2 മണിക്കൂറിൽ അധികം വൈകി സർവീസ്, മുഴുവൻ തുകയും തിരികെ നൽകും; ഓൺലൈൻ റിസർവേഷൻ പോളിസി പരിഷ്കരിക്കാൻ കെഎസ്ആർടിസി

റീഫണ്ട് നൽകുന്നതിന് ആവശ്യമായ രേഖകൾ ഹാജാരാക്കുന്നതിലോ രേഖകൾ ലഭിച്ചതിനു ശേഷം റീഫണ്ട് നൽകുന്നതിനോ ഉദ്യോഗസ്ഥരിൽ നിന്നും കാലതാമസം നേരിട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്ന് പിഴയായി ഈ തുക ഈടാക്കുന്നതാണ്.

KSRTC Revised Online Reservation Policy things to know

തിരുവനന്തപുരം: കെഎസ്ആർടിസി ഓൺലൈൻ റിസർവേഷൻ പോളിസി യാത്രക്കാർക്ക് കൂടുതൽ ഗുണകരമായ രീതിയിൽ പരിഷ്കരിക്കുന്നു. കെഎസ്ആർടിസിയുടെ ഓൺലൈൻ പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽ നിലവിലുള്ള റീഫണ്ട് പോളിസികൾക്ക് പുറമെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുളള മാറ്റങ്ങൾകൂടി ഉൾപ്പെടുത്തി ഓൺലൈൻ റിസർവേഷൻ പോളിസി വിപുലീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. 

1. ഓൺലൈൻ റിസർവേഷൻ സേവന ദാതാവ് മൂലമുണ്ടാകുന്ന സാങ്കേതിക പിഴവുകൾക്ക് സേവന ദാതാവിൽ നിന്നുതന്നെ പിഴ ഈടാക്കി യാത്രക്കാർക്ക് നൽകുന്നതാണ്.

2. സർവീസ് റദ്ദാക്കൽ മൂലം സംഭവിക്കുന്ന റീഫണ്ടുകൾ 24 മണിക്കൂറിനുള്ളിൽ തന്നെ തിരികെ യാത്രക്കാർക്കു നൽകുന്നു.. 
(റീഫണ്ട് തുക നിലവിലെ ബാങ്കിങ് നിയമങ്ങൾക്കു വിധേയമായി അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്നതാണ് )

3. തകരാർ / അപകടം / മറ്റെന്തെങ്കിലും കാരണങ്ങളാൽ മുഴുവൻ ദൂരത്തേക്ക് സർവീസ് നടത്താതെ വന്നാൽ റീഫണ്ടുകൾ 2 ദിവത്തിനുള്ളതിൽ തന്നെ തിരികെ നൽകുന്നതാണ്.  ഇതിനാവശ്യമായ രേഖകൾ ഇൻസ്പെക്ടർ /ബന്ധപ്പെട്ട ഇദ്യോഗസ്ഥർ ഐ ടി ഡിവിഷനിൽ കാലതാമസം കൂടാതെ നൽകേണ്ടതാണ്. 

4. റീഫണ്ട് നൽകുന്നതിന് ആവശ്യമായ രേഖകൾ ഹാജാരാക്കുന്നതിലോ രേഖകൾ ലഭിച്ചതിനു ശേഷം റീഫണ്ട് നൽകുന്നതിനോ ഉദ്യോഗസ്ഥരിൽ നിന്നും കാലതാമസം നേരിട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്ന് പിഴയായി ഈ തുക ഈടാക്കുന്നതാണ്. 

5. രണ്ട് മണിക്കൂറിൽ അധികം വൈകി സർവീസ് പുറപ്പെടുകയോ സർവീസ് നടത്താത്ത സാഹചര്യമോ ഉണ്ടായാൽ യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകുന്നതാണ്.

6. റിസർവേഷൻ സോഫ്റ്റ്‌വെയറിന്റെ സാങ്കേതിക തകരാർ കാരണം ട്രിപ്പ് ഷീറ്റിൽ ടിക്കറ്റ് വിശദാംശങ്ങൾ കാണാത്ത സാഹചര്യം ഉണ്ടായാൽ യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകുന്നതാണ്

7. നിശ്ചിത പിക്കപ്പ് പോയിന്റിൽ നിന്ന് യാത്രക്കാരനെ ബസ്സിൽ കയറ്റിയില്ലെങ്കിൽ ഈ ക്ലൈമിന് കെഎസ്ആർടിസി ഉത്തരവാദി ആണെങ്കിൽ മുഴുവൻ തുകയും യാത്രക്കാരന് തിരികെ നൽകും

8. ഷെഡ്യൂൾ ചെയ്ത ഉയർന്ന ക്ലാസ്സ് സർവീസിന് പകരം ലോവർ ക്ലാസ് സർവീസ് ഉപയോഗിച്ചാണ് യാത്രക്കാർ യാത്ര ചെയ്തത് എങ്കിൽ യാത്രാ നിരക്കിലെ വ്യത്യാസം തിരികെ നൽകും

9. യാത്രയ്ക്കിടെ ക്ലൈമിന്റെ പ്രൂഫ് ഹാജരാക്കാത്തതിനാൽ യാത്രക്കാർക്ക് ഓൺലൈൻ മൊബൈൽ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ ഇടിഎം ടിക്കറ്റ് വാങ്ങി യാത്രക്കാരൻ ഇതേ ബസ്സിൽ യാത്ര ചെയ്തിരിക്കണം എന്ന നിബന്ധനയ്ക്ക് വിധേയമായി അടിസ്ഥാന നിരക്കിന്റെ 50 ശതമാനം റീഫണ്ട് ചെയ്യും. ഇടിഎം ടിക്കറ്റിന്റെ പകർപ്പ് നിർബന്ധമാണ്. യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കിൽ റീഫണ്ട് അനുവദിക്കില്ല.

നിലവിലെ റിസർവേഷൻ പോളിസിയിലുള്ള ന്യൂനതകൾ പരിഹരിക്കുന്നതിനായി കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ പരിശോധനയുടെ ഫലമായാണ്  യാത്രക്കാർക്ക് ഗുണകരമായ രീതിയിൽടിക്കറ്റ് റിസർവേഷൻ പോളിസി വിപുലീകരിച്ചത്. ഓൺലൈൻ പാസഞ്ചർ റിസർവേഷൻ സംവിധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ / പരാതിൾക്ക് rsnksrtc@kerala .gov .in എന്ന ഇ-മെയിലിൽ ബന്ധപ്പെണ്ടതാണ്. 

കര്‍ശന നിർദേശം നൽകി മന്ത്രി; സ്കൂൾ തുറക്കുന്നതിന് മുമ്പ് സമ്പൂര്‍ണ ശുചീകരണം നടത്തണം, 25ന് ശുചീകരണ ദിനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios