വഖഫ് നിയമം ഭേദഗതി ചെയ്യണമെന്ന് സമരസമിതി; മുനമ്പം നിരാഹാര സമരം 32ാം ദിനം: റവന്യൂ അവകാശം ലഭിക്കും വരെ തുടരും
മുനമ്പം സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് ലത്തീൻ അതിരൂപത പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
കൊച്ചി: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ പ്രദേശവാസികളുടെ റിലേ നിരാഹാര സമരം ഇന്ന് മുപ്പത്തിരണ്ടാം ദിവസത്തിലേക്ക് കടന്നു. പ്രദേശത്തെ 610 കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കും വരെ സമരം തുടരാനാണ് ഭൂസംരക്ഷണ സമിതിയുടെ തീരുമാനം. സമരത്തിന് പിന്തുണയുമായി കൊല്ലം രൂപതാ ബിഷപ്പ് പോൾ ആന്‍ണി മുല്ലശ്ശേരി സമരപ്പന്തൽ സന്ദർശിക്കും. തലശ്ശേരി അതിരൂപത കത്തോലിക്കാ കോൺഗ്രസും ബിഷപ്പ് ജോസഫ് പാംബ്ലാനിയുടെ നേതൃത്വത്തിൽ സമരപ്പന്തൽ സന്ദർശിക്കും. വഖഫ് നിയമം ഭേദഗതി ചെയ്യണമെന്നാണ് മുനമ്പം ഭൂസംരക്ഷണ സമിതിയുടെ ആവശ്യം.
അതിനിടെ ഏത് പ്രദേശവും വഖഫ് ഭൂമിയാണെന്ന് അവകാശപെടാൻ വഖഫ് ബോര്‍ഡിന് അവകാശമുണ്ടെന്ന പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ഇത് നൂറു ശതമാനവും തെറ്റാണ്. ഒരു വ്യക്തിയുടെ സ്വത്ത് ഒരിക്കലും കയ്യേറാൻ പാടില്ലെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. കയ്യേറിയ സ്ഥലത്ത് നമസ്ക്കരിക്കുന്നത് കുറ്റകരമാണെന്നും ഇസ്ലാം പറയുന്നു. മുനമ്പം വിഷയം സര്‍ക്കാരാണ് പരിഹരിക്കണ്ടതെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
മുനമ്പം സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് ലത്തീൻ അതിരൂപത പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഫാ.യൂജിൻ പൊരേര, തോമസ് ജെ നെറ്റോ, ബിനോയ് വിശ്വം, വി.എം.സുധീരൻ അടക്കമുള്ളവർ കൂട്ടായ്മയുടെ ഭാഗമായി. തർക്കം അടിയന്തരമായി പരിഹരിക്കണമെന്നും മതസൗഹാർദത്തിന് പോറൽ വരുത്താൻ ആരെയും അനുവദിക്കില്ലെന്നും ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു. മുനമ്പത്തെ മനുഷ്യരുടെ മണ്ണ് അവരുടേതായിരിക്കുമെന്ന് ഉറപ്പു നൽകുന്നുവെന്ന് ബിനോയ് വിശ്വവും പ്രശ്നം പരിഹരിക്കാൻ വൈകും തോറും നിക്ഷിപ്ത താത്പര്യക്കാരുടെ ഇടപെടൽ ഉണ്ടാവുമെന്ന് വി.എം സുധീരനും പറഞ്ഞു. തിരുവനന്തപുരത്തെ വിവിധ ക്രിസ്ത്യൻ സഭകളുടെ ഭാഗമായി നിരവധി പേർ കൂട്ടായ്മയുടെ ഭാഗമായി.