കൊച്ചിയിൽ രണ്ട് കൊവിഡ് മരണം കൂടി; സംസ്ഥാനത്ത് ഇന്ന് മാത്രം നാല് മരണം
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് കഴിഞ്ഞ 23 നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്.
കൊച്ചി: കൊച്ചിയിൽ രണ്ട് കൊവിഡ് മരണം കൂടി. നെഞ്ചുവേദനയുമായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ എടത്തല സ്വദേശി മോഹനൻ (65), പള്ളിക്കര അമ്പലപ്പടി സ്വദേശി അബുബക്കർ (72) എന്നിവരാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 10 മണിക്കായിരുന്നു അബുബക്കറുടെ മരണം സംഭവിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് കഴിഞ്ഞ 23 നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം മുൻപാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊച്ചിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെയും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ കൊവിഡ് മരണമാണിത്.
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കൊവിഡ് പൊസിറ്റീവായി കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇടുക്കി രാജാക്കാട് മാമ്മട്ടിക്കാനം ചന്ദന പുരയിടത്തിൽ വീട്ടിൽ സി വി വിജയൻ (61) ആണ് എറാണാകുളത്ത് ഇന്ന് മരിച്ച മറ്റൊരാൾ. പാൻ ക്രിയാസ് ക്യാൻസർ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിജയന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശനിയാഴ്ചയാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇയാള്‍ക്ക് കൊവിഡ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അതിനിടെ, ആലപ്പുഴ പട്ടണക്കാട് ചികിത്സയിലിരിക്കെ മരിച്ച വൃദ്ധന് കൊവിഡ് സ്ഥിരീകരിച്ചു. പട്ടണക്കാട് മൂന്നാം വാർഡ് ചാലുങ്കൽ ചക്രപാണിയുടെ (79) മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ചക്രപാണി ശനിയാഴ്ച്ചയാണ് മരിച്ചത്.