സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം; മൂന്നും സ്ഥിരീകരിച്ചത് മരണശേഷം, ആശങ്ക
കഴിഞ്ഞ ദിവസങ്ങളിൽ കാസർകോടും തിരുവനന്തപുരത്തും ആലപ്പുഴയിലും മരിച്ചവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം മരിച്ച തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി പ്രശുഭയ്ക്കാണ് മരണശേഷം കൊവിഡ് കണ്ടെത്തിയത്. 40 വയസ്സായിരുന്നു. ഹൃദ്രോഗത്തിന് ഇവർ ചികിത്സയിലായിരുന്നു. മരണശേഷമാണ് സ്രവം പരിശോധനക്ക് കൊണ്ടുപോയത്. ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ള ബന്ധുക്കളുടെ ഫലം നെഗറ്റീവാണ്. ഇതോടെ തിരുവനന്തപുരത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 12 ആയി.
ഞായറാഴ്ച മരിച്ച കാസർകോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയാണ് മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍. കാസർകോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇദ്ദേഹത്തിന് ഒരാഴ്ചയായി പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. ഭാരത് ബീഡി കോൺട്രാക്ടറായ ശശിധരയുടെ സമ്പർക്ക പട്ടികയിൽ നാനൂറോളം പേരുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ, കാസർകോട് കൊവിഡ് മരണം ആറായി.
ആലപ്പുഴ സ്വദേശി ത്രേസ്യാമ്മയുടെതാണ് മൂന്നാമത്തെ കൊവിഡ് മരണം. 62 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. മരണശേഷം നടത്തിയ കൊവിഡ് പരിശോധനയിൽ ത്രേസ്യാമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ 14-ാം വാർഡിലായിരുന്നു ഇവരുടെ താമസം.