പാലക്കാട് അപകടം: കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തുവെന്ന് പൊലീസ്, അമിത വേഗതയിൽ ലോറിയിലേക്ക് ഇടിച്ചുകയറി

അപകടത്തിൽപ്പെട്ട കാർ അമിത വേഗതയിലായിരുന്നുവെന്ന് കല്ലടിക്കോട് സിഐ ഷഹീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായും അന്വേഷണം തുടങ്ങിയതായും സിഐ. സംഭവത്തിൽ ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

palakkad accident latest news  liquor bottles found from car car Rammed into the lorry at high speed police started investigation

പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിൽപ്പെട്ട കാർ അമിത വേഗതയിലായിരുന്നുവെന്ന് കല്ലടിക്കോട് സിഐ എം. ഷഹീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെറ്റായ ദിശയിലെത്തി കാർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായും അന്വേഷണം തുടങ്ങിയതായും സിഐ വ്യക്തമാക്കി. കാർ യാത്രികർ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും എം.ഷഹീർ പറഞ്ഞു.കാറിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാലെ അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളു. അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് വരുകയാണ്. കാറിൽ നിന്ന് മദ്യമുള്ള കുപ്പികളും ഒഴിഞ്ഞ കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് ഏറെ ശ്രമകരമായാണ് കാര്‍ വലിച്ച് പുറത്തെടുത്തത്. രാവിലെയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കുമെന്നും സിഐ പറഞ്ഞു.

അതേസമയം, അപകടത്തിൽപ്പെട്ടവരിൽ ഒരാൾ മടിയിൽ കിടന്നാണ് മരിച്ചതെന്ന് രക്ഷാപ്രവർത്തനം നടത്തിയ യുവാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. കല്ലടിക്കോട് നിന്ന് പൊലീസ് ജീപ്പിൽ ആശുപത്രിയിലെത്തിക്കവേ മുണ്ടൂർ കഴിഞ്ഞാണ് ഇയാൾ മരിച്ചതെന്നും രക്ഷാപ്രവർത്തനത്തിൽ നാട്ടുകാരും ആ വഴി കടന്നുപോയ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരുമെല്ലാം പങ്കാളികളായെന്നും ഏറെ ശ്രമകരമായാണ് കാറിൽ നിന്ന് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തതെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ യുവാക്കൾ വ്യക്തമാക്കി.

ഇന്നലെ രാത്രി 10.30ഓടെയാണ് പാലക്കാട് കല്ലടിക്കോട് വെച്ച് ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടമുണ്ടായത്. അയ്യപ്പൻകാവിന് സമീപം കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മരിച്ച അ‍ഞ്ചുപേരെയും തിരിച്ചറിഞ്ഞു. ഇന്നലെ നാലുപേരെയാണ് തിരിച്ചറിഞ്ഞത്. പാലക്കാട് തച്ചമ്പാറ സ്വദേശി മഹേഷ് ആണ് മരിച്ച അഞ്ചാമത്തെയാള്‍. കോങ്ങാട് സ്വദേശികളായ വിഷ്ണു, വിജീഷ്, രമേഷ്, മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്സൽ എന്നിവരാണ് മരിച്ച മറ്റു നാലുപേര്‍. 

മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ലോറി ഡ്രൈവർ വിഗ്നേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കാർ അമിത വേ​ഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ലോറിയിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നുവെന്നും സംഭവം കണ്ടവർ വിശദീകരിക്കുന്നുണ്ട്. കെ എൽ 55 എച്ച് 3465 എന്ന മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ പാലക്കാട്ട് ജില്ലാ ആശുപത്രി മോർച്ചറിയിലാണ്. കല്ലടിക്കോട് വാഹന അപകടത്തിന്റെ പശ്ചാത്തലത്തിൽ യുഡിഎഫും എൽഡിഎഫും  തെരഞ്ഞെടുപ്പ് പരിപാടികൾ ഇന്ന് ഉച്ചവരെ റദ്ദാക്കിയിട്ടുണ്ട്.

പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കാറിൽ സഞ്ചരിച്ചിരുന്ന അഞ്ച് പേർ മരിച്ചു


 

Latest Videos
Follow Us:
Download App:
  • android
  • ios