'സിനിമ കാണുന്നതിനിടെ വെള്ളവും സീലിങും താഴേക്ക് പതിച്ചു, ഭയന്നുപോയി'; തിയേറ്റർ അപകടത്തിൽ 2 പേർ ആശുപത്രി വിട്ടു
കണ്ണൂർ മട്ടന്നൂരിലെ തിയേറ്റർ അപകടം പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ ആശുപത്രി വിട്ടു. പരിക്കേറ്റ മറ്റു രണ്ടു പേര്‍ ആശുപത്രിയിൽ തുടരുകയാണ്
കണ്ണൂര്‍: കണ്ണൂർ മട്ടന്നൂരിലെ തിയേറ്റർ അപകടം പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ ആശുപത്രി വിട്ടു. പരിക്കേറ്റ നായാട്ടുപാറ സ്വദേശി സുനിത്ത് നാരായണൻ കൂത്തുപറമ്പ് സ്വദേശി ശരത്ത് എന്നിവരാണ് ആശുപത്രി വിട്ടത്. പരിക്കേറ്റ മറ്റു രണ്ടു പേര്‍ ആശുപത്രിയിൽ തുടരുകയാണ്. തലയ്ക്ക് പരിക്കേറ്റ നായാട്ടുപാറ സ്വദേശി വിജിൽ, കൂത്തുപറമ്പ് സ്വദേശി സുബിഷ എന്നിവരാണ് ചികിത്സയിൽ തുടരുന്നത്.
ഇന്നലെ വൈകിട്ട് ആറോടെ സിനിമ തിയറ്ററിലെ വാട്ടര്‍ ടാങ്ക് പൊട്ടി സീലിങും കെട്ടിടാവശിഷ്ടങ്ങളും താഴേക്ക് വീണാണ് അപകടമുണ്ടായത്. മേല്‍ക്കൂരയുടെ ഒരു ഭാഗവും തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങളും വെള്ളവും സിനിമ കണ്ടുകൊണ്ടിരുന്നവരുടെ മുകളിലേക്ക് പതിക്കുകയായിരുന്നുവെന്നും ഭയന്നുപോയെന്നും തിയറ്ററിലുണ്ടായിരുന്നവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിനിമയിൽ നിന്നുള്ള ശബ്ദമാണെന്നാണ് ആളുകള്‍ ആദ്യം കരുതിയത്. പിന്നീടാണ് തിയറ്ററിലുണ്ടായ അപകടമാണെന്ന് മറ്റു സീറ്റുകളിലിരിക്കുന്നവര്‍ തിരിച്ചറിഞ്ഞത്. സ്ലാബിനിടയിൽ കുടുങ്ങിയാണ് ചിലര്‍ക്ക് പരിക്കേറ്റത്. ലക്കിഭാസ്കര്‍ എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെയാണ് സംഭവം.
കണ്ണൂര്‍ മട്ടന്നൂരിലെ സഹിന സിനിമാസിലെ വാട്ടര്‍ ടാങ്കാണ് തകര്‍ന്നത്. വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്‍റെ ഒരു ഭാഗവും തകര്‍ന്നു. വാട്ടര്‍ ടാങ്ക് പൊട്ടിയതോടെ മുകളിൽ നിന്ന് വെള്ളം തിയേറ്ററിലേക്ക് ഒഴുകിയെത്തി. വാട്ടര്‍ ടാങ്കിനൊപ്പം കെട്ടിടത്തിലെ സിമന്‍റ് കട്ടകളും സീലിങും സീറ്റിലേക്ക് വീണാണ് സിനിമ കാണാനെത്തിയവര്‍ക്ക് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് സിനിമ പ്രദര്‍ശനം തടസപ്പെട്ടിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ലക്കി ഭാസ്കര്‍ സിനിമയുടെ ഇന്‍റര്‍വെൽ കഴിഞ്ഞ് വീണ്ടും സിനിമ ആരംഭിച്ചപ്പോഴാണ് സംഭവമെന്ന് തിയേറ്ററിലുണ്ടായിരുന്നവര്‍ പറഞ്ഞു. ടാങ്കും സീലിങും സിമന്‍റ് കട്ടകളും വെള്ളവും സീറ്റുകളിലേക്ക് വീഴുകയായിരുന്നു. സീലിങിന് അടിയിൽ കുടുങ്ങിയ ഒരാള്‍ക്ക് ഉള്‍പ്പെടെയാണ് പരിക്കേറ്റതെന്നും സിനിമ കാണാനെത്തിയവര്‍ പറഞ്ഞു. തിയറ്ററിൽ തീപിടിത്തം ഉള്‍പ്പെടെയുണ്ടാകുമ്പോള്‍ അണയ്ക്കാനായി ഉപയോഗിക്കാനായി വെള്ളം സംഭരിച്ചുവെച്ച ടാങ്കാണ് തകര്‍ന്നത്.