Muslim League : എകെജി സെൻററിലുള്ളവരോട് കാണിക്കുന്ന ധാർഷ്ട്യം ലീഗിനോട് വേണ്ട; മുഖ്യമന്ത്രിക്കെതിരെ മുനീർ
മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നു. ധാർഷ്ട്യം ലീഗിനോട് വേണ്ട, സ്വന്തം വീട്ടിൽ മതി. ലീഗിൻ്റെ തലയിൽ കയറി നിരങ്ങണ്ട.
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ (Pinarayi Vijayan) ആഞ്ഞടിച്ച് മുസ്ലീം ലീഗ് (Muslim League) നേതാവ് എം കെ മുനീർ (M K Muneer). ചാൻസിലർക്ക് അധികാരം നൽകാതെ തന്നിഷ്ടപ്രകാരം മുഖ്യമന്ത്രി കാര്യങ്ങൾ ചെയ്യുന്നത് വലിയ ഭരണഘടനാ ലംഘനമാണെന്ന് മുനീർ ആരോപിച്ചു. മുസ്ലീംലീഗ് രാഷ്ട്രീയ സംഘടന തന്നെയാണ്. ഒരു സമുദായം മാത്രം ഒന്നും ചെയ്യാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ല. എകെജി സെൻററിലുള്ളവരോട് കാണിക്കുന്ന ധാർഷ്ട്യം ലീഗിനോട് വേണ്ട എന്നും മുനീർ അഭിപ്രായപ്പെട്ടു.
'ഇ എം എസിൻ്റെ മന്ത്രിസഭയിലുണ്ടായിരുന്ന പാർട്ടിയാണ് മുസ്ലീം ലീഗ്. ഇത് രാഷ്ട്രീയ പാർട്ടിയാണോ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രിക്ക് സ്ഥലകാല ഭ്രമമാണ്. മുഖ്യമന്ത്രിയുടേത് ഏറ്റവും തരം താഴ്ന്ന രാഷ്ട്രീയമാണ്. ലീഗ് ഓടിളക്കിയല്ല സഭയിലെത്തിയത്. മുസ്ലീം ലീഗ് മിണ്ടണ്ട എന്ന് പറഞ്ഞാൽ ഞങ്ങളിനി സഭയിൽ ഇടപെടണ്ട എന്നാണോ? മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നു. ധാർഷ്ട്യം ലീഗിനോട് വേണ്ട, സ്വന്തം വീട്ടിൽ മതി
ലീഗിൻ്റെ തലയിൽ കയറി നിരങ്ങണ്ട. പള്ളിയിൽ ലീഗ് സംസാരിച്ചാൽ വർഗീയ സംഘർഷമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ക്രിസ്തീയ സമൂഹം പള്ളികളിൽ ഇടയലേഖനം വായിക്കാറില്ലേ? ഒരു സമുദായം മാത്രം ഒന്നും മിണ്ടാൻ പാടില്ലെന്ന് പറയുന്നു. മുഖ്യമന്ത്രി മതങ്ങളെ ഹൈജാക്ക് ചെയ്യുകയാണ്. മതനിരാസം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്' എന്നും മുനീർ പറഞ്ഞു.
ഗവർണ്ണർക്ക് പോലും സഹികെട്ടു: കെ മുരളീധരൻ
സർവ്വകലാശാലകൾ മാർക്സിസ്റ്റ് വത്കരിക്കപ്പെട്ടു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗവർണ്ണറുടെ പരാതി എന്ന് കെ മുരളീധരൻ എം പി പറഞ്ഞു. ഗവർണ്ണർക്ക് പോലും സഹി കെട്ടു. ചാൻസിലറായി തുടരാൻ ഗവർണ്ണർ ആഗ്രഹിക്കുന്നെങ്കിൽ നടപടി എടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ നടപടികൾക്ക് കോൺഗ്രസ് നൽകുന്നത് പുല്ലു വിലയാണ്. പൊലീസ് എടുക്കാചരക്കായി. പൊലീസുകാരെ നയിക്കുന്ന ഐപിഎസുകാർക്ക് മാഫിയ ബന്ധം ഉണ്ട്.
ലീഗ് കോഴിക്കോട് സംഘടിപ്പിച്ച വഖഫ് റാലിക്കിടെ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ലീഗ് നേതാവ് നടത്തിയ പരാമര്‍ശങ്ങളെ കെ. മുരളീധരന്‍ അപലപിച്ചു. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ആര് നടത്തിയാലും അംഗീകരിക്കാനാവില്ല.റാലിക്കിടെ ഉണ്ടായ ചില മുദ്രാവാക്യങ്ങളും തെറ്റായി. എന്നാല്‍ താലിബാനിസം എന്ന് പറഞ്ഞ് മുസ്ലീംലീഗിനെ കല്ലെറിയാൻ അനുവദിക്കില്ല. മുഖ്യമന്ത്രി വെല്ലുവിളിക്കട്ടെ. ചെയ്യാനുള്ളത് തങ്ങൾ ചെയ്യും. വെല്ലുവിളിയെങ്കിൽ വെല്ലുവിളി. കെ. റെയിൽ കല്ലിടുമ്പോൾ ഇപ്പോൾ തന്നെ തങ്ങളുടെ പ്രവർത്തകർ പിഴുതെറിയുന്നുണ്ട്. ഇനിയും എറിയുമെന്നും മുരളീധരൻ പറഞ്ഞു.
Read Also: സർവകലാശാല ഭരണത്തിൽ രാഷ്ട്രീയ ഇടപെടൽ അതിരൂക്ഷം, പദവി ഒഴിയാൻ തയ്യാര്‍;സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ