വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയ ശേഷം പിന്നീട് മറുപടിയില്ല; പരാതിയുമായി ഉദ്യോഗാർഥികൾ
ഇന്ത്യയിൽ പെർമിറ്റോ ലൈസൻസോ ഇല്ലാത്ത സ്ഥാപനത്തിന് യുഎഇയിൽ ലൈസൻസുണ്ടായിരുന്നു എന്നാണ് ഉദ്യോഗാർത്ഥികളോട് പറഞ്ഞിരുന്നത്.
തൃശ്ശൂർ: വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയുമായി ഉദ്യോഗാർഥികൾ.
ഇരുന്നൂറോളം പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വാടാനപ്പിള്ളിയിലെ സ്വകാര്യ സ്ഥാപനത്തിനെതിരെയാണ് ഉദ്യോഗാർത്ഥികളുടെ പരാതി.
വിദേശ ജോലിയെന്ന സ്വപ്നവുമായി തൃശ്ശൂരിലെ ഇക്ര ഗുരു എന്ന സ്ഥാപനത്തിൽ ലക്ഷങ്ങൾ നൽകിയ നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. മുസാമിൽ പി.എ എന്നയാളാണ് സ്ഥാപനത്തിന്‍റെ ഉടമ. ആദ്യ ഘട്ടത്തിൽ രണ്ട് ലക്ഷം രൂപയാണ് പലരും നൽകിയത്. പിന്നീട് യാതൊരു മറുപടിയും ഇല്ലാത്തതിനാൽ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ചതി പറ്റിയെന്ന് പലർക്കും മനസ്സിലായത്.
ഇന്ത്യയിൽ സ്ഥാപനത്തിന് ലൈസൻസോ പെർമിറ്റോ ഇല്ല. യു.എ.ഇയിൽ ലൈസെൻസുണ്ടെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിലെ ജീവനക്കാർക്ക് ശമ്പളം നൽകാത്തതിനെ തുടർന്ന് ജീവനക്കാരാണ് തൃശ്ശൂരിലെ സ്ഥാപനം അടപ്പിച്ചത്. വാടാനപ്പളളി പൊലീസ് സ്റ്റേഷനിലും റൂറൽ എസ്.പിക്കും തട്ടിപ്പിനിരയായവർ പരാതി നൽകിയിട്ടുണ്ട്. മുസാമിനെതിരെ തൃശ്ശൂർ പോലീസ് സ്റ്റേഷനിൽ നിരവധി പരാതികൾ നിലവിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം