'എ പ്ലസ് കൂടിയാൽ വിശ്വാസ്യത പോകും', 10, 12 പരീക്ഷാ ചോദ്യഘടന മാറ്റില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
കൊവിഡ് മൂലം കൃത്യമായി ക്ലാസ് നടക്കാതിരിക്കുമ്പോഴും ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങൾ കുറച്ചതാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ ആശങ്ക ഉണ്ടാക്കുന്നത്. കഴിഞ്ഞ തവണ 80 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്നായിരുന്നു.
തിരുവനന്തപുരം: വ്യാപകമായ എതിർപ്പ് ഉയരുമ്പോഴും പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾക്ക് നിശ്ചയിച്ച ചോദ്യഘടനയിൽ മാറ്റം വരുത്തില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. ഫോക്കസ് ഏരിയയിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയാൽ പരീക്ഷാ നടത്തിപ്പിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യാപ്പെടാമെന്നാണ് വിദ്യാഭ്യാസവകുപ്പിന്‍റെ വിശദീകരണം. ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നും കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകുമെന്ന് സർക്കാർ നേരത്തെ അറിയിക്കേണ്ടിയിരുന്നുവെന്ന് പ്രതിപക്ഷനേതാവ് പറയുന്നു.
കൊവിഡ് മൂലം കൃത്യമായി ക്ലാസ് നടക്കാതിരിക്കുമ്പോഴും ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങൾ കുറച്ചതാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ ആശങ്ക ഉണ്ടാക്കുന്നത്. കഴിഞ്ഞ തവണ 80 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്നായിരുന്നു. ഇത്തവണ ഇത് 70 ശതമാനം മാത്രമായിരിക്കേ എ ഗ്രേഡും എ പ്ലസ് ഗ്രേഡും കിട്ടണമെങ്കിൽ പാഠപുസ്തകം മുഴുവൻ പഠിക്കേണ്ട സാഹചര്യമാണ്.
ഇത് മാറ്റണമെന്ന ആവശ്യം ഉയരുമ്പോഴാണ് ചോദ്യഘടനയെ വിദ്യാഭ്യസവകുപ്പ് ന്യായീകരിക്കുന്നത്. കഴിഞ്ഞ തവണ തന്നെ വാരിക്കോരി മാർക്കിട്ടു എന്നാണ് ആക്ഷേപം ഉയർന്നത്. ഫോക്കസ് ഏരിയയിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ വന്ന് ഉയർന്ന ഗ്രേഡുകൾ കിട്ടുന്നവരുടെ എണ്ണം കൂടുന്നത് കേരളത്തിലെ പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ഹയർസെക്കന്‍ററി അക്കാദമിക് ജോയിന്‍റ് ഡയറക്ടർ ആർ സുരേഷ് കുമാർ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
ഇടത് അധ്യാപക സംഘടനകളടക്കം എതിർപ്പ് ഉയർത്തുമ്പോഴാണ് മാറ്റമില്ലെന്ന നിലപാട് വിദ്യാഭ്യാസവകുപ്പ് ആവർത്തിക്കുന്നത്. കഴിഞ്ഞവർഷത്തെ ഫലം വിശദമായി പഠിച്ചാണ് തീരുമാനമെന്നാണ് വിശദീകരണം. ഫോക്കസ് ഏരിയ മാത്രം പഠിച്ചവർ പ്രവേശനപരീക്ഷകളിൽ പിന്നോക്കം പോയെന്ന വിലയിരുത്തലുണ്ടെന്നാണ് മറ്റൊരു ന്യായീകരണം.
സമയം കിട്ടിയില്ലെന്ന വാദം ശരിയല്ലെന്നും, നവംബറിൽ ഓൺലൈൻ ക്ലാസ് തുടങ്ങിയെന്നുമാണ് പറയുന്നത്. പക്ഷെ പ്ലസ് ടുക്കാർക്ക് ഈ വർഷം തന്നെ പ്ലസ് വൺ പരീക്ഷ എഴുതേണ്ടി വന്നതടക്കമുള്ള പ്രശ്നങ്ങൾ ലേഖനത്തിൽ സമ്മതിക്കുന്നുമുണ്ട്. സർക്കാർ ആശങ്ക മാറ്റണമെന്നാവശ്യപ്പെട്ട് വിവാദം പ്രതിപക്ഷം ഏറ്റെടുക്കുന്നു.
''പലയിടത്തും മോഡൽ പരീക്ഷ നടക്കുമ്പോഴാണ്, ഫോക്കസ് ഏരിയയ്ക്ക് പുറത്ത് നിന്ന് ചോദ്യങ്ങൾ ഉണ്ടാകുമെന്ന് സർക്കാർ പറയുന്നത്. ഫോക്കസ് ഏരിയയിൽ നിന്നല്ലാതെ ചോദ്യങ്ങൾ ഉണ്ടാകുമെന്ന് നേരത്തേ പറയേണ്ടിയിരുന്നു. ഫോക്കസ് ഏരിയ മാറ്റം വിദ്യാർത്ഥികളിൽ ആശങ്കയും പരിഭ്രാന്തിയുമുണ്ടാക്കുകയാണ്. സർക്കാർ ഇതിന് അടിയന്തരപരിഹാരം കാണണം'', പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആവശ്യപ്പെടുന്നു.
എസ്‍സിഇആർടി നിശ്ചയിച്ച ഫോക്കസ് ഏരിയ കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസവകുപ്പ് അംഗീകരിച്ചത്. പാഠപുസ്തകങ്ങളുടെ ഫോക്കസ് ഏരിയയിൽ നിന്നു 70 ശതമാനം മാർക്കിനാണ് ചോദ്യം. ബാക്കി 30 ശതമാനം ഫോക്കസ് ഏരിയക്ക് പുറത്താണ്.
അതായത് പാഠപുസ്തകം മുഴുവൻ പഠിക്കാതെ എ ഗ്രേഡോ എ പ്ലസോ കിട്ടില്ല. എത്ര മിടുക്കനായ വിദ്യാർത്ഥിയായാലും എ പ്ലസിലേക്കെത്താൻ പാടുപെടുമെന്നാണ് അധ്യാപകർ തന്നെ ചൂണ്ടിക്കാട്ടുന്നത്. കുട്ടിക്ക് ബുദ്ധിമുട്ടുണ്ടായിരിക്കാൻ സാധ്യതയുള്ള നോൺ ഫോക്കസ് ഏരിയയിൽ കൂടുതൽ ഓപ്ഷനുകൾ നൽകുകയായിരുന്നു വേണ്ടത്. ഇതുണ്ടായില്ല. പകരം കുട്ടിക്ക് അറിയാൻ സാധ്യതയുള്ള ഫോക്കസ് ഏരിയയിൽ കൂടുതൽ ഓപ്ഷൻ നൽകി നോൺ ഫോക്കസ് ഏരിയ മാർക്ക് നഷ്ടപ്പെടുത്തുന്ന വിധം ഓപ്ഷനില്ലാതെയുമാക്കി.
നവംബറിലാണ് ഓഫ്‍ലൈൻ ക്ലാസ് തുടങ്ങിയത്. പാഠപുസ്തകങ്ങൾ മുഴുവൻ പഠിപ്പിക്കാൻ ഇനി സമയമില്ലാതിരിക്കെ ഫോക്കസ് ഏരിയ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറച്ചതിലാണ് ആശങ്ക. കഴിഞ്ഞ വർഷം 80 ശതമാനം മാർക്കായിരുന്നു ഫോക്കസ് ഏരിയയിൽ നിന്നും കിട്ടിയത്. എന്നാൽ കഴിഞ്ഞ വർഷം അധ്യയനം തീരെ നടന്നിരുന്നില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് വിശദീകരണം.
ഇത്തവണ ജൂൺ മുതൽ ഓൺലൈനായും ഓഫ്‍ലൈനായും ക്ലാസുകൾ കിട്ടിയതിനാൽ കൂടുതൽ അധ്യയനം നടന്നിട്ടുണ്ടെന്നതാണ് സർക്കാർ വാദം. കഴിഞ്ഞ തവണ ഉദാര സമീപനം സ്വീകരിച്ചതോടെ സംസ്ഥാനത്ത് ഒരു ലക്ഷത്തിന് മുകളിൽ പേർക്ക് എ പ്ലസ് കിട്ടി, പ്ലസ് വൺ പ്രവേശനമടക്കം സങ്കീർണമായി സർക്കാർ പ്രതിസന്ധിയിലായിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഫോക്കസ് ഏരിയ കുറച്ചത്.