തിരുവാർപ്പ് ബസുടമക്കെതിരായ തൊഴിലാളി സമരം: മാധ്യമപ്രവർത്തകനെ വളഞ്ഞിട്ട് തല്ലി സിപിഎമ്മുകാർ, ആശുപത്രിയിൽ

മാതൃഭൂമി ദിനപത്രത്തിന്റെ കുമരകം ലേഖകൻ എസ്. ഡി. റാമിനാണ് മർദ്ദനമേറ്റത്. 

Labor strike against Thiruvarpu bus owner CPM members surrounded journalist and beat him up sts

കോട്ടയം: കോട്ടയം തിരുവാർപ്പിലെ ബസുടമക്കെതിരായ തൊഴിലാളി സമരം സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകനെ വളഞ്ഞിട്ട് തല്ലി സിപിഎമ്മുകാർ. മാതൃഭൂമി ദിനപത്രത്തിന്റെ കുമരകം ലേഖകൻ എസ്. ഡി. റാമിനാണ് മർദ്ദനമേറ്റത്. റാമിനെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസ് ഉടമക്കെതിരായ സിഐടിയു സമരം പിൻവലിച്ചു. തൊഴിൽ മന്ത്രിയുമായി ചർച്ച നടത്താമെന്ന ഉറപ്പിലാണ് സമരം അവസാനിച്ചത്. ബസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും കൊടിതോരണങ്ങൾ അഴിച്ചുമാറ്റുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി കുത്തിയ സംഭവത്തെ തുടർന്ന് ബസ് ഉടമയ്ക്ക് സിഐടിയു നേതാവിന്റെ മർദ്ദനമേറ്റത്. ബസുടമ  രാജ്മോഹനെയാണ് സിഐടിയു നേതാവ് മർദ്ദിച്ചത്. രാവിലെ ബസിലെ സി ഐ ടി യു കൊടി തോരണങ്ങൾ അഴിച്ചു മാറ്റുമ്പോഴാണ് സംഭവം. പോലീസ് കാഴ്ചക്കാരായി നിൽക്കുമ്പോഴാണ് മർദ്ദനമേറ്റത്. കൊടി അഴിച്ചാൽ വീട്ടിൽ കയറി തല്ലുമെന്നും നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു.

തന്റെ ബസിനോട് ചേർത്ത് സി ഐ ടി യു കെട്ടിയിരുന്ന കൊടിതോരണങ്ങൾ അഴിച്ചു മാറ്റുമ്പോഴാണ് വെട്ടിക്കുളങ്ങര ബസിന്റെ ഉടമ ഉണ്ണിയെന്ന രാജ് മോഹനെ സി പി എം നേതാവ് തല്ലിയത്. കൊടിയിൽ തൊട്ടാൽ വീട്ടിൽ കയറി വെട്ടുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. കൺമുന്നിൽ അക്രമം നടന്നിട്ടും അക്രമിയായ സി പി എം നേതാവിനെ  കുമരകം പൊലീസ് കസ്റ്റഡിയിൽ എടുത്തില്ല.

പിന്നീട് നേതാവ് സ്വന്തം വാഹനത്തിൽ  സ്റ്റേഷനിലെത്തിയപ്പോൾ മാത്രമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് പഞ്ചായത്ത് അംഗവുമായ കെആർ അജയ്യാണ് മർദ്ദിച്ചത്. പ്രാദേശിക ബി ജെ പി നേതാവു കൂടിയായ രാജ്‌മോഹൻ ബി ജെ പി പ്രവർത്തകർക്കൊപ്പം  പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ട്രേഡ് യൂണിയനുകൾക്കെതിരെ ബസ് ഉടമകളുടെ സംഘടനയും രം​ഗത്തെത്തി. തൊഴിൽ പ്രശ്നങ്ങൾ അക്രമങ്ങളിലേക്ക് എത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബസ് ഉടമകളുടെ സംഘടന ആവശ്യപ്പെട്ടു. ബസ് ഓപ്പറേറ്റേഴ്സ് ഓർ​ഗനൈസേഷന്റേതാണ് പ്രതികരണം.



 

Latest Videos
Follow Us:
Download App:
  • android
  • ios