എംവിഡി വിവാദങ്ങൾ ആ വഴിക്ക്! പൊല്ലാപ്പുകൾക്കിടെ പുതിയ പ്രഖ്യാപനം; ബോര്‍ഡും റെഡിയാക്കി റോബിൻ ബസ്
വധശ്രമ കേസും പുതിയ വിവാദങ്ങളുമായി വീണ്ടും വാര്‍ത്തകളിലേക്കെത്തിയ റോബിൻ ബസിന്റെ പുതിയ പ്രഖ്യാപനമെത്തി. റോബിൻ ഇനി മുതൽ അടൂരിൽ നിന്നാണ് കോയമ്പത്തൂരിലേക്ക് പുറപ്പെടുക
പത്തനംതിട്ട: വധശ്രമ കേസും പുതിയ വിവാദങ്ങളുമായി വീണ്ടും വാര്‍ത്തകളിലേക്കെത്തിയ റോബിൻ ബസിന്റെ പുതിയ പ്രഖ്യാപനമെത്തി. റോബിൻ ഇനി മുതൽ അടൂരിൽ നിന്നാണ് കോയമ്പത്തൂരിലേക്ക് പുറപ്പെടുക. ഇതിനായി പുതിയ ബോര്‍ഡും റെഡിയായി. നാളെ മുതലാണ് പുതിയ സര്‍വീസ്. അടൂരിൽ നിന്ന് രാത്രി 3.40-ന് പുറപ്പെടുന്ന ബസ് 10.30 -ന് കോയമ്പത്തൂരെത്തും. വൈകിട്ട് ആറ് മണിക്ക് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 12.30-നാണ് തിരിച്ച് അടൂരിലെത്തുന്നത്. ഫെബ്രുവരി ഒന്നിനാണ് സര്‍വീസ് ആരംഭിക്കുകയെന്നും റോബിൻ മോട്ടോഴ്സ് അറിയിച്ചു.
അതേസമയം, റോബിൻ ബസ് പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് നിര്‍ദേശിച്ചു. പെർമിറ്റ് ചട്ടം ലംഘിച്ചാൽ സർക്കാരിന് അക്കാര്യം സിംഗിൾ ബെഞ്ചിൽ അപേക്ഷ മുഖേന അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. ചട്ടലംഘനം കണ്ടെത്തിയാൽ സിംഗിൾ ബെഞ്ചിന് ഉചിതമായ ഉത്തരവിടാമെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.
റോബിൻ ബസിനെതിരായ സർക്കാരിന്റെ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബഞ്ച് ഉത്തരവ്. ചട്ടലംഘനത്തിന് ബസ് പിടിച്ചെടുത്താലും വിട്ടുകൊടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു സർക്കാര്‍ അപ്പീൽ നല്‍കിയത്. ഇതിനിടെയാണ് റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷിനെതിരെ പത്തനംതിട്ട എസ്പിക്ക് പരാതി നൽകിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. എഎംവിഐമാരായ രണ്ട് പേരാണ് ഗിരീഷിനെതിരെ പരാതി നല്‍കിയത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതി. പരാതിയെ തുടര്‍ന്ന് ഗിരീഷിനോട് ഇന്ന് എസ് പി ഓഫീസിൽ ഹാജരാകാൻ നിർദേശം നല്‍കി. പരാതി വ്യാജമാണെന്നും കോടതിയിൽ തുടർച്ചയായി തോൽക്കുന്നതിന്റെ പ്രതികാരമെന്നും ഗിരീഷ് പ്രതികരിച്ചു.
മോട്ടോർ വാഹനവകുപ്പിന്റെ തുടർച്ചയായ പരിശോധനയ്ക്കും ബസ് പിടിച്ചെടുക്കലിനുമെതിരെ റോബിൻ ബസ് ഉടമ ഈ മാസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിയലക്ഷ്യ ഹർജിയുമായാണ് റോബിൻ ബസ് ഉടമ ഹൈക്കോടതിയിലെത്തിയത്. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ഹർജിയുടെ പശ്ചാത്തലത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഗതാഗത സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു. കേരളത്തിൽ സർവ്വീസ് നടത്തിയ റോബിൻ ബസിനെ എംവിഡി നിരവധിയിടങ്ങളിൽ തടഞ്ഞ് പരിശോധിച്ചിരുന്നു.
പെര്‍മിറ്റ് ലംഘനത്തിന്‍റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പുമായി നിയമയുദ്ധത്തിലായിരുന്ന റോബിന്‍ ബസിനെ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഉടമ പൊലീസിനെ സമീപിച്ചെങ്കിലും മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിർദേശം പരിഗണിച്ച ശേഷം മാത്രമാണ് മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടുകൊടുത്തത്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്.
കൊല്ലുമെന്ന് ഭീഷണി, റോബിൻ ബസ് നടത്തിപ്പുകാരനെതിരെ പരാതി നൽകി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം