'പി പി ദിവ്യ ചെറുപ്പം മുതൽ സമൂഹത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്നയാൾ': പിന്തുണയുമായി മന്ത്രി ആർ ബിന്ദു
പാര്‍ട്ടി നടപടിയെടുക്കുന്നില്ലെന്ന് ചര്‍ച്ച ചെയ്ത മാധ്യമങ്ങള്‍ നടപടിയെടുത്തപ്പോള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുവെന്ന് മന്ത്രി
തൃശൂർ: പി പി ദിവ്യ ചെറുപ്പം മുതൽ സമൂഹത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്നയാളെന്ന് മന്ത്രി ആര്‍ ബിന്ദു. അത് ആർക്കും നിഷേധിക്കാനാകില്ല. പാര്‍ട്ടി നടപടിയെടുക്കുന്നില്ലെന്ന് ചര്‍ച്ച ചെയ്ത മാധ്യമങ്ങള്‍ നടപടിയെടുത്തപ്പോള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. കുറേകൂടി നിർമാണാത്മകമായി മാധ്യമങ്ങൾ പ്രവർത്തിക്കണമെന്നും മന്ത്രി വിമർശിച്ചു.
കേരളത്തിലെ മാധ്യമപ്രവർത്തനം നിലവാരക്കുറവ് നേരിടുന്നുവെന്ന് മന്ത്രി പറഞ്ഞു. പി പി ദിവ്യക്കെതിരെ പാർട്ടി നടപടി എടുക്കുന്നില്ല എന്നായിരുന്നു ഇതുവരെ ചർച്ച. നടപടിയെടുത്തപ്പോൾ അതിനെപ്പറ്റിയായി ചർച്ച. ചർച്ചക്ക് എന്തെങ്കിലും വിഷയം വേണമെന്ന് മന്ത്രി പറഞ്ഞു.
പി പി ദിവ്യക്ക് ജാമ്യം ലഭിച്ചതിൽ വളരെ സന്തോഷമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പ്രതികരിച്ചു. ദിവ്യക്ക് നീതി ലഭിക്കണം. ദിവ്യ ഒന്നും ചെയ്തത് മനഃപൂർവമല്ല. അപാകതകൾ ഉണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടി എടുത്തതെന്നും പി കെ ശ്രീമതി പറഞ്ഞു.
പി പി ദിവ്യയ്ക്കും മനുഷ്യാവകാശം ഉണ്ടെന്നാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ പ്രതികരിച്ചത്. യാത്രയയപ്പ് വേദിയില്‍ അത്തരം നിലപാട് പറയേണ്ട കാര്യം ഉണ്ടായിരുന്നില്ല. അതൊരു പോരായ്മയായി കാണുന്നു. ദിവ്യയെ തള്ളിക്കളയേണ്ട കാര്യമില്ലെന്നും ബിനോയ് കുര്യന്‍ വ്യക്തമാക്കി.
എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യാ കേസിൽ പി പി ദിവ്യക്ക് ഇന്നാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പിൽ ഹാജരാകണമെന്നും ജില്ല വിട്ടു പോകരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം. ഒക്ടോബർ 29ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ജഡ്ജ് നിസാർ അഹമ്മദ് തന്നെയാണ് ഇന്ന് ജാമ്യം അനുവദിച്ച് ഉത്തരവിറക്കിയത്. ദിവ്യ 11 ദിവസമായി പള്ളിക്കുന്നിലെ വനിതാ ജയിലിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം