Asianet News MalayalamAsianet News Malayalam

ഹേമ കമ്മിറ്റിക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി; രൂപീകരണം നിയമവിരുദ്ധം, തുടർനടപടി പാടില്ലെന്നും ആവശ്യം

കമ്മറ്റിയുടെ രൂപീകരണം നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടി പാടില്ലെന്നുമാണ് ഹർജിയിലെ ആവശ്യം. അഡ്വ ആർപി രമേശ് അഡ്വ കെ രാംകുമാർ മുഖേനയാണ് ഹർജി നൽകിയത്. 

petition against hema cmmittee report in high court Formation of hema committee illegal, no further action
Author
First Published Sep 10, 2024, 9:19 PM IST | Last Updated Sep 10, 2024, 9:23 PM IST

കൊച്ചി: ഹേമ കമ്മറ്റിയുടെ രൂപീകരണത്തിനെതിരെ ഹൈക്കൊടതിയിൽ ഹർജി. കമ്മറ്റി നിയമവിരുദ്ധം എന്നാരോപിച്ചണ് ഹർജി നൽകിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും സംസ്ഥാന സർക്കാരിന് ഇത്തരമൊരു നടപടിക്ക് അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു. കമ്മറ്റിയുടെ രൂപീകരണം നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടി പാടില്ലെന്നുമാണ് ഹർജിയിലെ ആവശ്യം. അഡ്വ ആർപി രമേശ് അഡ്വ കെ രാംകുമാർ മുഖേനയാണ് ഹർജി നൽകിയത്. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രം​ഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനായുള്ള പ്രത്യേക ഡിവിഷൻ ബെഞ്ചിന്‍റെ ആദ്യ സിറ്റിങിലാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. എന്തുകൊണ്ട് ഇത്രയും കാലം സര്‍ക്കാര്‍ ഹേമ കമ്മീഷൻ റിപ്പോര്‍ട്ടിൽ മൗനം പാലിച്ചുവെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു. 

പ്രത്യേക അന്വേഷണ സംഘത്തിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം കൈമാറേണ്ടതെന്നും അതിനുശേഷമെ മുദ്രവെച്ച കവറിലുള്ള പൂര്‍ണ റിപ്പോര്‍ട്ട് തങ്ങള്‍ തുറക്കുവെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ നടപടിയെടുത്തോയെന്നത് അടുത്ത സിറ്റിങിൽ പരിശോധിക്കുമെന്നും എസ്‍ഐടി തിരക്കിട്ട് നടപടികളിലേക്ക് കടക്കരുതെന്നും ഓഡിയോ സന്ദേശങ്ങള്‍ റിപ്പോര്‍ട്ടിന്‍റെ ഭാഗമാണെങ്കില്‍ അത് ഹാജരാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനെതിരെ നിർമാതാവ് സ‍ജിമോൻ പാറയിൽ നൽകിയ അപ്പീൽ ഹ‍ർജിക്ക് നിലവിൽ പ്രസക്തിയില്ലെന്ന് എ ജി ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ഹർജിയിൽ ഉന്നയിച്ച നിയമ വശങ്ങൾ പരിശോധിക്കപ്പെടേണ്ടതല്ലെ എന്ന് കോടതി തിരിച്ചു ചോദിച്ചു. രഹസ്യസ്വഭാവമുള്ളവ പ്രസിദ്ധീകരിക്കാൻ വിവരാവകാശ കമ്മീഷനാകുമോയെന്നും കോടതി ചോദിച്ചു. 

ഐസിസി നടപ്പാക്കാത്ത സിനിമ യൂണിറ്റുകള്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്ന് സംസ്ഥാന വനിതാ കമ്മീഷനും ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സിഎസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കുക, അന്വേഷണം സിബിഐക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുളള വിവിധ ഹ‍ർജികളാണ് പ്രത്യേക ബെഞ്ചിന് മുന്നിലുളളത്.

'പിണറായി ജീവിക്കുന്നത് ബിജെപി സഹായത്തിൽ, ഇല്ലെങ്കിൽ എന്നേ ജയിലിൽ പോകുമായിരുന്നു'; മുഖ്യമന്ത്രിക്കെതിരെ സുധാകരൻ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios