സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; എറണാകുളത്ത് മരിച്ചയാൾക്ക് രോഗം സ്ഥിരീകരിച്ചു
കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലകൃഷ്ണൻ ഇന്നലെയാണ് മരിച്ചത്. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊച്ചി: എറണാകുളത്ത് മരിച്ചയാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം പുല്ലുവഴി സ്വദേശി പൊന്നാമ്പിള്ളി ബാലകൃഷ്ണൻ നായർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസത്തെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലകൃഷ്ണൻ ഇന്നലെയാണ് മരിച്ചത്. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 79 വയസായിരുന്നു.
കൊവിഡ് മരണം സ്ഥിരീകരിച്ചതോടെ രായമംഗലം പഞ്ചായത്തിൽ അടിയന്തര യോഗം ചേര്‍ന്നു. ആരോഗ്യവകുപ്പ് ബാലകൃഷ്ണന്റെ സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ്. ബാലകൃഷ്ണൻ ആദ്യം ചികിത്സ തേടിയ വളയന്‍ചിറങ്ങരയിലെ സ്വകാര്യ ക്ലിനിക് താത്ക്കാലികമായി അടച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. എറണാകുളം ജില്ലയിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നു എന്നുവേണം മനസ്സിലാക്കാനെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു. വളരെ അപകടകരമായ സാഹചര്യമാണിത്. ഇപ്പോഴത്തെ ചുറ്റുപാടിൽ രോഗത്തെ അതിജീവിക്കാൻ കഴിയില്ലെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ എബ്രഹാം വർഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Also Read: സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപനമെന്ന് ഐഎംഎ; ഇപ്പോഴത്തെ ചുറ്റുപാടിൽ രോഗത്തെ അതിജീവിക്കാൻ കഴിയില്ല
ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററും സൂപ്പർ സ്പ്രെഡുമായതോടെ സംസ്ഥാനത്തെ സമ്പർക്ക രോഗികളുടെ എണ്ണം പ്രതീക്ഷിച്ചതിലും വേഗത്തിൽ ഉയരുന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 2375 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം സമ്പര്‍ക്ക രോഗികളുടെ എണ്ണം ആകെ കേസുകളുടെ 49 ശതമാനം വരെയെത്തി.
Also Read: സമ്പര്‍ക്ക രോഗവ്യാപനം കുതിക്കുന്നു; അപകടസൂചനയായി സൂപ്പർ സ്പ്രെഡും വൻ ക്ലസ്റ്ററും