Asianet News MalayalamAsianet News Malayalam

ഗോളടിക്കാൻ മടി, ഗോൾ വഴങ്ങാൻ പേടി, യൂറോയിലും കോപ്പയിലും ഗോൾ വരള്‍ച്ച; സമനിലക്കളികളിൽ ആരാധകർക്ക് നിരാശ

യൂറോകപ്പിൽ ഇത്തവണ ഫ്രീകിക്കിൽ നിന്ന് ഒറ്റഗോൾപോലും പിറന്നില്ലെന്നതും കൗതുകകരമാണ്.

Goal draught in Euro and Copa Amercia, Teams Fearful of conceding goals
Author
First Published Jul 8, 2024, 12:22 PM IST | Last Updated Jul 8, 2024, 12:22 PM IST

മ്യൂണിക്: യൂറോ കപ്പ് സെമിഫൈനൽ പോരാട്ടങ്ങളിലേക്ക് എത്തുമ്പോൾ ആകെ പിറന്നത് 108 ഗോളുകൾ. ഇതിൽ പത്തും സെൽഫ് ഗോളുകളാണ്. 48 മത്സരങ്ങളിൽ നിന്നാണ് യൂറോയിൽ 108 ഗോളുകൾ പിറന്നത്. മൂന്ന് ഗോൾവീതം നേടിയ നെതർലൻഡ്സിന്‍റെ കോഡി ഗാപ്കോ, ജർമ്മനിയുടെ ജമാൽ മുസ്യാല, സ്ലോവാക്യയുടെ ഇവാൻ സാഞ്ചസ്, ജോർജിയയുടെ ജോർജസ് മികൗറ്റാഡ്സെ എന്നിവരാണ് ടോപ് സ്കോറർമാരിൽ മുന്നിൽ.

ഇവരിൽ സെമിയിൽ കളിക്കുന്നത് ഗാക്പോ മാത്രം. രണ്ട് ഗോളുമായി സെമിയിൽ കളിക്കുന്ന ഇംഗ്ലണ്ടിന്‍റെ ജൂഡ് ബെല്ലിംഗ്ഹാം, ഹാരി കെയ്ൻ, സ്പെയിനിന്‍റെ ഡാനി ഓൽമോ, ഫാബിയൻ റൂയിസ് എന്നിവർക്കും ഗോൾഡൺ ബൂട്ടിൽ പ്രതീക്ഷ വയ്ക്കാം. ഇത്തവണ ഫൈനൽ പൂർത്തിയാവുമ്പോഴും ഗോൾവേട്ടയിൽ കഴിഞ്ഞ യൂറോയ്ക്കൊപ്പമെത്താൻ കഴിയില്ലെന്നുറപ്പ്. 2021ൽ 51 കളിയിൽ 142 ഗോളുകൾ നേടിയിരുന്നു. മൂന്ന് കളി ബാക്കി നിൽക്കേ മുപ്പത്തിനാല് ഗോളിന്‍റെ കുറവുണ്ട്.

അന്ന് അര്‍ജന്റീനയോട് തോറ്റപ്പോള്‍ തുടങ്ങിയതാണ് കഷ്ടകാലം! ലോകത്തെ വിസ്മയിപ്പിച്ച ബ്രസീലിന് എന്തുപറ്റി?

എന്നാൽ സെൽഫ് ഗോളിന്‍റെ കാര്യത്തിൽ വലിയ മാറ്റം. കഴിഞ്ഞതവണ ആകെ 11 സെൽഫ് ഗോൾ പിറന്നപ്പോൾ ഇക്കുറി സെമി എത്തിയപ്പോഴേക്കും പത്ത് സെൽഫ് ഗോൾ താരങ്ങളുടെ പേരിൽ കുറിക്കപ്പെട്ടു. യൂറോകപ്പിൽ ഇത്തവണ ഫ്രീകിക്കിൽ നിന്ന് ഒറ്റ ഗോൾ പോലും പിറന്നില്ലെന്നതും കൗതുകകരമാണ്. കഴിഞ്ഞ യൂറോയില്‍ ശരാശരി ഒരു മത്സരത്തില്‍ എക്കാലത്തെയും ഉയര്‍ന്ന 2.79 ഗോളുകള്‍ കുറിക്കപ്പെട്ടപ്പോള്‍ ഇത്തവണ അത് 2.25 മാത്രമാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഗോള്‍ ശരാശരിയാണിത്.

പാസിംഗിലും ബോള്‍ പൊസഷിനിലും മുന്നിട്ടുനിന്നിട്ടും സെമിയിലെത്തിയ ഇംഗ്ലണ്ട് ഇതുവരെ അടിച്ചത് അഞ്ചേ അഞ്ച് ഗോളുകള്‍ മാത്രമാണ്. ഫ്രാന്‍സ് ആകട്ടെ ഇതുവരെ നിശ്ചിത സമയത്ത് ഗോളേ നേടിയിട്ടില്ല. അവര്‍ നേടിയ മൂന്ന് ഗോളുകളില്‍ രണ്ടെണ്ണം എതിരാളികളുടെ സെല്‍ഫ് ഗോളും ഒരെണ്ണം പെനല്‍റ്റിയുമായിരുന്നു. യൂറോയില്‍ രണ്ട് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളിലെ വിജയികളെ നിശ്ചയിച്ചത് ഷൂട്ടൗട്ടിലായിരുന്നു. നാലു ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ നിന്നായി പിറന്നതാകട്ടെ ഏഴ് ഗോളുകള്‍ മാത്രവും.

ബിസിസിഐ പറഞ്ഞിട്ടും രഞ്ജി ട്രോഫിയില്‍ കളിക്കാതിരുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇഷാൻ കിഷൻ

യൂറോയില്‍ മാത്രമല്ല, കോപ അമേരിക്കയിലും സ്ഥിതി വ്യത്യസ്തമല്ല. കോപയില്‍ ശരാശരി 2.21 ഗോളുകള്‍ മാത്രമാണ് ഇതുവരെ പിറന്നത്. കോപയിലെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ നാലില്‍ മൂന്നിലും വിജയികളെ കണ്ടെത്തിയത് ഷൂട്ടൗട്ടിലായിരുന്നു. നാലു ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ പനാമക്കെതിരെ കൊളംബിയ 5-0ന്‍റെ നേടിയ ജയമൊഴിച്ചാല്‍ മൂന്ന് മത്സരങ്ങളില്‍ ആകെ പിറന്നത് നാലു ഗോളുകള്‍ മാത്രവും. യുറുഗ്വോ-ബ്രസീല്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിലെങ്കിലും ഗോള്‍ മേളം പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി ഇരു ടീമുകളും നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios