ഓപ്പറേഷൻ തിയറ്ററിൽ ശിരോവസ്ത്രം ധരിക്കാൻ അനുമതി തേടി തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാര്‍ഥികൾ

ജൂണ്‍ 26നാണ് വിവിധ ബാച്ചുകളില്‍ നിന്നുമുള്ള ഏഴ് എംബിബിഎസ് വിദ്യാര്‍ഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് ലഭിച്ചത്.

Medical college students seek permission to wear surgical hoods and long sleeve scrub jackets in operation theatre vkv

തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തലമറയുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് ആശ്യപ്പെട്ടുള്ള മെഡിക്കൽ കോളേജ് വിദ്യാര്‍ഥികളുടെ കത്ത് ചര്‍ച്ചയാകുന്നു. 2020 എംബിബിഎസ് ബാച്ചിലെ വിദ്യാർഥിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ  ഡോ. ലിനറ്റ് ജെ.മോറിസിന് കത്ത് നൽകിയത്. കത്തിൽ 2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാർഥിനികളുടെ ഒപ്പുകളുണ്ട്. ഈ വിഷയം ദേശീയമാധ്യമങ്ങളിലടക്കം വാര്‍ത്തയാകുകയും ചെയ്തു. ഇത്തരത്തിൽ ഒരു ആവശ്യം വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട് എന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് വിദ്യാർഥികളെ അറിയിച്ചതായും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ. മോറിസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ജൂണ്‍ 26നാണ് വിവിധ ബാച്ചുകളിലെ വിദ്യാര്‍ഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് ലഭിച്ചത്. ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തല മറയ്ക്കാൻ തങ്ങളെ അനുവദിക്കാറില്ല, മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകൾക്ക് എല്ലാ സാഹചര്യങ്ങളിലും തല മറയ്ക്കുന്ന ഹിജാബ് നിർബന്ധമാണ്. ആശുപത്രിയുടേയും, ഓപ്പറേഷൻ റൂം ചട്ടങ്ങള്‍ പാലിക്കുന്നതിനോടൊപ്പം ഹിജാബ് ധരിക്കുന്ന സ്ത്രീകൾക്ക് അതിന് അനുസരണമുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, ഈ സാഹചര്യത്തിൽ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ അനുമതി വേണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.  

മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയടക്കമുള്ളവരാണ് കത്ത് തന്നത് എന്ന് ഡോ. ലിനറ്റ് ജെ. മോറിസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ഫുൾ സ്ലീവ് വസ്ത്രം ധരിക്കുമ്പോൾ ഓപ്പറേഷൻ തീയറ്ററിൽ ചെയ്യേണ്ടുന്ന കാര്യങ്ങളിൽ ബുദ്ധിമുട്ടുണ്ടാകും. കൈകൾ ഇടക്കിടെ കഴുകേണ്ടതുണ്ട്. രോഗികളെ ശുശ്രൂഷിക്കുന്പോൾ കൈകൾ വൃത്തിയാക്കി വെക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അണുബാധയടക്കമുള്ള പ്രശ്നങ്ങളുണ്ടാകാനിടയുണ്ട്. ഇത്തരം കാര്യങ്ങൾ ഉള്ളത് കൊണ്ട് കൈകള്‍ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് വിദ്യാർത്ഥികളോട് വിശദീകരിച്ചിട്ടുണ്ടെന്നും ഡോ. ലിനറ്റ് ജെ.മോറിസ് പറഞ്ഞു. 

ഓപ്പറേഷൻ തീയറ്ററിനുള്ളിൽ ചെയ്യേണ്ടുന്ന കാര്യങ്ങളിൽ കൃത്യമായ ധാരണകളുണ്ട്. കൈമുട്ട് മുതൽ താഴേക്ക് ഇടക്കിടെ കൈ കഴുകേണ്ട സാഹചര്യം ഓപ്പറേഷൻ റൂമുകളിൽ സാധാരണമാണ്. ഇക്കാര്യം വിദ്യാര്‍ഥികളോട് പറഞ്ഞിട്ടുണ്ട്. അത് അവര്‍ക്ക് മനസിലായിട്ടുമുണ്ട്.  അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ധാരണകളാണ് തങ്ങളും പിന്തുടരുന്നത്. കത്തിന്‍റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ ആവശ്യം ഒരു കമ്മിറ്റി വിളിച്ച് കൂട്ടി പരിശോധിക്കാനാണ് തീരുമാനം. ഇക്കാര്യം വിദ്യാർഥികളെ അറിയിച്ചിട്ടുണ്ട് എന്നും പ്രിൻസിപ്പിൽ വ്യക്തമാക്കി. 

ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് ഏഴ് ഡോക്ടർമാർ

മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ കത്തിന്‍റെ പൂർണ്ണരൂപം 

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിവിധ ബാച്ചുകളിലായുള്ള മുസ്ലിം വിഭാഗത്തിലുള്ള പെണ്‍കുട്ടികളെ ഓപ്പറേഷന്‍ തിയേറ്ററില്‍ തല മറയ്ക്കാന്‍ അനുവദിക്കാത്ത സാഹചര്യത്തെ അഭിമുഖീകരിക്കാനാണ് ഈ കത്ത്. ഏതൊരു സാഹചര്യത്തിലും മുസ്ലിം സ്ത്രീകള്‍ തല മറയ്ക്കണം എന്നതാണ് മതവിശ്വാസ പ്രകാരം നിഷ്കര്‍ഷിക്കുന്നത്. ഹോസ്പിറ്റല്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചും ഓപ്പറേഷന്‍ റൂം നിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്നും ഹിജാബ് ധരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ ലോകത്തിന്‍റെ മറ്റ് പല ഭാഗങ്ങളിലും ഇതിന് അനുകൂലമായ രീതിയിലുള്ള ആശുപത്രി വസ്ത്രങ്ങള്‍ നല്‍കുന്ന കമ്പനികള്‍ ഉണ്ട്. നീളമുള്ള കൈകളുള്ള സ്ക്രബ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡും ശുചിത്വമുറപ്പിക്കുന്ന രീതിയില്‍ ലഭ്യവുമാണ്. ഈ വിഷയത്തിലേക്ക് ശ്രദ്ധ നല്‍കണമെന്നും ഞങ്ങള്‍ക്ക് നീളമുള്ള കൈകളോട് കൂടിയ സ്ക്രബ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡും ഓപ്പറേഷന്‍ തിയറ്ററില്‍ ധരിക്കാന്‍ അനുവാദം നല്‍കണമെന്നും അപേക്ഷിക്കുന്നു. എനിക്കൊപ്പം സമാനമായ രീതിയില്‍ ഈ പ്രശ്നം അഭിമുഖീകരിക്കുന്ന വിദ്യാര്‍ത്ഥിനികളും ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

Read More : നീറ്റ് പ്രവേശന പരിശീലന കേന്ദ്രത്തിലെ 2 വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; 2 മാസത്തിനിടെ 9മത്തെ മരണം
 

Latest Videos
Follow Us:
Download App:
  • android
  • ios