പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ; ഇടതുപക്ഷമെന്ന് കരുതുന്ന ഗ്രൂപ്പുകളെ വിലയ്ക്ക് വാങ്ങുന്നുവെന്ന് എം വി ജയരാജൻ
സോഷ്യൽ മീഡിയ മാത്രം നോക്കി നിൽക്കുന്ന ശീലം ചെറുപ്പക്കാരിൽ വ്യാപമാകുന്നു. അതിന്റെ ദുരന്തം തെരഞ്ഞെടുപ്പിൽ ഇടതിനെതിരെ ചിന്തിക്കാൻ ഇടയാക്കിയിട്ടുണ്ടെന്ന് എം വി ജയരാജൻ
കണ്ണൂർ: സമൂഹ മാധ്യമങ്ങളിൽ ഒറ്റ നോട്ടത്തിൽ ഇടതുപക്ഷം എന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്ക് എടുക്കപ്പെട്ടു എന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ചെങ്കോട്ട, ചെങ്കതിർ, പോരാളി ഷാജി എന്നിവയെ ആശ്രയിക്കുന്നവർ ഇക്കാര്യം ഓർക്കണം. സോഷ്യൽ മീഡിയ മാത്രം നോക്കി നിൽക്കുന്ന ശീലം ചെറുപ്പക്കാരിൽ വ്യാപമാകുന്നു. അതിന്റെ ദുരന്തം ഈ തെരഞ്ഞെടുപ്പിൽ ഇടതിനെതിരെ ചിന്തിക്കാൻ ഇടയാക്കിയിട്ടുണ്ടെന്നും എം വി ജയരാജൻ പറഞ്ഞു.
"പാർട്ടി പ്രവർത്തകരും പ്രസ്ഥാനത്തോട് കൂറുള്ളവരും ഒരുകാര്യം മനസ്സിലാക്കണം, ഇടതുപക്ഷമെന്ന് നമ്മൾ കരുതുന്ന സോഷ്യൽ മീഡിയയിലെ പല ഗ്രൂപ്പുകളെയും വിലയ്ക്ക് വാങ്ങുകയാണ്- ചെങ്കോട്ട, ചെങ്കതിർ, പോരാളി ഷാജി... അത്തരം ഗ്രൂപ്പുകളുടെ അഡ്മിൻമാരെ വിലയ്ക്ക് വാങ്ങുകയാണ്. വിലയ്ക്ക് വാങ്ങിക്കഴിഞ്ഞാൽ നേരത്തെ നടത്തിയ പോലുള്ള കാര്യമല്ല വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സിപിഎം വിരുദ്ധ പോസ്റ്റുകളാണ് പിന്നെ വരുന്നത്. ഇതു പുതിയ കാലത്തെ വെല്ലുവിളിയാണ്"- എം വി ജയരാജൻ പറഞ്ഞു.