'കോൺഗ്രസിനായി കളളപ്പണമെത്തി', എല്ലാ വിവരങ്ങളും തെളിവുമുണ്ടെന്നും എംവി ഗോവിന്ദൻ
കള്ളപ്പണം എത്തിച്ചതിന്റെ വിവരം സിപിഎമ്മിനും പൊലീസിനുമുണ്ട്. അധികം വൈകാതെ എല്ലാ വിവരവും പുറത്തുവരും.
പാലക്കാട് : കോൺഗ്രസിനായി കള്ളപ്പണം എത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പൊലീസ് എത്തും മുൻപ് ഒളിപ്പിച്ചു. കള്ളപ്പണം എത്തിച്ചതിന്റെ വിവരം സിപിഎമ്മിനും പൊലീസിനുമുണ്ട്. അധികം വൈകാതെ എല്ലാ വിവരവും പുറത്തുവരും. ഹോട്ടലിലെ പരിശോധനയിൽ അത്ഭുതമില്ലെന്നും എല്ലാ വിവരവും പൊലീസിനും കിട്ടിയിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
പാലക്കാട്ടെ മുൻ എംഎൽഎയും ഇപ്പോഴത്തെ എംപിയുമായ ആൾക്ക് ബിജെപിക്ക് പണം എത്തിക്കുന്ന ടീം തന്നെ 4 കോടി കൊടുത്തുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വിശദീകരിക്കുന്നത് നമ്മൾ കേട്ടു. ആ സാഹചര്യത്തിൽ കളളപ്പണം എവിടെ എങ്ങനെയൊക്കെ ആരൊക്കെ വിതരണം ചെയ്യുന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. അതിന്റെ ഭാഗമായി ചില വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് പരിശോധന നടത്തിയത്. സാധ്യതയുളള എല്ലാ ഇടങ്ങളും പരിശോധിക്കുന്നു. അതിന്റെ ഭാഗമായാണ് ഇന്നലെ പാലക്കാട്ടെ ഹോട്ടലിലും പരിശോധന നടന്നത്. മന്ത്രി എംബി രാജേഷിന്റെയും നികേഷ് കുമാറിന്റെയും മുറികൾ പരിശോധിച്ചിരുന്നു. അതിന്റെ കൂട്ടത്തിലാണ് കോൺഗ്രസ് നേതാക്കളുടെ മുറിയിലും പരിശോധന നടന്നത്. എന്തോ മറിച്ച് വെക്കാനുണ്ട്. അത് കൊണ്ടാണ് കോൺഗ്രസ് നേതാക്കൾ പരിശോധനയെ തടഞ്ഞതും പ്രശ്നങ്ങൾ ഉണ്ടാക്കിയതും.
പാതിരാറെയ്ഡ്: പൊലീസ് മലക്കം മറിഞ്ഞു, വിശദീകരണങ്ങളില്‍ ദുരൂഹത, ആദ്യമെത്തിയത് വനിതാ പൊലീസില്ലാതെ
വനിതാ നേതാക്കളുടെ മുറിയിലെ പരിശോധനക്ക് വനിതാ പൊലീസും ഉണ്ടായിരുന്നു. കോൺഗ്രസ് നേതാക്കളുടെ കൈവശം കളളപ്പണം ഉണ്ടായിരുന്നു. വരും മണിക്കൂറിൽ എല്ലാ വിവരങ്ങളും പുറത്ത് വരും. എവിടേക്ക് മാറ്റിയെന്നെല്ലാം പുറത്തേക്ക് വരേണ്ടതാണ്. പൊലീസ് പരിശോധിക്കട്ടേ. കളളപ്പണമെത്തിയതിന്റെ എല്ലാ വിവരങ്ങളും കിട്ടിയിട്ടുണ്ട്. പൊലീസിന്റെ കയ്യിൽ കൃത്യമായ തെളിവുണ്ട്. ഇനിയെല്ലാം പുറത്തേക്ക് വരും. കളളപ്പണം അവർ മാറ്റിയതാണ്. കളളപ്പണം തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച് കോൺഗ്രസുകാർക്കും ബിജെപിക്കും നല്ല പരിചയമുണ്ട്. അത് പാലക്കാട്ട് പ്രയോഗിക്കാനാണ് ശ്രമിച്ചതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.