Asianet News MalayalamAsianet News Malayalam

'ഇത് അസാമാന്യ ധൈര്യമുള്ള സര്‍ക്കാരിനേ കഴിയൂ', ഡ്രൈ ഡേ പിന്‍വലിക്കുമോ? മന്ത്രിയുടെ മറുപടി

ടൂറിസവും മദ്യ വ്യവസായവും തമ്മില്‍ എക്കാലത്തും ബന്ധമുണ്ടെന്നും അബ്കാരി ചട്ടങ്ങളില്‍ തന്നെ ഇത് പറയുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

mb Rajesh says not discussion about withdrawing dry day
Author
First Published Jun 11, 2024, 7:37 AM IST | Last Updated Jun 11, 2024, 7:37 AM IST

തിരുവനന്തപുരം: ഡ്രൈ ഡേ പിന്‍വലിക്കുന്നതിനെ കുറിച്ച് മന്ത്രിതലത്തില്‍ പ്രാഥമിക ചര്‍ച്ച പോലും നടത്തിയിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ്. ഡ്രൈ ഡേ പിന്‍വലിക്കാന്‍ പോകുന്നു എന്നതരത്തില്‍ എല്ലാ കാലത്തും വാര്‍ത്തകള്‍ വരാറുണ്ട്. കഴിഞ്ഞ വര്‍ഷം മദ്യനയം പ്രഖ്യാപിക്കാന്‍ വാര്‍ത്താ സമ്മേളനം നടത്തുന്ന ദിവസം രാവിലെ വരെ ഡ്രൈ ഡേ പിന്‍വലിക്കാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു. ഈ സര്‍ക്കാര്‍ ഡ്രൈ ഡേ പിന്‍വലിച്ചിട്ടില്ല, അതേക്കുറിച്ച് ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 

'മാര്‍ച്ചില്‍ മാത്രം 3.05 കോടിയുടെ ടേണ്‍ ഓവര്‍ ടാക്‌സ് തട്ടിപ്പ് പിടിച്ചു. കഴിഞ്ഞ ബജറ്റില്‍ നികുതി കുടിശ്ശികയുള്ള ബാക്കി എല്ലാവര്‍ക്കും ഇളവോടെ ഒറ്റത്തവണ തീര്‍പ്പാക്കാനുള്ള ആംനസ്റ്റി സ്‌കീം പ്രഖ്യാപിച്ചപ്പോള്‍ ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ബാറുടമകള്‍ക്ക് മാത്രം ഇളവോടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഇല്ല എന്നാണ്. ഇത് അസാമാന്യ ധൈര്യമുള്ള ഒരു സര്‍ക്കാരിനേ കഴിയൂ. കുടിശ്ശിക അടക്കാത്തവര്‍ക്ക് എതിരെ ജപ്തി നടപടികളും സ്വീകരിച്ചു. നികുതി അടക്കാത്ത 16 ബാറുകളുടെ ജി എസ് ടി രജിസ്‌ട്രേഷന്‍ റദ്ദാക്കി. പന്ത്രണ്ടര മണിക്കൂറായിരുന്ന ബാര്‍ പ്രവര്‍ത്തന സമയം പന്ത്രണ്ടാക്കി കുറക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്.' പച്ചക്കള്ളം കൊണ്ട് കെട്ടിപ്പടുത്തതാണ് ഇപ്പോഴത്തെ ബാര്‍ കോഴ വിവാദമെന്നും മന്ത്രി പറഞ്ഞു.

ടൂറിസവും മദ്യ വ്യവസായവും തമ്മില്‍ എക്കാലത്തും ബന്ധമുണ്ടെന്നും അബ്കാരി ചട്ടങ്ങളില്‍ തന്നെ ഇത് പറയുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 'ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് കേന്ദ്ര ടൂറിസം വകുപ്പ് നല്‍കുന്ന സ്റ്റാര്‍ പദവിക്ക് അനുസരിച്ചാണ്. ഈ സ്റ്റാര്‍ പദവിയുടെയും എക്‌സൈസ് വകുപ്പ് നടത്തുന്ന പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത്.' ടൂറിസം പ്രൊമോഷന് വേണ്ടിയാണ് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് എന്നാണ് വിദേശമദ്യ ചട്ടത്തില്‍ പറയുന്നതെന്നും മന്ത്രി രാജേഷ് പറഞ്ഞു.

തേങ്ങയിട്ടത് ഇരുമ്പ് തോട്ടി ഉപയോഗിച്ച്, തോട്ടി താഴ്ന്ന് കിടന്ന വൈദ്യുത ലൈനിൽ തട്ടി 60 കാരിക്ക് ദാരുണാന്ത്യം
 

Latest Videos
Follow Us:
Download App:
  • android
  • ios