Asianet News MalayalamAsianet News Malayalam

ജനിക്കാതെ പോയ കുഞ്ഞിൻെറ കാലനാണ് പിഡബ്ല്യുഡിയെന്ന് എംഎൽഎ; കൂടോത്രത്തിൻെറ പേരിലും റോഡ് കീറുന്നുവെന്ന് റിയാസ്

റോഡുകളുടെ ദുരവസ്ഥയെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ വഴിയാധാരം എന്ന പരമ്പരയും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. റോഡ് നിർമ്മാണത്തിനൊപ്പം പരിപാലനത്തിനും പരിഗണന നൽകുന്നുണ്ടെന്നും സംസ്ഥാനത്തെ റോഡുകളിൽ ഭൂരിപക്ഷവും ഗതാഗത യോഗ്യമാണെന്നും മന്ത്രി റിയാസ് പറഞ്ഞു

 

opposition's notice for an urgent resolution in state assembly over the plight of the roads in the state rejected opposition walkout
Author
First Published Jul 5, 2024, 11:03 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയില്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സഭ നിര്‍ത്തിവെച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് നോട്ടീസ് സ്പീക്കര്‍ തള്ളി. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാൻ സര്‍ക്കാര്‍ പരാജയപ്പെട്ടതും വിവിധ പദ്ധതികളുടെ ഭാഗമായി കുഴിച്ച റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാത്തതും കാരണം റോഡുകള്‍ ഗതാഗത യോഗ്യമല്ലാതാവുകയും അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന ഗുരുതര സാഹചര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് അടിയന്തര പ്രമേയത്തിലൂടെ നജീബ് കാന്തപുരം എംഎല്‍എ ആവശ്യപ്പെട്ടത്.  അതേസമയം, വെള്ളിയാഴ്ചകളിൽ അടിയന്തര പ്രമേയങ്ങൾ ഒഴിവാക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് മന്ത്രി റിയാസ് മറുപടി നല്‍കി.  റോഡുകൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് പിഡബ്ല്യുഡിക്കുള്ളതെന്നും റോഡ് നിർമ്മാണത്തിനൊപ്പം പരിപാലനത്തിനും പരിഗണന നൽകുന്നുണ്ടെന്നും സംസ്ഥാനത്തെ റോഡുകളിൽ ഭൂരിപക്ഷവും ഗതാഗത യോഗ്യമാണെന്നും മന്ത്രി റിയാസ് പറഞ്ഞു.കോടതി വ്യവഹാരങ്ങൾ ഉൾപ്പെടെ നടക്കുന്ന റോഡുകളിൽ ചില പ്രയാസം ഉണ്ട്. മന്ത്രിമാർ തമ്മിൽ നല്ല ഏകോപനമുണ്ടെന്നും റിയാസ് പറഞ്ഞു. 

എന്നാല്‍, വഴി നടക്കാനുള്ള അവകാശം നിഷേധിച്ച സര്‍ക്കാരാണിതെന്നും എത്ര റോഡിലൂടെ എല്ലൊടിയാതെ യാത്ര ചെയ്യാനാകുമെന്നും നജീബ് കാന്തപുരം ചോദിച്ചു. മണിച്ചിത്രത്താഴ് സിനിമയില്‍ കുതിരവട്ടം പപ്പു ചെവിയില്‍ ചെമ്പരത്തി പൂ വെച്ച് ചാടി ചാടി പോകുന്നതുപോലെ പോകേണ്ട അവസ്ഥയല്ലേ ഉള്ളതെന്നും നജീബ് കാന്തപുരം ചോദിച്ചു. യുദ്ധഭൂമിയിലൂടെ പോകുന്നത് പോലെയാണ് നടു റോഡിലൂടെ പോകേണ്ടിവരുന്നത്. കുഴികൾ എണ്ണാനായിരുന്നു മന്ത്രി ആദ്യം പറഞ്ഞത്. എന്നാല്‍, ഇപ്പോൾ കുളങ്ങൾ എണ്ണിയാൽ തീരുമോ?. റോഡിൽ വീണ് സ്ത്രീകൾക്ക് ഗർഭം പോലും അലസുന്നുവെന്നും ജനിക്കാതെ പോയ ആ കുഞ്ഞിന്‍റെ കാലനാണ് പൊതുമരാമത്ത് വകുപ്പെന്നും നജീബ് കാന്തപുരം തുറന്നടിച്ചു.

ഇതോടെ ഭരണപക്ഷ അംഗങ്ങള്‍ ബഹളം വെച്ചു. ഇതിനിടെയും നജീബ് കാന്തപുരം പ്രസംഗം തുടര്‍ന്നു. കുഴിയില്ലാത്ത റോഡിലൂടെ പോകാൻ മുഖ്യമന്ത്രി 16 കിലോമീറ്റർ ആണ് ചുറ്റിയത്. സാധാരണക്കാർക്ക് ഇങ്ങനെ റൂട്ട് മാറാൻ പറ്റുമോയെന്നും നജീബ് കാന്തപുരം ചോദിച്ചു. റോഡുകളുടെ ദുരവസ്ഥയെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ വഴിയാധാരം എന്ന പരമ്പരയും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. തലസ്ഥാനത്തെ സ്മാർട്ട് റോഡിന് ഇപ്പോഴും ദുരവസ്ഥയാണെന്നും ഉദ്യോഗസ്ഥർ തമ്മിൽ കൂട്ട അടിയാണെന്നും വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്നും നജീബ് കാന്തപുരം ആരോപിച്ചു. ചില റോഡുകളിലൂടെ പോയാൽ അഡ്വഞ്ചർ പാർക്കിലൂടെ പോകും പോലെയാണ്. മഴക്കാല പൂർവ ഓട്ടയടക്കൽ യജ്ഞമാണ് നടക്കുന്നത്. ശാസ്ത്രീയമായി റോഡിലെ കുഴിയടക്കാൻ  അറിയില്ലെന്നും നജീബ് കാന്തപുരം പറഞ്ഞു.

ഇതിനിടെ, നജീബ് കാന്തപുരത്തിന് കൂടുതല്‍ സമയം നല്‍കുന്നുവെന്ന ആരോപണവുമായി മന്ത്രി എംബി രാജേഷ് രംഗത്തെത്തി. സ്പീക്കര്‍ക്കെതിരെ മന്ത്രി വിമര്‍ശനം ഉന്നയിച്ചു. 16 മിനുട്ടാണ്  നജീബ് കാന്തപുരത്തിന് സംസാരിക്കാൻ നല്‍കിയതെന്നും ഈ ഉദാരത മന്ത്രിമാരോടും കാണിക്കണമെന്നും എംബി രാജേഷ് സ്പീക്കറോട് പറഞഅഞു. എന്നാല്‍, ഡിജിറ്റല്‍ ക്ലോക്കിലെ സമയം തെറ്റാണെന്നായിരുന്നു സ്പീക്കര്‍ എഎന്‍ ഷംസീറിന്‍റെ മറുപടി. ഇതോടെ പ്രതിപക്ഷ നിരയില്‍ നിന്ന് പൊട്ടിച്ചിരി ഉയര്‍ന്നു. തുടര്‍ന്ന് സഭ നിര്‍ത്തി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് മന്ത്രി മറുപടി നല്‍കി. ഇന്ന് കേരളം യുഡിഎഫ് ആണ് ഭരിച്ചിരുന്നത് എങ്കിൽ ഇന്ന് കേരളവും ബിഹാറുമായി പാലം പൊളിയുന്നതിൽ ഒരു 20-20 മത്സരം  നടന്നേനെയെന്ന് മന്ത്രി റിയാസ് പരിഹസിച്ചു. മന്ത്രി റിയാസിന്‍റെ മറുപടിക്കുശേഷം അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

തുടര്‍ന്ന് പ്രതിപക്ഷ നേതാവ് സംസാരിച്ചു. സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം റോഡുകളാണ് കേരളത്തിലെന്നും മന്ത്രി റിയാസിന്‍റെ മറുപടി യാഥാര്‍ഥ്യവുമായി ബന്ധം ഇല്ലാത്തതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു.ദേശീയ പാത 66ന്‍റെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ കേരളത്തിലെ ജനങ്ങള്‍ ഈ ദുരിതം മുഴുവൻ അനുഭവിക്കണോയെന്നും വിഡി സതീശൻ ചോദിച്ചു. നജീബ് കാന്തപുരത്തെ വ്യക്തിപരമായി റിയാസ് ആക്ഷേപിച്ചുവെന്നും വിമർശനങ്ങളെ വ്യക്തിപരമായി എടുക്കേണ്ടെന്നും വിഡി സതീശൻ പറഞ്ഞു. മനസ്സിൽ ഉള്ളത് തുറന്ന് പറയുന്നത് കുഴപ്പം ആയി കാണേണ്ടെന്നും ഇങ്ങോട്ട് നല്ല നിലയിൽ എങ്കിൽ അങ്ങോട്ടും നല്ല നിലക്കെന്നുമായിരുന്നു റിയാസിന്‍റെ മറുപടി.വിഷയം അവതരിപ്പിച്ച നജീബ് കാന്തപുരത്തെ ഗംഗയെന്നും നാഗവല്ലി എന്നുമെല്ലാം റിയാസ് പരിഹസിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ മറുപടിക്ക് പിന്നാലെയാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.

പ്ലസ് വൺ പ്രവേശനത്തിൽ പ്രതിസന്ധി തുടരുന്നു; മലപ്പുറത്ത് ഇനിയും സീറ്റ് വേണ്ടത് 16881 പേർക്ക്

 

Latest Videos
Follow Us:
Download App:
  • android
  • ios