എഡിഎം നവീന്‍റെ മരണം: പ്രശാന്തിന്റെ പണി പോകും, പമ്പിന് അനുമതി തേടിയത് ചട്ടങ്ങൾ ലംഘിച്ച്, നടപടിക്ക് ശുപാർശ

പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യൻ ആയ പ്രശാന്ത് സ്ഥിരം സർക്കാർ ജീവനക്കാരൻ ആകാനുള്ള പട്ടികയിൽ ഉള്ള ആളാണ്. 

Permission to pump was sought in violation of rules; Recommendation for action

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്ത് പെട്രോൾ പമ്പിന് അനുമതി നേടിയത് ചട്ടങ്ങളെല്ലാം ലംഘിച്ചെന്ന് ആരോഗ്യവകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരനായ പ്രശാന്ത് സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചെന്നും നടപടി വേണമെന്നുമാണ് റിപ്പോർട്ടിലെ ശുപാർശ. പ്രശാന്തിനെ ഇതുവരെ തൊടാൻ മടിച്ച ആരോഗ്യവകുപ്പ് വിവാദങ്ങൾ ശക്തമായതോടെ പിരിച്ചുവിടാനാണ് ഒരുങ്ങുന്നത്.

എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്ത് ഇപ്പോൾ മാധ്യമങ്ങൾക്ക് മുന്നിലെത്താതെ ഓടിമറയുകയാണ്. പെട്രോൾ പമ്പ് തുടങ്ങാൻ അനുമതി വേണമെന്ന കാര്യം അറിയില്ലെന്ന പ്രശാന്തിന്‍റെ വാദം തള്ളിയാണ് ആരോഗ്യവകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്. 

പരിയാരം മെ‍‍ഡിക്കൽ കോളേജിലെ ഇലക്ട്രിക്കൽ ഹെല്പറാണ് പ്രശാന്ത്. സർക്കാർ സർവ്വീസിലേക്ക് റഗുലറൈസ് ചെയ്യാനുള്ള ജീവനക്കാരുടെ പട്ടികയിലാണ് പ്രശാന്ത്. പക്ഷെ ശമ്പളം സർക്കാരിൽ നിന്നായത് കൊണ്ട് ജീവനക്കാരുടെ സർവ്വീസ് ചട്ടങ്ങൾ പ്രശാന്തിനും ബാധകമാണെന്നാണ് കണ്ടെത്തൽ. നിയമോപദേശം കൂടി തേടിയുള്ള നടപടിക്കാണ് ശുപാർശ. ബിസിനസ് സ്ഥാപനം തുടങ്ങിയതിൽ ചട്ടലംഘനമുണ്ട്.

പ്രശാന്ത് മെഡിക്കൽ കോളേജ് അധികാരികളിൽ നിന്ന് ഒരു അനുമതിയും വാങ്ങിയിരുന്നില്ലെന്ന് മാത്രമല്ല പമ്പിന്‍റെ കാര്യം അറിയിച്ചിരുന്നുമില്ല. പ്രശാന്തിന്  എങ്ങനെ പെട്രോൾ പമ്പ് തുടങ്ങാനാകും, പണം എവിടെ നിന്നാണ് എന്നുള്ള സംശയങ്ങൾ എഡിഎമ്മിന്‍റെ മരണം മുതൽ ഉയർന്നതാണ്. പക്ഷെ ആ ഘട്ടത്തിൽ പ്രശാന്തിന് ആരോഗ്യവകുപ്പ് നൽകിയത് സംരക്ഷണമാണ്.

പ്രശാന്ത് ഏത് തരം ജീവനക്കാരനാണെന്ന കൃത്യമായ വിവരം ആരോഗ്യമന്ത്രിക്ക് പോലും ഇല്ലാതിരുന്നു. പ്രതിഷേധങ്ങൾ ശക്തമാകുന്നതിനൊടുവിലാണ് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും ജോയിൻറ് ഡിഎംഇയും ഉൾപ്പെട്ട സംഘത്തെ അന്വേഷണത്തിനാണ് പരിയാരത്തേക്ക് വിട്ടത്. ഈ അന്വേഷണത്തിലാണ് പ്രശാന്തിന്‍റെ നടപടികളിലെ ചട്ടലംഘനങ്ങൾ കണ്ടെത്തിയത്. എതിർപ്പുയരുന്ന സാഹചര്യത്തിൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രശാന്തിനെ പിരിച്ചുവിട്ട് മുഖം രക്ഷിക്കാനാണ് ആരോഗ്യവകുപ്പ് നീക്കം.

Latest Videos
Follow Us:
Download App:
  • android
  • ios