മുംബൈ ട്രെയിനിൽ നിന്ന് കണ്ണൂരിലിറങ്ങിയത് 400 പേര്‍, വിവരശേഖരണം ശ്രമകരമെന്ന് ജില്ലാ കലക്ടര്‍
ഇവരിൽ മിക്കവരും ഓൺലൈൻ രജിസ്റ്റര്‍ ചെയ്യാത്തവരാണെന്നതിനാൽ ഇവരുടെയെല്ലാം പേര് വിവരങ്ങൾ റെയിൽവേ സ്റ്റേഷനിൽ വച്ച് രജിസ്റ്റർ ചെയ്യണം.
കണ്ണൂർ: മുംബൈയിൽ നിന്ന് യാത്രക്കാരുമായി കേരളത്തിലേക്ക് പുറപ്പെട്ട ട്രെയിൻ കണ്ണൂരിലെത്തി. 1600 പേരുള്ള ട്രെയിനിലെ 400 പേർ കണ്ണൂരിൽ ഇറങ്ങി. 4 ജില്ലകളിലെ യാത്രക്കാരാണ് കണ്ണൂരിൽ ഇറങ്ങിയത്. ഇവരെ 15 ബസുകളിൽ പ്രത്യേക കേന്ദ്രത്തിലേക്ക് എത്തിക്കും. ഇവരിൽ മിക്കവരും ഓൺലൈൻ രജിസ്റ്റര്‍ ചെയ്യാത്തവരാണെന്നതിനാൽ ഇവരുടെയെല്ലാം പേര് വിവരങ്ങൾ റെയിൽവേ സ്റ്റേഷനിൽ വച്ച് രജിസ്റ്റർ ചെയ്യണം. ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരേയും നേരത്തെ രജിസ്റ്റര്‍ ചെയ്തവരേയും മാത്രമാണ് വീടുകളിലേക്ക് വിടുക. ട്രെയിനില്‍ എത്തുന്നവരുടെ പൂര്‍ണവിവരങ്ങള്‍ ജില്ലാ ഭരണകൂടത്തിന്‍റെയോ സംസ്ഥാന സര്‍ക്കാരിന്‍റെയോ കൈവശമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
"
യാത്ര ചെയ്യുന്നവരില്‍ മിക്കവരും ഓൺലൈൻ രജിസ്റ്റര്‍ ചെയ്യാത്തവരാണെന്നും ഇത് പ്രതിസന്ധിയുണ്ടാക്കുന്നതായും കണ്ണൂര്‍ ജില്ലാ കലക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇവരുടെയെല്ലാം പേര് വിവരങ്ങൾ റെയിൽവേ സ്റ്റേഷനിൽ വച്ച് രജിസ്റ്റർ ചെയ്യണം. 1600 പേർ വരുമ്പോൾ പാസഞ്ചേഴ്സ് ലിസ്റ്റും സംസ്ഥാനത്തിന്റെ കൈയ്യിൽ ഇല്ല. ട്രെയിനിന് കണ്ണൂരാണോ കാസർക്കോടാണോ സ്റ്റോപ്പ് എന്ന കാര്യത്തിൽ രാവിലെ വരെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കണ്ണൂരിന് ശേഷം ഇനി തൃശൂര്‍, ഷൊര്‍ണൂര്‍ എറണാകുളം തിരുവനന്തപുരം സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്.ട്രെയിനിന് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചതടക്കമുള്ള വിഷയങ്ങള്‍ സംബന്ധിച്ച് അറിയിപ്പ് കിട്ടിയതെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
"
കേരളത്തിലെയും ദേശീയ തലത്തിലെയും കോൺഗ്രസിന്റെ അഭ്യർത്ഥനയെത്തുടർന്നാണ് മഹാരാഷ്ട്ര സർക്കാര്‍ ട്രെയിൻ ഏർപ്പാടാക്കിയതെന്ന് നേരത്തെ മഹാരാഷ്ട്രയിലെ റവന്യൂ മന്ത്രിയും കോൺഗ്രസ് നേതാവുമായ ബാലാസാഹേബ് തോറാട്ട് ട്വിറ്ററിൽ കുറിച്ചിരുന്നു. മഹാരാഷ്ട്രയിലെ കോൺഗ്രസ് കമ്മറ്റി തയാറാക്കിയ ലിസ്റ്റിലെ 1674 പേരാണ് കേരളത്തിലേക്ക് മടങ്ങുന്നത്.