"മൊയ്‌തീനേ... ആ ചെറിയ സ്‌പാനറെടുത്തേ"; നെറ്റ്‌വര്‍ക്ക് പോയ ജിയോയെ 'എയറിലാക്കി' ഉപഭോക്താക്കള്‍
'ജിയോ സിമ്മും വീട്ടില്‍ ജിയോ ഫൈബറും ഉള്ളവന്‍റെ അവസ്ഥയാണ് അവസ്ഥ' എന്ന് ട്രോളുകള്‍
മുംബൈ: കാരണം വ്യക്തമല്ലെങ്കിലും രാജ്യവ്യാപകമായി റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്കില്‍ ഇന്ന് രാവിലെ മുതല്‍ പ്രശ്‌നങ്ങള്‍ നേരിടുകയാണ് എന്നാണ് ഉപഭോക്താക്കളുടെ പരാതി. ഇക്കാര്യം എന്‍ഡിടിവി ഉള്‍പ്പടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. റേഞ്ച് ലഭ്യമല്ലെന്ന് മൊബൈല്‍ യൂസര്‍മാരും ഫൈബര്‍ വൈ-ഫൈ യൂസര്‍മാരും ഒരുപോലെ പരാതിപ്പെടുന്നു. ജിയോ കണക്ഷന്‍ പോയതായുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ഉപഭോക്താക്കളുടെ പരാതിപ്രളയത്തില്‍ ട്രോളുകളും ഏറെയുണ്ട്.
'കയ്യില്‍ ജിയോ സിമ്മും വീട്ടില്‍ ജിയോ ഫൈബറും ഉള്ളവന്‍റെ അവസ്ഥയാണ് അവസ്ഥ' എന്നായിരുന്നു ഒരു ട്വീറ്റ്. ജിയോ കിട്ടാതായതോടെ മറ്റ് നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ പൊട്ടിച്ചിരിക്കുന്നതായും ട്രോളുകളുണ്ട്. നിലവിലെ സാങ്കേതിക പ്രശ്‌നത്തിന് കാരണം എന്താണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും ജിയോയുടെ നെറ്റ്‌വര്‍ക്കിലെ പ്രശ്നം സൈബര്‍ ആക്രമണം കാരണമാണ് എന്ന് വെറുതെയങ്ങ് പറയുന്നവരെയും സോഷ്യല്‍ മീഡിയയില്‍ കാണാം. അംബാനി ചതിച്ചാശാനേ എന്ന ലൈനില്‍ നിലവിളിക്കുന്നവരെയും എക്‌സില്‍ കാണാം. എക്‌സില്‍ പ്രത്യക്ഷപ്പെട്ട വിവിധ ട്രോളുകള്‍ ചുവടെ ചേര്‍ക്കുന്നു.
മുംബൈ, ബെംഗളൂരു, ചെന്നൈ, ദില്ലി, പൂനെ, കൊല്‍ക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലാണ് ജിയോ നെറ്റ്‌വര്‍ക്കില്‍ പ്രശ്നമുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ജിയോ നെറ്റ്‌വര്‍ക്കില്‍ വന്നിരിക്കുന്ന പ്രശ്‌നം ട്രാക്കിംഗ് വെബ്‌സൈറ്റായ ഡൗണ്‍ഡിടെക്റ്ററില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 'നോ സിഗ്നല്‍' എന്നായിരുന്നു ഡൗണ്‍ഡിടെക്റ്ററില്‍ വന്ന 68 ശതമാനം പരാതികളും. 18 ശതമാനം പേര്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് തകരാറിനെ കുറിച്ചും 14 ശതമാനം ജിയോ ഫൈബറിലെ പ്രശ്നങ്ങളെ കുറിച്ചും പരാതി രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12.18 ആയപ്പോഴേക്ക് 10,367 പരാതികള്‍ ജിയോ നെറ്റ്‌വര്‍ക്കിലെ തകരാര്‍ സംബന്ധിച്ച് ഡൗണ്‍ഡിടെക്റ്ററില്‍ വന്നു. രാവിലെ 10.13ന് ഏഴും, 11.13ന് 653 ഉം പരാതികള്‍ മാത്രമാണുണ്ടായിരുന്നത്.
Read more: റേഞ്ച് പോയി ജിയോ, രാജ്യമെമ്പാടും നെറ്റ്‌വര്‍ക്ക് തടസപ്പെട്ടു; സാമൂഹ്യമാധ്യമങ്ങളില്‍ പരാതിപ്രളയം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം