നന്നായി ജോലി ചെയ്യുന്നതിനെച്ചൊല്ലി തർക്കം; ഇതര സംസ്‌ഥാന തൊഴിലാളിയെ ഒപ്പം ജോലി ചെയ്തിരുന്നയാൾ കുത്തിക്കൊന്നു
നേരെ ജോലി ചെയ്തില്ലെങ്കിൽ പിരിച്ചുവിടുമെന്ന് യുവാവിനൊപ്പമുള്ള മറ്റ് തൊഴിലാളികളെ കഴിഞ്ഞ ദിവസം തൊഴിലുടമ താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നന്നായി ജോലി ചെയ്യുന്ന യുവാവിനെ കൂടെയുള്ളവർ കുത്തിക്കൊന്നത്.
പാലക്കാട്: മണ്ണാർക്കാട് വാക്കടപ്പുറത്ത് ഇതര സംസ്‌ഥാന തൊഴിലാളിയെ കുത്തിക്കൊന്നു. ജാർഖണ്ഡ് ജാണ്ഡുവ സ്വദേശി അരവിന്ദ്കുമാറാണ് മരിച്ചത്. സംഭവത്തിൽ സഹപ്രവർത്തകനായ ജാർഖണ്ഡ് സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുപ്പികൊണ്ട് സ്വയം കുത്തിയെന്നാണ് കൂടെയുണ്ടായിരുന്നവർ ആദ്യം പറഞ്ഞതെങ്കിലും സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്
24 കാരനായ അരവിന്ദ് കുമാറും സുരേഷും ഉൾപ്പെടെ അഞ്ചംഗ സംഘം ജാർഖണ്ഡിൽ നിന്നാണ് മണ്ണാർക്കാട്ടെ പൈനാപ്പിൾ തോട്ടത്തിൽ ജോലിക്കെത്തിയത്. തോട്ടം ജോലിയിൽ മിടുക്കനായിരുന്നു അരവിന്ദ്. സുരേഷും കൂടെയുള്ള മറ്റുള്ളവരും ഇതിൽ അതൃപ്തരായിരുന്നു. സുരേഷിന് കഴിഞ്ഞ ദിവസം തോട്ടം ഉടമ മുന്നറിയിപ്പും നൽകി. ശരിയായി ജോലി ചെയ്തില്ലെങ്കിൽ പിരിച്ചുവിടുമെന്നായിരുന്നു ഉടമയുടെ മുന്നറിയിപ്പ്. ഇതിനു പിന്നാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച സുരേഷും അരവിന്ദും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം കയ്യാങ്കളിയിലേക്ക് കടന്നു. കയ്യിലുണ്ടായിരുന്ന മദ്യക്കുപ്പി അരവിന്ദിന്റെ കഴുത്തിലേക്ക് സുരേഷ് കുത്തിയിറക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന മറ്റു തൊഴിലാളികൾ ശബ്ദം കേട്ട് ഓടിയെത്തി. തോട്ടം ഉടമയെ വിവരമറിയിച്ചു. രക്തത്തിൽ കുളിച്ച അരവിന്ദിനെ ആദ്യം കാരാകുറുശ്ശിയിലെയും വട്ടമ്പലത്തെയും ആശുപത്രികളിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അരവിന്ദ് നാട്ടിലെ സുഹൃത്തിനെ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ കുപ്പികൊണ്ട് സ്വയം കുത്തിയെന്നാണ് കൂടെയുണ്ടായിരുന്നവ൪ ആദ്യം ഉടമയോട് പറഞ്ഞത്. സംഭവത്തിൽ സംശയം തോന്നിയ പൊലീസ് കൂടെയുണ്ടായിരുന്നവരെ ചോദ്യം ചെയ്തതോടെയാണ് സുരേഷിനെ അറസ്റ്റു ചെയ്തത്. കൊലപാതകത്തിൽ മറ്റു മൂന്നുപേരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം