'ഇവിടുത്തെ ശല്യം ഒഴിവാക്കി, ഇനി പറമ്പിക്കുളത്തുള്ളവര്‍ അനുഭവിക്കട്ടെ'; അരിക്കൊമ്പന്‍ വിധിയില്‍ എംഎം മണി

''പ്രകടനവും ആഹ്ലാദവും നടത്താന്‍ പാടില്ലെന്ന് കോടതി പറഞ്ഞത് ശരിയല്ല. അത് ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ്.''

mm mani reaction on arikomban case

ഇടുക്കി: ഇടുക്കിയില്‍ ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നിര്‍ദേശത്തെ സ്വാഗതം ചെയ്ത് എംഎം മണി. കോടതി വിധി സ്വാഗതാര്‍ഹമാണെന്നും സമരം അവസാനിപ്പിക്കുമെന്നും എംഎം മണി പറഞ്ഞു. ഇവിടെ നിന്ന് ശല്യം ഒഴിവാക്കി അങ്ങോട്ട് മാറ്റുന്നു. ഇനി പറമ്പിക്കുളത്തുള്ളവര്‍ അനുഭവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. 

എംഎം മണി പറഞ്ഞത്: ''ശല്യക്കാരനായ അരിക്കൊമ്പനെ പിടിച്ച് പറമ്പിക്കുളത്തേക്ക് മാറ്റാന്‍ നിശ്ചയിച്ചു. വിദഗ്ദസമിതിയാണ് ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നിര്‍ദേശം വച്ചതെന്നാണ് വാര്‍ത്ത. അതിനെ സ്വാഗതം ചെയ്യുന്നു. കോടതി ഉത്തരവിനെ മാനിക്കുന്നു. പക്ഷെ അതിന്റെ പേരില്‍ പ്രകടനവും ആഹ്ലാദവും നടത്താന്‍ പാടില്ലെന്ന് കോടതി പറഞ്ഞത് ശരിയല്ല. അത് ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ്. ഇതൊന്നും അംഗീകരിക്കാന്‍ പറ്റില്ലെന്ന് അറിയിക്കുന്നു. സമരം അവസാനിപ്പിക്കും. കോടതി വിധി സ്വാഗതാര്‍ഹം. ഇനി പറമ്പിക്കുളത്തും ചുറ്റിലുമുള്ളവരും അനുഭവിക്കട്ടെ. പക്ഷെ ഒരു കാര്യമുണ്ട്, ഇതൊക്കെ അല്ലാതെ വേറെ പോംവഴിയില്ല. ഈ മൃഗങ്ങളെ എല്ലാം കൊല്ലാന്‍ പറ്റുമോ. അരിക്കൊമ്പനെ കൊല്ലണമെന്ന നമുക്ക് പറയാന്‍ പറ്റുമോ. ഇവിടെ നിന്ന് ശല്യം ഒഴിവാക്കി അങ്ങോട്ട് മാറ്റുന്നു. വന്‍വനമാണ്, അവിടെ ഇഷ്ടം പോലെ കാട്ടുമൃഗങ്ങളുണ്ട്.'' 

അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലാണ് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ശുപാര്‍ശയുള്ളത്. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുളള ആവാസ വ്യവസ്ഥയാണ്. വെളളവും ഭക്ഷണവും സുലഭമാണ്. എന്നാല്‍ പറമ്പിക്കുളം എന്തുകൊണ്ട് ശിപാര്‍ശ ചെയ്തു എന്ന് ഹൈകോടതി ചോദിച്ചു, പെരിയാര്‍ ടൈഗര്‍ റിസര്‍വ് പറ്റില്ലേയെന്നും കോടതി ചോദിച്ചു. പുതിയ വനഭാഗത്ത് കൊണ്ടുവിടുമ്പോള്‍ അവിടെ നിലവിലുളള മൃഗങ്ങളുമായി ഏറ്റുമുട്ടലിന് സാധ്യതയില്ലെയെന്നും കോടതി ചോദിച്ചു. 

മദപ്പാടുളള ആനയെ പറമ്പിക്കുളം വരെ എങ്ങനെയെത്തിക്കും? എറെ സമയം എടുക്കില്ലേ? ആനയെ തടവിലാക്കണോ, പുനരധിവസിപ്പിക്കണോ എന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തീരുമാനിക്കട്ടെയെന്ന് കോടതി പരാമര്‍ശിച്ചു. മനുഷ്യ- മൃഗ സംഘര്‍ഷത്തെപ്പറ്റി സര്‍ക്കാരിന് മുന്നില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സമഗ്രമായ പഠനം ഇക്കാര്യത്തില്‍ ആവശ്യമാണ്. പൊതു ജനങ്ങളുടെ  ബുദ്ധിമുട്ട് തിരിച്ചറിയാന്‍ പബ്ലിക് ഹിയറിങ് നടത്തണം. 24 മണിക്കൂറും ജാഗ്രതയ്ക്കുളള സംവിധാനം വേണം. ദീര്‍ഘകാല പരിഹാരമാണ് ആവശ്യം. അരിക്കൊമ്പന്‍ ഒറ്റപ്പെട്ട വിഷമയല്ല. ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ നേരത്തെ സ്വീകരിക്കേണ്ടതായിരുന്നു. കേന്ദ്ര സര്‍ക്കാരും കേസില്‍ കക്ഷി ചേരണം, കൂട്ടുത്തരവാദിത്വം ഉണ്ടെങ്കിലേ പരിഹാരമുണ്ടാകൂയെന്നും കോടതി വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios