'പാതിരാ റെയ്ഡും നീല ട്രോളിയും', വിവാദം കത്തുന്നു; പൊലീസ് പിടിച്ചെടുത്ത ഹാർഡ് ഡിസ്ക്കിൽ തെളിവുണ്ടോ? ഇന്നറിയാം
നിയമോപദേശം തേടിയ ശേഷം കേസ് എടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കാൻ ആണ് പൊലീസിന്‍റെ തീരുമാനം
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ പാലക്കാട്ടെ കെ പി എം ഹോട്ടലിൽ കള്ളപ്പണം കൊണ്ടു വന്നെന്ന സി പി എം നേതാക്കളുടെ പരാതിയിൽ പൊലീസ് ഇന്ന് തുടർ നടപടി സ്വീകരിക്കും. നിയമോപദേശം തേടിയ ശേഷം കേസ് എടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കാൻ ആണ് തീരുമാനം. കോൺഗ്രസ് നേതാക്കൾ എത്തിയ ഹോട്ടലിലെ സി സി ടി വി ഹാർഡ് ഡിസ്ക് പൊലീസ് ഇന്നലെ പിടിച്ചെടുത്തിരുന്നു. പൊലീസിന്‍റെ കസ്റ്റഡിയിലുള്ള ഈ ഹാർഡ് ഡിസ്ക്കിൽ എന്തെങ്കിലും തെളിവുണ്ടോ എന്നതാണ് പ്രധാനം. തെളിവ് ലഭിച്ചാൽ അത് കേസിൽ നിർണായകമാകും.
'കള്ളപ്പണക്കാരൻ ഈ നാടിന് നാണക്കേട്'; ഷാഫി പറമ്പിലിനെതിരെ എസ്എഫ്ഐ ഫ്ലക്സ് ബാനർ വടകരയിൽ
യൂത്ത് കോൺഗ്രസ് നേതാവ് ട്രോളി ബാഗുമായി ഹോട്ടലിൽ എത്തുന്ന ദൃശ്യങ്ങൾ സി പി എം ഇന്നലെ പുറത്തു വിട്ടിരുന്നു. ഈ ബാഗിൽ കള്ളപ്പണം കടത്തി എന്നതാണ് സി പി എം ആരോപണം. രാവിലെ 7.30 ന് ട്രോളി ബാഗുമായി പാലക്കാട് കോട്ട മൈതാനിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ അറിയിച്ചിട്ടുണ്ട്. അതേസമയം വനിതാ നേതാക്കളുടെയടക്കം മുറിയിൽ പൊലീസ് അതിക്രമിച്ചു കടന്നെന്ന് കാട്ടി തുടർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ യു ഡി എഫും തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ പാതിരാ റെയ്ഡുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു. കെ പി എം ഹോട്ടലിൻ്റെ പരാതിയിലാണ് സൗത്ത് പൊലീസ് കേസെടുത്തത്. അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയാണ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ റെയ്ഡ് നടന്നത്. കള്ളപ്പണം കണ്ടെത്താനായിരുന്നു പരിശോധനയെന്നാണ് പൊലീസ് പറഞ്ഞത്.
അതിനിടെ, കോൺഗ്രസ് നേതാക്കൾ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം ബലപ്പെടുത്താൻ ദൃശ്യങ്ങളുമായി സിപിഎം രംഗത്തെത്തി. കെപിഎം ഹോട്ടലിലെ ഇന്നലത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു സിപിഎം. നീല ട്രോളി ബാഗുമായി കെഎസ്‍യു നേതാവ് ഫെനി നടന്നുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. എംപിമാരായ ഷാഫി പറമ്പിൽ, ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ കെപിഎം ഹോട്ടലിലേക്ക് കയറുന്നതുൾപ്പെടെ ദൃശ്യങ്ങളിലുണ്ട്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് സിപിഎം നേരത്തെ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം