നേമത്തും തൃശ്ശൂരിലും കോൺഗ്രസ് ബിജെപിക്ക് വോട്ട് ചെയ്തു, ഡീൽ ആവർത്തിച്ച് മുഖ്യമന്ത്രി ചേലക്കരയിൽ
നേമത്തും തൃശ്ശൂരിലും ബിജെപി അക്കൗണ്ട് തുറന്നത് കോൺഗ്രസുമായുണ്ടായിരുന്ന ഡീലിന്റെ ഭാഗമായിരുന്നുവെന്ന് പിണറായി ആരോപിച്ചു.
തൃശ്ശൂർ : തെരഞ്ഞെടുപ്പിൽ കോൺഗ്രസ് -ബിജെപി ഡീൽ ആരോപണം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ചേലക്കരയിൽ. നേമത്തും തൃശ്ശൂരിലും ബിജെപി അക്കൗണ്ട് തുറന്നത് കോൺഗ്രസുമായുണ്ടായിരുന്ന ഡീലിന്റെ ഭാഗമായിരുന്നുവെന്ന് പിണറായി ആരോപിച്ചു.
നേമത്ത് ഡീലിന്റെ ഭാഗമായാണ് ബിജെപി അക്കൗണ്ട് തുറന്നത്. അവിടെ കോൺഗ്രസ് വോട്ടുകൾ കാണാതായി. കോൺഗ്രസുകാർ വോട്ട് ബിജെപിക്ക് ചെയ്തു. ഇല്ലായിരുന്നെങ്കിൽ നേമത്ത് ബിജെപിക്ക് അക്കൌണ്ട് തുറക്കാൻ കഴിയുമായിരുന്നില്ല. അതിന് ശേഷം, അപ്പുറത്തൊരു കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയവും ഡീലിന്റെ ഭാഗമായി ഉറപ്പാക്കിയെന്നും പിണറായി ആരോപിച്ചു.
തൃശ്ശൂരിലൂടെ ലോക്സഭയിലേക്ക് ബിജെപിക്ക് അക്കൗണ്ട് തുറക്കാനായി. വോട്ട് കണക്ക് മാത്രം എടുത്താൽ കാര്യം മനസ്സിലാകും. കോൺഗ്രസ് അംഗീകാരമുള്ള ആളെ തന്നെ സ്ഥാനാർത്ഥിയാക്കി. 2019 ഇൽ കിട്ടിയ വോട്ടിനേക്കാൾ കുറവ് വോട്ടാണ് കോൺഗ്രസിന് കിട്ടിയത്. ആ വോട്ട് എങ്ങോട്ട് പോയെന്ന് വ്യക്തമാണ്. ബിജെപി- കോൺഗ്രസ് മാനസിക ഐക്യം അത്രത്തോളമാണ്. ഇരുവരുടെയും പ്രധാന ശത്രു എൽഡിഎഫാണെന്നും പിണറായി പറഞ്ഞു.
പഴയ സാധനം നൽകിയത് മേപ്പാടി പഞ്ചായത്തെന്ന് മുഖ്യമന്ത്രി; 'സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമായ നടപടി'
കൃത്യമായ ഇടതുപക്ഷ വിരോധം, നാടിനെതിരെയുള്ള നീക്കമായി മാറ്റുന്നു. കേരളത്തിന്റെ പ്രശ്നങ്ങൾക്കൊപ്പം നിൽക്കാൻ ഇക്കൂട്ടർ തയ്യാറായില്ല. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയപാർട്ടി എന്ന നിലയ്ക്ക് ബിജെപി ഒപ്പം നിന്നില്ല. സംസ്ഥാനത്തോട് പൂർണ നിസ്സഹകരണമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. തൃശ്ശൂരിൽ എൽഡിഎഫിന് വോട്ട് കുറഞ്ഞില്ല. വോട്ട് വർധിക്കുകയാണ് ഉണ്ടായതെന്നും പിണറായി ചൂണ്ടിക്കാട്ടി.