ആശങ്ക അകലുന്നില്ല, മലപ്പുറത്ത് എട്ട് പേര്‍ക്ക് കൂടി കൊവിഡ്
കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറം: മലപ്പുറം ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവരും വിദേശത്ത് നിന്നോ ഇതരസംസ്ഥാനങ്ങളില്‍ നിന്നോ ജില്ലയിലേക്ക് എത്തിയവരാണ്. കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേ സമയം ഇന്ന് കേരളത്തിലാകെ 62 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറത്തിനൊപ്പം പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂരിലെ 16 പേർക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്നത് സ്ഥിതി ഗുരുതരമാക്കുന്നു.
രോഗബാധിതരുടെ വിവരങ്ങള്‍
മുംബൈയില്‍ നിന്നെത്തിയ തെന്നല തറയില്‍ സ്വദേശി 36 കാരന്‍, ചെന്നൈയില്‍ നിന്നെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശി 37കാരന്‍, മാലിദ്വീപില്‍ നിന്നെത്തിയവരായ ഇരിമ്പിളിയം മങ്കേരി സ്വദേശി 36 കാരന്‍, ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശി 46 കാരന്‍, സിങ്കപ്പൂരില്‍ നിന്നെത്തിയ കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി 23 കാരന്‍ അബുദാബിയില്‍ നിന്നെത്തിയ വെളിയങ്കോട് ഗ്രാമം സ്വദേശി 35കാരന്‍, കുവൈത്തില്‍ നിന്നെത്തിയവരായ പാലക്കാട് നല്ലായ സ്വദേശി 39 കാരന്‍, തിരൂരങ്ങാടി പി.പി റോഡ് സ്വദേശി 29കാരന്‍ എന്നിവര്‍ക്കാണ് മലപ്പുറം ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഡല്‍ഹിയില്‍ നിന്നെത്തിയ രണ്ടത്താണി പൂവന്‍ചിന സ്വദേശി 20കാരനും കോവിഡ് സ്ഥിരീകരിച്ചു.