14 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്; പൊലീസുകാരനും രോഗം; തലസ്ഥാനത്തും പേരൂർക്കട എസ്എപി ക്യാമ്പിലും ആശങ്ക
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ ഉൾപ്പടെ മൂന്ന് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനാല് ആരോഗ്യപ്രവർത്തകർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ ഉൾപ്പടെ മൂന്ന് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പുലയനാർക്കോട്ട നെഞ്ചുരോഗ ആശുപത്രിയിലും ഡോക്ടർ ഉൾപ്പടെ ഏഴ് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പബ്ലിക്ക് ഹെൽത്ത് ലാബിലെ ഒരു ജീവനക്കാരനും കണ്ണാശുപത്രിയിലെ ഒരു നഴ്സിംഗ് അസിസ്റ്റന്‍റിനും രോഗം പിടിപെട്ടു. ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധ കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനത്ത് വലിയ തിരിച്ചടിയായേക്കും.
അതേസമയം പേരൂർക്കട എസ്എപി ക്യാമ്പിൽ പരിശീലനം നടത്തിയിരുന്ന ഒരു പൊലീസുകാരന് കൂടി രോഗം സ്ഥിരീകരിച്ചു. അഞ്ച് ദിവസം മുമ്പ് സ്രവം ശേഖരിച്ചിരുന്നങ്കിലും മറ്റ് ട്രെയിനികൾക്കൊപ്പമാണ് ഇദ്ദേഹത്തെയും താമസിപ്പിച്ചിരുന്നത്. സ്രവമെടുത്ത പൊലീസുകാരെ മാറ്റിപ്പാർപ്പിക്കുന്നില്ലെന്നും പൊലീസുകാർക്കിടയിൽ പരാതിയുണ്ട്. അതേസമയം, സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സമ്പൂർണ്ണ ലോക് ഡൗണ്‍ അപ്രായോഗികമാണെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്‍റെ വിലയിരുത്തൽ. എന്നാൽ കൊവിഡ് കൂടുതൽ പടരുന്ന മേഖലകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നുണ്ട്.
ഏറ്റുമാനൂര്‍ പച്ചക്കറി ചന്തയിൽ 33 പേര്‍ക്ക് കൊവിഡ്, രോഗബാധ കണ്ടെത്തിയത് ആന്‍റിജൻ പരിശോധനയിൽ