പൊലീസ് ആസ്ഥാനം ഭാഗികമായി ഏതാനും ദിവസത്തേക്ക് അടക്കും. ഇത് പൊലീസിന്‍റെ പ്രവർത്തനത്തെ ബാധിക്കില്ല. കൺട്രോൾ റൂമും വയർലെസ് സംവിധാനവും നടക്കും. അണുനശീകരണം പൂർത്തിയായാൽ പൊലീസ് ആസ്ഥാനം പൂർണ്ണമായ തോതിൽ പ്രവർത്തനം തുടരും.
കണക്കുകൾ പറയുന്നത് മഹാമാരിയെ പിടിച്ചുകെട്ടാൻ സർവശക്തിയും എടുക്കേണ്ടതുണ്ടെന്നാണ്. അലംഭാവം ഉണ്ടാകരുത്. ഗൗരവ ബോധവും ജാഗ്രതയും വേണം. ലാർജ് ക്ലസ്റ്ററുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണ് തിരുവനന്തപുരത്ത്. പൂന്തുറ, പുല്ലുവിള, പുതുക്കുറുച്ചി, വിഴിഞ്ഞം, പാറശാല, പെരുമാതുറ, കാരോട് തുടങ്ങി 13 ലാർജ് ക്ലസ്റ്ററുകളുണ്ട്. ജില്ലയിൽ ഇന്ന് രണ്ട് പോസിറ്റീവ് മാത്രമാണ് പുറത്ത് നിന്ന് വന്നത്. 192 പേർക്കും സമ്പർക്കം. അഞ്ച് പേരുടെ ഉറവിടം അറിയില്ല. സ്ഥിതി ഗുരുതരം.
കൊല്ലത്ത് ജില്ലാ ജയിലിൽ അന്തേവാസികൾക്ക് പനി ലക്ഷണം കണ്ടു. പരിശോധനയിൽ 57 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഗുരുതര രോഗമുള്ള അഞ്ച് പേരെ പാരിപ്പള്ളിയിലും മറ്റുള്ളവരെ ചന്ദനത്തോപ്പ് ഐടിഐയിലെ എഫ്എൽടിസിയിലേക്കും മാറ്റി. ജയിൽ ഉദ്യോഗസ്ഥനിൽ നിന്ന് രോഗം ബാധിച്ചെന്നാണ് കരുതുന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ ഓരോ ഡിവിഷനിലും കൊവിഡ് സ്രവ പരിശോധനയ്ക്ക് കിയോസ്ക് തുടങ്ങും. 23 കിയോസ്കുകൾക്കും ആന്‍റിജന്‍ ടെസ്റ്റിനുമായി 3.40 ലക്ഷം രൂപ മാറ്റിവച്ചു.
എറണാകുളത്ത് ആലുവ ക്ലസ്റ്ററിൽ ചൂർണ്ണിക്കര, എടത്തല പ്രദേശങ്ങളിൽ രോഗവ്യാപനം ശക്തം. നെല്ലിക്കുഴി, കോട്ടപ്പടി എന്നിവിടങ്ങളിലും കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തി. ഇന്ന് 78 പേർക്ക് സമ്പർക്ക വ്യാപനമാണ്. പശ്ചിമ കൊച്ചിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തൃക്കാകര കരുണാലയം ആക്ടീവ് ക്ലസ്റ്ററായി തുടരുന്നു. ജില്ലയിലെ മഠങ്ങളിലും വൃദ്ധസദനങ്ങളിലും രോഗവ്യാപനത്തെ ഗുരുതരമായി കാണുന്നു.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ക്ലസ്റ്റർ കെയർ ആരംഭിച്ചു. 174 ക്ലസ്റ്ററുകളാണ് ഇതുവരെ കണ്ടെത്തി നിയന്ത്രണം തുടങ്ങിയത്. 32 ക്ലസ്റ്ററുകൾ രോഗവ്യാപനം തടഞ്ഞ് പൂർണ്ണമായും നിയന്ത്രണം. 34 ഇടത്ത് രോഗവ്യാപനം വർധിക്കുന്നു. 51 ഇടത്ത് തല്‍സ്ഥിതി തുടരുന്നു. 57 ഇടത്ത് വർധനവുണ്ട്. ഒരു പ്രത്യേക മേഖല കേന്ദ്രീകരിച്ച് അപ്രതീക്ഷിതമായി കൊവിഡ് കേസ് വൻതോതിൽ റിപ്പോർട്ട് ചെയ്യുമ്പോഴാണ് അത് ക്ലസ്റ്ററാകുന്നത്.
കൊവിഡ് ബാധിതരെ നേരത്തെ കണ്ടെത്തി ക്ലസ്റ്ററുകളായി തിരിച്ച് പ്രവർത്തനം ശക്തമാക്കിയില്ലെങ്കിൽ സമൂഹവ്യാപനം ഉണ്ടാകും. പ്രദേശത്തെ ക്ലസ്റ്ററാക്കിയാൽ റാപ്പിഡ് റെസ്പോൺസ് ടീമിനെ സജ്ജമാക്കണം. കൺട്രോൾ റൂമിന്‍റെ നേതൃത്വത്തിൽ ക്ലസ്റ്റർ പ്രവർത്തിക്കും., രോഗവ്യാപനം തടയാൻ പ്രദേശം കണ്ടെയിന്‍മെന്‍റ് സോണാക്കും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ജനത്തെ ക്വാറന്‍റീനിലാക്കും. ക്ലസ്റ്ററിൽ ഏറ്റവും പ്രധാനം കോണ്ടാക്ട് ട്രേസിങാണ്. ടെസ്റ്റിങ്, ഐസൊലേഷൻ എന്നിവയടങ്ങിയ ക്ലസ്റ്റർ രൂപരേഖ ഉപയോഗിച്ചാണ് പ്രൈമറി, സെക്കണ്ടറി കോണ്ടാക്ടിൽ ഉള്ളവരെ പരിശോധിക്കുന്നത്.
തീരദേശ മേഖലകളിൽ കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നു. ഈ മേഖലയ്ക്ക് ക്ലസ്റ്റർ നിയന്ത്രണത്തിന് പ്രത്യേക രൂപരേഖ തയ്യാറാക്കി. മലയോര മേഖലയിൽ ആദിവാസി സമൂഹത്തിനിടയിൽ കൊവിഡ് എത്തിച്ചേരാതെ നോക്കണം. ട്രൈബൽ മേഖലയ്ക്ക് വേണ്ടി പ്രത്യേക രൂപരേഖ തയ്യാറാക്കി. ജനം തിങ്ങിപ്പാർക്കുന്ന കോളനികളും ഫ്ലാറ്റുകളും കൊവിഡ് പടരാതിരിക്കാൻ പുറത്ത് നിന്നുള്ളവർ അങ്ങോട്ട് ചെല്ലാതിരിക്കണം. ക്ലസ്റ്ററിലുള്ളവർ എപ്പോഴും മാസ്ക് ധരിക്കണം. ശാരീരിക അകലം പാലിക്കണം. കൈകൾ ഇടയ്ക്കിടെ ശുചിയാക്കണം.
ഇതുവരെ 703977 പേരാണ് ലോക്ക്ഡൗൺ ഇളവിന് ശേഷം കേരളത്തിലേക്ക് വന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 434497 പേരും വിദേശത്ത് നിന്ന് 269486 പേരും വന്നു. നാം സ്വീകരിച്ചത് എല്ലാവരും വരട്ടെയെന്ന സമീപനമാണ്. ഇങ്ങനെ വന്ന 3762 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവർക്കും ചികിത്സ ലഭ്യമാക്കി. രോഗം പകരാതിരിക്കാൻ നിയന്ത്രണവും സ്വീകരിച്ചു. ഇത് നല്ല ഫലമുണ്ടാക്കി. ഒരു ഘട്ടം കവിഞ്ഞപ്പോൾ അലംഭാവം പ്രകടമായി. രോഗം വന്നാൽ ചികിത്സിക്കൽ മാത്രമല്ല കടമ. രോഗം പടരാതിരിക്കാൻ മുൻകരുതൽ പ്രധാനമാണ്. അതിന് പല കാരണത്താലും വീഴ്ചകൾ ഉണ്ടായി. അതുകൊണ്ടാണ് ഈ സാഹചര്യത്തിലേക്ക് നാട് നീങ്ങിയത്.
അത്തരമൊരു ഘട്ടത്തിൽ കൂടുതൽ കർശനമായ നിയന്ത്രണത്തിലേക്ക് പോകേണ്ടി വരും. കടുത്ത നടപടിയായി തോന്നുന്നുവെങ്കിൽ അത് നാടിന്‍റെ ഭാവിക്ക് വേണ്ടിയാണെന്ന് എല്ലാവരും മനസിലാക്കണം. എല്ലാവരുടെയും സഹായം ഇക്കാര്യത്തിൽ ഉണ്ടാകണം. സംസ്ഥാനത്തേക്ക് ഹ്രസ്വ കാല സന്ദർശനത്തിന് വരുന്നവർക്ക് കുറച്ചുകൂടി നിയന്ത്രണം വേണ്ടിവരും. ലൈഫ് മിഷന് അപേക്ഷ നൽകേണ്ട ഘട്ടമാണിത്. കണ്ടെയിന്‍മെന്‍റ് സോണിലുള്ളവർക്ക് അപേക്ഷ നൽകാൻ സമയം ദീര്‍ഘിപ്പിക്കും.
ഇന്ന് സംസ്ഥാനത്ത് വളരെ പ്രധാനപ്പെട്ട കാര്യം നടന്നു. സംസ്ഥാനത്തുള്ള 102 കുടുംബ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നടന്നു. വലിയ ഉത്സവ പ്രതീതിയോടെ നടക്കേണ്ട പരിപാടി കൊവിഡായതിനാൽ ഓരോ പ്രദേശത്തും കുറച്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ച് വീഡിയോ വഴി ഉദ്ഘാടനം ചെയ്തു. ആർദ്രം മിഷന്‍റെ ഭാഗമായി ഒന്നാം ഘട്ടത്തിൽ 170 കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ പൂർത്തീകരിച്ചു. രണ്ടാം ഘട്ടത്തിൽ 504 കുടുംബാരോഗ്യ കേന്ദ്രങ്ങളെ തിരഞ്ഞെടുത്തു. 407 സ്ഥാപനങ്ങളുടെ നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചു. 284 കേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. 102 എണ്ണം ഇന്ന് ഉദ്ഘാടനം ചെയ്തു. ഇതോടെ ആകെ 386 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയതിന്‍റെ ഗുണഫലം കൊവിഡ് കാലത്ത് സംസ്ഥാനം അനുഭവിക്കുന്നുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന മികവ് ആരോഗ്യ മേഖലയെ കുറിച്ച് പഠിക്കുന്നവർ പ്രത്യേകം എടുത്ത് പറയുന്നുണ്ട്. ഇവിടെയുള്ള ഭൗതിക സാഹചര്യങ്ങൾ പരിശോധനക്ക് സഹായകമായി. വീട്ടിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നത് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ്. വീട്ടിൽ നിരീക്ഷണത്തിൽ ഉള്ളവർക്ക് ആവശ്യമെങ്കിൽ ചികിത്സ ലഭ്യമാക്കുന്നുണ്ട്. പ്രധാന ആശുപത്രികൾ കൊവിഡ് ആശുപത്രിയായപ്പോൾ ഇതര രോഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ പ്രധാന പങ്ക് വഹിച്ചു.
മഴ ശക്തമാകുന്ന സൂചനയാണ് ലഭിക്കുന്നത്. ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പ് നടത്തി. മണ്ണിടിച്ചൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങൾ നേരത്തെ അടയാളപ്പെടുത്തി. ഇവിടങ്ങളിൽ താമസിക്കുന്നവർ ഈ ഘട്ടത്തിൽ മാറിത്താമസിക്കാൻ തയ്യാറാകണം. അത്തരം ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ അധികൃതർക്ക് നിര്‍ദേശം നൽകി. അപകട സാധ്യതയുള്ള ദിവസങ്ങളില്‍ അവിടെ താമസിപ്പിക്കാൻ പറ്റില്ലെന്ന് മനസിലാക്കി മുൻകൂട്ടി മാറിത്താമസിക്കണം. എല്ലാ മനുഷ്യ ജീവനും വിലപ്പെട്ടതാണെന്ന് കണക്കാക്കി ആവശ്യമായ മുൻകരുതൽ സ്വീകരിക്കണം. ഇതിന് എല്ലാവരും സഹകരിക്കണം. എല്ലായിടവും ഈ പറയുന്ന അപകടം ഉണ്ടായെന്ന് വരില്ല. ജില്ലാ അധികൃതർ ആവശ്യപ്പെട്ടാൽ ആരും വൈമുഖ്യം കാണിക്കരുത്. ജീവന്‍ രക്ഷ വളരെ പ്രധാനം. എല്ലാവരും സഹകരിക്കണം.
മലവെള്ളപ്പാച്ചിൽ വന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറും. അങ്ങിനെ വരുമ്പോൾ അവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കേണ്ടി വരും. നേരത്തെ തന്നെ ഇത്തരം പ്രദേശങ്ങളിൽ ഉള്ളവർക്ക് മുന്നറിയിപ്പ് കൊടുക്കണം. ആവശ്യമായ ഒരുക്കം നടത്തി മാറേണ്ട ഘട്ടമാകുമ്പോൾ ഉടനെ മാറണം. അക്കാര്യത്തിൽ ബന്ധപ്പെട്ടവരെല്ലാം പൂർണ്ണമായും സഹകരിക്കണം. ഇങ്ങനെ മാറിത്താമസിക്കുന്നവർക്ക് സുരക്ഷിതമായി താമസിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. നേരത്തെ കൂട്ടമായി താമസിക്കാമായിരുന്നു. ഇപ്പോൾ കൃത്യമായ ശാരീരിക അകലം പാലിക്കണം. ജില്ലാ ഭരണകൂടം ആ നിലയ്ക്ക് കാര്യങ്ങൾ നടത്തുന്നു. നഗരങ്ങളിൽ ചില വെള്ളക്കെട്ടുകൾ ഉണ്ടായി. അവിടെ നിന്നും മാറിത്താമസിക്കണം. ഇത്തരം മാറിത്താമസിക്കൽ അധികൃതരുടെ അറിയിപ്പിന് ശേഷം മതി.
നമ്മുടെ ചില ജില്ലകൾ ഉരുൾപൊട്ടൽ സാധ്യത വളരെയധികം ഉള്ള സ്ഥലങ്ങളാണ്. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം പാലക്കാട് എന്നിവിടങ്ങളില്‍ പ്രത്യേക ജാഗ്രത വേണം. മലയോര പ്രദേശങ്ങളിലെല്ലാം കൂടുതൽ സുരക്ഷാ നടപടികൾ ശക്തമാക്കണം. ഡാമുകളിൽ ഇപ്പോഴത്തെ സ്ഥിതിയിൽ അണക്കെട്ടുകൾ നിറഞ്ഞു കവിയുന്ന സ്ഥിതിയില്ല. ചെറിയ അണക്കെട്ടുകളിൽ മഴ കനത്താൽ വെള്ളം വേഗം നിറയും. അങ്ങിനെ വന്നാൽ മുൻകൂട്ടി അറിയിച്ച് അണക്കെട്ട് തുറക്കും. അത്തരം പ്രദേശങ്ങളിൽ ഉള്ളവരും ഈ കരുതൽ മനസിൽ സൂക്ഷിക്കണം. എറണാകുളത്ത് വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ ജില്ലാ കളക്ടറോട് സംസാരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ നിര്‍ദ്ദേശിച്ചു. ചീഫ് സെക്രട്ടറി ജില്ലാ കളക്ടറുമായി ചർച്ച ചെയ്ത് തുടർ നടപടി സ്വീകരിക്കും.
ആളുകൾ കൂട്ടമായി താമസിക്കുമ്പോൾ ചിലയിടത്ത് മരുന്നുകൾ വേണ്ടിവരും. ആവശ്യമായ മരുന്ന് സ്റ്റോക്ക് ചെയ്തിട്ടുണ്ട്. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ഫയർ ആന്‍റ് റസ്ക്യു ടീം രക്ഷാപ്രവർത്തനത്തിന് സജ്ജമായി. നെയ്യാർ പെരിങ്ങൽക്കുത്ത് ഡാമുകളുടെ ഷട്ടർ ഉയർത്തും. എല്ലാ ഡാമുകളിലും അറ്റകുറ്റപ്പണി പൂർത്തിയാക്കി. ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയറുടെ ഓഫീസിൽ കൺട്രോൾ റൂം ഒരുക്കി. ദേശീയ ദുരന്ത നിവാരണ സേനയുടെ ആറ് ടീമിന് വേണ്ടി ആവശ്യപ്പെട്ടു. നിലവിൽ നാല് ടീമുണ്ട്. ഇത് പത്താക്കാനാണ് കേന്ദ്രത്തോട് സഹായം ആവശ്യപ്പെട്ടത്.
നാട് നല്ല കരുതലോടെയും ജാഗ്രതയോടെയും കൊവിഡിനെ നേരിട്ടു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ജാഗ്രതയിൽ നല്ല തോതിൽ കുറവ് വന്നു. ഇത്തരത്തിലൊരു ജാഗ്രത ആവശ്യമില്ലെന്ന് നാട്ടിൽ സന്ദേശം പരന്നു. ചിലരെങ്കിലും മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് കൂട്ടായ്‍മകള്‍ ഉയർത്തി. അത് നാട്ടിൽ തെറ്റായ സന്ദേശം നൽകി. അതിന്‍റെ ഭാഗമായി കുറേപ്പേർക്ക് ഇത്തരത്തിൽ ഒരു ജാഗ്രത വേണ്ടെന്ന തോന്നലുണ്ടായി. അവരുടെ കൺമുന്നിൽ ആളുകൾ ഉരസുന്നതും തിങ്ങിക്കൂടുന്നതും കൂട്ടുചേരുന്നതും കണ്ട് തെറ്റായ സന്ദേശം നാട്ടിൽ പരന്നു. ഇത് പ്രധാന ഘടകമായി. നമ്മൾക്ക് പ്രതീക്ഷിക്കാൻ കവിയുന്നതല്ല ഇപ്പോഴത്തെ രോഗബാധ. ജാഗ്രതക്കുറവ് മൊത്തത്തിൽ ഉണ്ടായതാണ്. അതിന് സഹായകമായ ശ്രമം നടത്തിയവർ അത് ബോധപൂർവം തിരുത്തണം. പ്രതിരോധ പ്രവർത്തനത്തിൽ വീഴ്‍ചയില്ല, ക്ഷീണമുണ്ടായിട്ടുണ്ടാവാം.
സർക്കാർ ഉദ്യോഗസ്ഥർ ഓരോ പ്രദേശത്തും ഓഫീസിൽ വരാതെ നിൽക്കുന്നുണ്ട്. അവരെ പ്രവർത്തനത്തിന്‍റെ ഭാഗമാക്കാൻ നടപടിയെടുക്കുന്നുണ്ട്. കളക്ടർക്ക് നിർദ്ദേശം നൽകി. അവരുടെ പട്ടികയുണ്ട്. അത് വെച്ച് നടപടി സ്വീകരിക്കാം. അതുകൊണ്ട് മാത്രം നിയന്ത്രണം ഫലപ്രദമാകില്ല. അതിന് കർക്കശമായ നടപടി വേണം. ഒരു പ്രദേശത്തെ ക്വാറന്‍റീനില്‍ കഴിയുന്നയാളുകൾ ആരൊക്കെയെന്ന് കൃത്യമായ വിവരം പൊലീസിനുണ്ടാവും. അവരുടെ ബൈക് സ്ക്വാഡ് വീട്ടിലെത്തും.
ആധുനിക സംവിധാനം ഉപയോഗിച്ച് നിരീക്ഷിക്കും. അത് പൊലീസിന്‍റെ പ്രത്യേക ഉത്തരവാദിത്തമായി തന്നെ കാണുന്നു. പൊലീസ് വലിയ പ്രവർത്തനം നടത്തുന്നുണ്ട്. അത് നടത്താൻ സജ്ജമായ തരത്തിൽ തന്നെയാണ് പൊലീസ് ഉള്ളത്. കാസർകോട് ആദ്യ ഘട്ടത്തിൽ ഭയമുണ്ടായി. രോഗവ്യാപനം കൂടുതലായിരുന്നു. അന്ന് പൊലീസ് കർശന നിയന്ത്രണം നടത്തി. അതിന്‍റെ ഭാഗമായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി. പിന്നീട് രോഗവ്യാപനം കുറഞ്ഞപ്പോൾ നാട്ടുകാർ തന്നെ പൊലീസ് ഇടപെടലിനെ അഭിനന്ദിച്ചു. ഇത് നെല്ലിക്ക പോലെ. ആദ്യം കയ്ക്കും, പിന്നെ മധുരിക്കും