ഉദ്ഘാടനത്തിന് പിന്നാലെ ബസ് പെരുവഴിയിൽ; സിറ്റി സർവീസിനായി കൈമാറിയ ഇലക്ട്രിക് ബസ് കെട്ടിവലിച്ചു നീക്കി
കെഎസ്ആർടിസി സ്വിഫ്റ്റ് മുഖേന നിരത്തിലിറക്കിയ ഇലക്ട്രിക് ബസ് നടുറോഡിൽ നിന്നു, തകരാറിന്റെ കാരണം മനസ്സിലായില്ലെന്ന് ജീവനക്കാർ
തിരുവനന്തപുരം: കെഎസ്ആർടിസി കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ സിറ്റി സർക്കുലർ ഇലക്ര്ടിക് ബസുകളിലൊന്ന് പെരുവഴിയിൽ. ബ്ലൂ സർക്കിളിനായി കൈമാറിയ ബസാണ് പെരുവഴിയിൽ കുടുങ്ങിയത്. എന്താണ് തകരാർ എന്ന് മനസ്സിലാക്കാൻ ആയില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണം. സർവീസ് കാരവൻ എത്തി ബസ് കെട്ടിവലിച്ച് നീക്കുകയായിരുന്നു.
കെഎസ്ആർടിസി തുടങ്ങിയ സിറ്റി സർക്കുലർ സർവീസിന്റെ 23 ഷെഡ്യൂളുകളാണ് സ്വിഫ്റ്റ് മുഖേന വാങ്ങിയ ഇലക്ട്രിക് ബസുകൾക്ക് ഇന്നലെ കൈമാറിയത്. തലസ്ഥാനത്ത് 64 ബസുകളാണ് നിലവിൽ സർക്കുലർ സർവീസ് നടത്തുന്നത്. ഈ ബസുകളിൽ 23 എണ്ണത്തിന് പകരം ഇലക്ട്രിക് ബസുകൾ നിരത്തിലെത്തയിരുന്നു. ഇപ്രകാരം സർവീസ് തുടങ്ങിയ ബസുകളിലൊന്നാണ് രണ്ടാം ദിവസം തന്നെ പെരുവഴിയിലായത്. സിറ്റി സർക്കുലർ സർവീസ് സ്വിഫ്റ്റിനെ ഏൽപ്പിക്കുന്നതിനെതിരെ, ജിവനക്കാരുടെ സംഘടനകൾ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബസ് എടുക്കാൻ എത്തിയ ജിവനക്കാരനെ സിഐടിയു ഇറക്കിവിട്ടിരുന്നു.
അതേസമയം പ്രവർത്തന നഷ്ടം കുറയ്ക്കാനും ഡീസൽ ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് മാനേജ്മെന്റ്. സിറ്റി സർക്കുലർ സർവീസുകൾ നടത്തുന്ന ഡീസൽ ബസുകൾക്ക് പകരമായി 25 ബസുകൾ കൂടി ഈ മാസം എത്തും. ഓണത്തിന് മുമ്പ് കൂടുതൽ ഇന്ധനക്ഷമതയുള്ള ബസുകൾ നിരത്തിലിറക്കാൻ ആണ് മാനേജ്മെന്റിന്റെ നീക്കം. ദില്ലിയിലെ പിഎംഐ ഇലക്‌ട്രോ മൊബിലിറ്റി സൊല്യൂഷനാണ് ബസുകൾ നിർമിച്ച് നൽകുന്നത്.
'കെ എസ് ആര്‍ ടി സി യെ പ്രവർത്തിക്കാൻ അനുവദിക്കണം' :യൂണിയനുകളോട് ഹൈക്കോടതി
കെഎസ്ആർടിസിയെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് തൊഴിലാളി യൂണിയനുകളോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ശമ്പളം ഉറപ്പാക്കാൻ നടപടി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഈ പരാമർശം. വിഷയം കോടതി പരിഗണിക്കുമ്പോഴും യുണിയനുകൾ സമരപാതയിൽ ആണെന്ന സർക്കാർ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. കെഎസ്ആർടിസിയുടെ പ്രവർത്തനം തടസ്സപ്പെടുത്തില്ലെന്ന ഉറപ്പിന്‍റെ ലംഘനം ആണിതെന്നും കോടതി പറഞ്ഞു. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകുന്നതിൽ നിലപാട് അറിയിക്കാൻ സർക്കാർ ഒരു മാസം കൂടി സാവകാശം തേടി.