മൈനാ​ഗപ്പള്ളി അപകടം; പ്രതി അജ്മലിനെതിരെ ​ഗുരുതര ആരോപണവുമായി ശ്രീക്കുട്ടിയുടെ അമ്മ സുരഭി

മകളെ അജ്മൽ കുടുക്കിയതാണെന്നും സ്വർണാഭരണങ്ങൾ ഉൾപ്പെടെ തട്ടിയെടുത്തെന്നും സുരഭി ആരോപിക്കുന്നു. 

mynagappally accident mother of sreekkutty serious allegations against accused ajmal

കൊല്ലം: കൊല്ലം മൈനാ​ഗപ്പള്ളി ആനൂർക്കാവിൽ വീട്ടമ്മയെ കാറിടിച്ചു വീഴ്ത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലൊരാളായ അജ്മലിനെതിരെ ​ഗുരുതര ആരോപണവുമായി മറ്റൊരു പ്രതിയായ ശ്രീക്കുട്ടിയുടെ അമ്മ സുരഭി. മകളെ അജ്മൽ കുടുക്കിയതാണെന്നും സ്വർണാഭരണങ്ങൾ ഉൾപ്പെടെ തട്ടിയെടുത്തെന്നും സുരഭി ആരോപിക്കുന്നു. 

അതേ സമയം, അപകട സമയത്ത് പ്രതികളായ ഡോ. ശ്രീക്കുട്ടിയും അജ്മലും സഞ്ചരിച്ച കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അപകട ശേഷം ഓൺലൈൻ വഴിയാണ്  KL 23Q9347 എന്ന കാറിന്‍റെ ഇന്‍ഷുറന്‍സ് പുതുക്കിയത്. അപകടമുണ്ടാക്കിയ കാറാണിത്. കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയതിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

കേസിൽ ശാസ്താംകോട്ട പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രതികളെ 3 ദിവസത്തേക്ക് കസ്റ്റഡിയിൽ നൽകണമെന്ന് പൊലീസ് ആവശ്യപ്പെടും. ഒന്നാം പ്രതി അജ്മലിനെയും രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയെയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കാനാണ് നീക്കം. രണ്ട് പ്രതികളെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. മനപ്പൂർവ്വമുള്ള നരഹത്യ കുറ്റമാണ്  ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്.

മദ്യലഹരിയിലായിരുന്ന പ്രതികൾ രാസലഹരി ഉപയോഗിച്ചിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. അജ്മലിൻ്റെയും ശ്രീക്കുട്ടിയുടെയും രക്ത സാമ്പിൾ അടക്കം പൊലീസ് ശേഖരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ അജ്മലിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചിരുന്നു. ഇന്‍ഷുറന്‍സ് പുതുക്കിയതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിൽ നിന്നും പൊലീസ് വിവരം തേടിയിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios