വിവിധ സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 32 നിയമസഭാ മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക്
പശ്ചിമബംഗാളിൽ ആറ്, ബിഹാറിൽ നാല്, രാജസ്ഥാൻ ഏഴ്, അസമിൽ അഞ്ച്, കർണാടകയിൽ മൂന്ന്, സിക്കിമിലും മധ്യപ്രദേശിലും രണ്ട് വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും
ദില്ലി: കേരളത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 32 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ്. പശ്ചിമബംഗാളിൽ ആറ്, ബിഹാറിൽ നാല്, രാജസ്ഥാൻ ഏഴ്, അസമിൽ അഞ്ച്, കർണാടകയിൽ മൂന്ന്, സിക്കിമിലും മധ്യപ്രദേശിലും രണ്ട് വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഡ് , ഗുജറാത്ത്, മേഘാലയ സംസ്ഥാനങ്ങളിൽ ഓരോ മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യതയുള്ള മണ്ഡലങ്ങളിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പാലക്കാടിനൊപ്പം പഞ്ചാബിലെ നാലും ഉത്തർ പ്രദേശിൽ ഒൻപതും നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ 20 ലേക്ക് മാറ്റിയിരുന്നു.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലടക്കം പ്രചാരണം ആവേശത്തോടെ മുന്നോട്ട് പോവുകയാണ്. പ്രതിപക്ഷത്തിനെതിരെ കടുത്ത ആക്രമണമാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. മഹാവികാസ് അഘാഡി നേതാക്കൾ തമ്മിൽ വഴക്കിട്ട് സമയം കളയുന്നുവെന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്. മഹാരാഷ്ട്രയിൽ വനിതാ ക്ഷേമ പദ്ധതിയായ ലാഡ്കി ബഹിൻ യോജന വലിയ വിജയമായി. പെട്രോളിലെ എഥനോളിന്‍റെ വ്യാപക ഉപയോഗം ഫലപ്രദമായത് കരിമ്പ് കർഷകർക്കാണ്. ഇത്തരത്തിൽ 10 വർഷത്തിനിടെ 80,000 കോടി രൂപ കരിമ്പ് കർഷകർക്ക് ലഭിച്ചുവെന്നും മോദി പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടന വായിച്ചിട്ടുണ്ടാവില്ലെന്ന് രാഹുൽ ഗാന്ധിയും പ്രതികരിച്ചു. പ്രധാനമന്ത്രി വായിച്ചിട്ടില്ല എന്ന് തനിക്ക് ഗ്യാരണ്ടി പറയാനാകും. ബിജെപിയും ആർഎസ്എസും ഭരണഘടന ഇല്ലായ്മ ചെയ്യാനാണ് 24 മണിക്കൂറും ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു.