Asianet News MalayalamAsianet News Malayalam

മലപ്പുറത്തെ നിപ ബാധ: സമ്പർക്ക പട്ടികയിൽ 255 പേർ, നിരീക്ഷണം കൂടിയത് കൊണ്ടുള്ള വർധനയെന്ന് മന്ത്രി

മലപ്പുറത്ത് എം പോക്സ് സംശയിക്കുന്ന വ്യക്തിയുടെ കൂടെ സഞ്ചരിച്ച ആളുകളുടെ വിവരങ്ങൾ എടുത്തിട്ടുണ്ടെന്നും മന്ത്രി

Nipah spread in Malappuram 255 included in contact list
Author
First Published Sep 17, 2024, 6:43 PM IST | Last Updated Sep 17, 2024, 6:43 PM IST

മലപ്പുറം: നിപ ബാധിച്ച് യുവാവ് മരിച്ച മലപ്പുറത്ത് സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണത്തിൽ വർധന. ഇന്നത്തെ കണക്ക് പ്രകാരം 255 പേരെ പട്ടികയിലുൾപ്പെടുത്തി. രോഗ ബാധയെ തുടർന്ന് മേഖലയിൽ ശക്തമായ നിരീക്ഷണം നടക്കുന്നത് കൊണ്ടാണ് ഈ വർധനവെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്പർക്ക പട്ടികയിൽ 32 പേർ ഹൈ റിസ്‌ക് കാറ്റഗറിയിലാണ്. ഇവരിൽ മൂന്ന് പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മലപ്പുറത്ത് എം പോക്സ് സംശയിക്കുന്ന വ്യക്തിയുടെ കൂടെ സഞ്ചരിച്ച ആളുകളുടെ വിവരങ്ങൾ എടുത്തിട്ടുണ്ടെന്നും രോഗം സ്ഥിരീകരിച്ചാൽ  ഇവർക്കും ജാഗ്രത നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ ലിഫ്റ്റ് തകരാറിലായ സംഭവത്തിൽ പരിശോധിക്കാമെന്ന് മാത്രമായിരുന്നു മന്ത്രിയുടെ മറുപടി. 

കേരളത്തിനുള്ള എയിംസ് വൈകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോടും മന്ത്രി പ്രതികരിച്ചു. വിഷയത്തിൽ കേരളത്തിന് വ്യക്തമായ നിലപാട് ഉണ്ടെന്നും കോഴിക്കോട് കിനാലൂരിൽ മതിയായ സ്ഥലം ഉണ്ടെന്ന് കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതാണെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന് ആശയക്കുഴപ്പമില്ല. കേന്ദ്ര ആരോഗ്യ മന്ത്രി അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ ആരോഗ്യരംഗം മികച്ചതായത് കൊണ്ടായിരിക്കാം എയിംസ് കിട്ടാതെ പോയതെന്നും അനുകൂല സമീപനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും മന്ത്രി പറ‌ഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios